ഓഗസ്റ്റില്‍ നിഫ്റ്റി സൂചിക കുതിച്ചുയരുന്നതിന് നിക്ഷേപകര്‍ സാക്ഷിയാണ്. എന്നാല്‍ ഇക്കാലത്ത് മിഡ്ക്യാപിലും സ്‌മോള്‍ക്യാപിലും കാര്യമായ ചാഞ്ചാട്ടങ്ങള്‍ സംഭവിച്ചു. എന്തായാലും സെപ്തംബറില്‍ രംഗം ഒരല്‍പ്പം ശാന്തമാകുമെന്ന് പ്രതീക്ഷയുണ്ട്. ഇതിനിടെ ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചല്‍ ബ്രോക്കിങ് ഈ മാസം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധ്യതയുള്ള ഓഹരികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഓട്ടോ, ബാങ്കിങ്, ഐടി തുടങ്ങിയ വിവിധ വ്യവസായങ്ങളില്‍ നിന്നുള്ള ഓഹരികള്‍ ഈ പട്ടികയില്‍ ഇടംപിടിച്ചത് കാണാം.
ബാങ്കിങ് മേഖലയില്‍ ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ശ്രീറാം സിറ്റി യൂണിയന്‍, എയു സ്‌മോള്‍ ഫൈനാന്‍സ് സ്‌റ്റോക്കുകളിലാണ് ബ്രോക്കറേജ് സ്ഥാപനം പച്ചക്കൊടി കാട്ടുന്നത്. ഫെഡറല്‍ ബാങ്കില്‍ 110 രൂപ ടാര്‍ഗറ്റ് വില നിശ്ചയിക്കാന്‍ ഇവര്‍ നിര്‍ദേശിക്കുന്നു. നിലവില്‍ 82.40 രൂപയാണ് ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തെ ചിത്രത്തില്‍ 4.63 ശതമാനം തകര്‍ച്ചയും അഞ്ച് ദിവസത്തെ ചിത്രത്തില്‍ 1.32 ശതമാനം തകര്‍ച്ചയും ഫെഡറല്‍ ബാങ്ക് ഓഹരികള്‍ നേരിട്ടത് കാണാം.
രണ്ടാം കോവിഡ് തരംഗത്തിനിടെയും ഫെഡറല്‍ ബാങ്കിന്റെ മൊത്തത്തിലുള്ള ആസ്തി നിലവാരം ആദ്യ പാദത്തില്‍ മെച്ചപ്പെട്ടു. സമ്പദ്ഘടന ഉണരുന്ന സാഹചര്യത്തില്‍ രണ്ടാം പാദത്തിലും ബാങ്കിന്റെ ആസ്തി നിലവാരം ഉയരുമെന്നാണ് ഏഞ്ചല്‍ ബ്രോക്കിങ്ങിന്റെ പ്രവചനം.
എച്ച്ഡിഎഫ്‌സി ബാങ്കില്‍ 1,859 രൂപയും ശ്രീറാം സിറ്റി യൂണിയനില്‍ 2,600 രൂപയുമാണ് ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില. വ്യാഴാഴ്ച്ച (സെപ്തംബര്‍ 9) 1,567 രൂപയിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാരം പൂര്‍ത്തിയാക്കിയത്. ശ്രീറാം സിറ്റി യൂണിയന്‍ ഓഹരികളുടെ ഇപ്പോഴത്തെ വില 2,374 രൂപയാണ്. 1,170 രൂപ ഓഹരി വിലയുള്ള എയു സ്‌മോള്‍ ഫൈനാന്‍സ് സ്റ്റോക്കിലാകട്ടെ 1,520 രൂപയുടെ ടാര്‍ഗറ്റ് വിലയും ഏഞ്ചല്‍ ബ്രോക്കിങ് മുന്നോട്ടുവെയ്ക്കുന്നു.
ഓട്ടോ മേഖലയില്‍ നിന്നും അശോക് ലെയ്‌ലാന്‍ഡ്, സോന ബിഎല്‍ഡബ്ല്യു, ജിഎന്‍എ ആക്സ്ലസ്, സുപ്രജിത്ത് എഞ്ചിനീയറിങ് ഓഹരികളിലാണ് ബ്രോക്കറേജ് സ്ഥാപനം പോസിറ്റീവ് ട്രെന്‍ഡ് വിലയിരുത്തുന്നത്. അശോക് ലെയ്‌ലാന്‍ഡ് സ്റ്റോക്കില്‍ 158 രൂപയാണ് ഇവര്‍ നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില. വ്യാഴാഴ്ച്ച 125.25 രൂപയിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചതും. ബാറ്ററി കരുത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത വാഹനങ്ങള്‍ക്ക് (ബിഇവി) കൂടുതല്‍ ശ്രദ്ധ ലഭിക്കുന്ന ഇപ്പോഴത്തെ സാഹചര്യം സോന ബിഎല്‍ഡബ്ല്യു കമ്പനിയുടെ മുന്നേറ്റത്തിന് വഴിതെളിക്കുമെന്ന് ഏഞ്ചല്‍ ബ്രോക്കിങ് പറയുന്നു. ഇവി/ബിഇവി വിപണിയില്‍ കമ്പനിയുടെ മാര്‍ക്കറ്റ് വിഹിതം കൂടാം.
609 രൂപയാണ് സോന ബിഎല്‍ഡബ്ല്യു ഓഹരികളില്‍ ബ്രോക്കറേജ് സ്ഥാപനം അറിയിക്കുന്ന ടാര്‍ഗറ്റ് വില. ഇപ്പോഴത്തെ വിലയാകട്ടെ 550 രൂപയും. 792 രൂപ ഓഹരി വിലയുള്ള ജിഎന്‍എ ആക്സ്ലസ് 815 രൂപ വരെയും 309.50 രൂപ ഓഹരി വിലയുള്ള സുപ്രജിത്ത് എഞ്ചിനീയറിങ് 390 രൂപ വരെയും ഉയരുമെന്ന് ഏഞ്ചല്‍ ബ്രോക്കിങ് പ്രവചിക്കുന്നുണ്ട്.
ഐടി മേഖലയില്‍ നിന്ന് എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്കാണ് പട്ടികയില്‍ കയറിക്കൂടുന്നത്. ഈ സ്റ്റോക്കില്‍ 5,950 രൂപ ടാര്‍ഗറ്റ് വില നിശ്ചയിക്കാന്‍ ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിക്കുന്നു. 5,440 രൂപയാണ് ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ ഇന്‍ഫോടെക്ക് ലിമിറ്റഡിന്റെ ഇപ്പോഴത്തെ ഓഹരി വില. അടുത്ത രണ്ടു വര്‍ഷം കൊണ്ട് കമ്പനിയുടെ വരുമാനം, ഇബിഐടിഡിഎ, നികുതിക്ക് ശേഷമുള്ള ലാഭം എന്നിവ യഥാക്രമം 18.6 ശതമാനം, 22.9 ശതമാനം, 22.4 ശതമാനം എന്നിങ്ങനെ വളര്‍ച്ചാനിരക്ക് കുറിക്കുമെന്ന് ഏഞ്ചല്‍ ബ്രോക്കിങ് കണക്കുകൂട്ടുന്നു.
കാര്‍ബോറണ്ടം യൂണിവേഴ്‌സല്‍ (ടാര്‍ഗറ്റ് വില 932 രൂപ), ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ (ടാര്‍ഗറ്റ് വില 540 രൂപ), സ്റ്റോവ് ക്രാഫ്റ്റ് (ടാര്‍ഗറ്റ് വില 1,175 രൂപ), ഡാല്‍മിയ ഭാരത് (ടാര്‍ഗറ്റ് വില 2,650 രൂപ), സഫാരി ഇന്‍ഡസ്ട്രീസ് (ടാര്‍ഗറ്റ് വില 979 രൂപ), ബജാജ് ഇലക്ട്രിക്കല്‍ (ടാര്‍ഗറ്റ് വില 1,450 രൂപ) എന്നീ സ്റ്റോക്കുകളും സെപ്തംബറില്‍ ഏഞ്ചല്‍ ബ്രോക്കിങ് റെക്കമന്‍ഡ് ചെയ്യുന്നുണ്ട്. ബ്രാന്‍ഡ് മൂല്യം, വിപുലമായ വിതരണ ശൃഖല, അടിയുറച്ച ഉത്പന്ന പോര്‍ട്ട്‌ഫോളിയോ എന്നിവ അടിസ്ഥാനപ്പെടുത്തി ബജാജ് ഇലക്ട്രിക്കല്‍സില്‍ ആരോഗ്യകരമായ ലാഭം കണ്ടെത്താന്‍ കഴിയുമെന്നാണ് ഏഞ്ചല്‍ ബ്രോക്കിങ്ങിന്റെ പക്ഷം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഏഞ്ചൽ ബ്രോക്കിങ്ങിന്റെ ബ്രോക്കറേജ് റിപ്പോര്‍ട്ടാണ് ലേഖനത്തിന് ആധാരം. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications