ഫെഡറല്‍ ബാങ്ക് 168 രൂപയിലേക്ക്; 2023 -ല്‍ 'രാജയോഗം' ഈ 6 ഓഹരികള്‍ക്കെന്ന് ഐസിഐസിഐ ഡയറക്ട്
2023 -ല്‍ ഏതൊക്കെ സ്‌റ്റോക്കുകള്‍ മുന്നേറും? ടെക്‌നിക്കല്‍ ചാര്‍ട്ടിലെ ട്രെന്‍ഡ് അടിസ്ഥാനപ്പെടുത്തി ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ ഡയറക്ട്.
പുതുവര്‍ഷം 6 സ്റ്റോക്കുകളില്‍ ഇവര്‍ പച്ചക്കൊടി വീശുന്നുണ്ട്. നിലവിലെ ട്രെന്‍ഡ് വിലയിരുത്തി 20 ശതമാനം വരെ വളര്‍ച്ചാ സാധ്യത പ്രസ്തുത സ്റ്റോക്കുകളില്‍ ബ്രോക്കറേജ് പങ്കുവെയ്ക്കുന്നു.

പട്ടികയില്‍ ആരൊക്കെയുണ്ട്? ബോഷ്, ഫെഡറല്‍ ബാങ്ക്, ബജാജ് ഇലക്ട്രിക്കല്‍സ്, കെഇസി ഇന്റര്‍നാഷണല്‍, മിശ്ര ധാതു നിഗം, ടെക്‌നോ ഇലക്ട്രിക് ആന്‍ഡ് എഞ്ചിനീയറിങ് കമ്പനികളിലാണ് ഐസിഐസിഐ ഡയറക്ടിന്റെ പ്രതീക്ഷ.
ഈ സ്റ്റോക്കുകളില്‍ ബ്രോക്കറേജ് പങ്കുവെയ്ക്കുന്ന നിര്‍ദേശങ്ങളും ടാര്‍ഗറ്റ് വിലയും ചുവടെ അറിയാം.
ബോഷ്
ടാര്‍ഗറ്റ് വില 22,000 രൂപ. വാഹനാനുബന്ധ മേഖല മുന്നേറുകയാണ്. ദീര്‍ഘകാലമായി നിറംകെട്ടുകിടക്കുന്ന ബോഷ് ഓഹരികളുടെ ചിത്രം പാടെ മാറും. ടെക്‌നിക്കല്‍ ചാര്‍ട്ടില്‍ ദീര്‍ഘകാല സപ്ലൈ ലൈനിന് മുകളില്‍ പുത്തന്‍ ബ്രേക്കൗട്ട് സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്.
നടപ്പുവര്‍ഷം മുഴുവന്‍ കണ്‍സോളിഡേഷന്‍ ഘട്ടത്തിലൂടെ ഓഹരി വില കടന്നുപോയി. വരുന്ന ത്രൈമാസപാദങ്ങളില്‍ 22,000 രൂപയിലേക്ക് ബോഷിന്റെ ഓഹരി വില കയറുമെന്നാണ് ഐസിഐസിഐ ഡയറക്ട് പ്രവചിക്കുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 18,224 രൂപ വരെയുള്ള ഉയര്‍ച്ചയും 12,932 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 39.91. ഡിവിഡന്റ് യീല്‍ഡ് 0.63 ശതമാനം.
ബജാജ് ഇലക്ട്രിക്കല്‍സ്
ടാര്‍ഗറ്റ് വില 1,440 രൂപ. കഴിഞ്ഞവര്‍ഷത്തെ ശക്തമായ റാലിക്ക് ശേഷം ഇടവേളയെടുത്തു നില്‍ക്കുകയാണ് ഈ സ്റ്റോക്ക്. നിലവില്‍ നിര്‍ണായക പിന്തുണ മേഖലയായ 1,000-1,1000 രൂപ നിലവാരത്തിന് അരികിലാണ് ഓഹരി വില തുടരുന്നത്. വരുംപാദങ്ങളില്‍ 1,440 രൂപ നിലവാരത്തിലേക്ക് ബജാജ് ഇലക്ട്രിക്കല്‍സിന്റെ ഓരി വില ചലിക്കാമെന്ന് ഐസിഐസിഐ ഡയറക്ട് വിലയിരുത്തുന്നു.
കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,380 രൂപ വരെയുള്ള ഉയര്‍ച്ചയും 858 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 68.81. ഡിവിഡന്റ് യീല്‍ഡ് 0.26 ശതമാനം.
കെഇസി ഇന്റര്‍നാഷണല്‍
ടാര്‍ഗറ്റ് വില 598 രൂപ. പവര്‍ ഇന്‍ഫ്രാ രംഗത്തുനിന്നും ഐസിഐസിഐ ഡയറക്ട് പ്രതീക്ഷയര്‍പ്പിക്കുന്ന സ്റ്റോക്കാണ് കെഇസി ഇന്റര്‍നാഷണല്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി കുടുങ്ങിക്കിടക്കുന്ന തിക്രോണ കണ്‍സോളിഡേഷന്‍ പാറ്റേണില്‍ നിന്നും ഓഹരി വില പതിയെ പുറത്തുകടക്കുന്നു. സ്റ്റോക്കിലെ അപ്‌ട്രെന്‍ഡിനുള്ള സൂചനയാണിത്.
350-370 രൂപ നിലവാരത്തില്‍ ശക്തമായ പിന്തുണ ഓഹരികള്‍ക്കുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 549.50 രൂപ വരെയുള്ള ഉയര്‍ച്ചയും 345.50 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 42.91. ഡിവിഡന്റ് യീല്‍ഡ് 0.82 ശതമാനം.
മിശ്ര ധാതു നിഗം
ടാര്‍ഗറ്റ് വില 295 രൂപ. ശക്തമായ വോളിയം പിന്‍ബലത്തില്‍ ത്രികോണ കണ്‍സോളിഡേഷന്‍ പാറ്റണില്‍ നിന്നും പുറത്തുകടക്കുന്ന മറ്റൊരു സ്റ്റോക്കാണ് മിശ്ര ധാതു നിഗം. തിരുത്തല്‍ഘട്ടം പൂര്‍ത്തിയാക്കിയ ഈ ഓഹരി കഴിഞ്ഞ ആറാഴ്ച്ച കൊണ്ട് സുപ്രധാന ബ്രേക്കൗട്ട് മേഖലയിലേക്ക് കാലെടുത്തുവെച്ചിട്ടുണ്ട്.
കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 268.90 രൂപ വരെയുള്ള ഉയര്‍ച്ചയും 155.55 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 24.28. ഡിവിഡന്റ് യീല്‍ഡ് 1.36 ശതമാനം.

ടെക്‌നോ ഇലക്ട്രിക്
ടാര്‍ഗറ്റ് വില 410 രൂപ. കഴിഞ്ഞ ഒരു പതിറ്റാണ്ടു നീണ്ടുനിന്ന ഏകീകരണത്തിന് ശേഷം ബിഎസ്ഇ ഊര്‍ജ്ജ സൂചിക ബ്രേക്കൗട്ട് നല്‍കുകയാണ്. ഇതിന്റെ അലയൊലി നാലുവര്‍ഷമായി കണ്‍സോളിഡേഷനില്‍ കിടക്കുന്ന ടെക്‌നോ ഇലക്ട്രിക്കിലും കാണാം.
കഴിഞ്ഞ ഏതാനും മാസമായി ടെക്‌നോ ഇലക്ട്രിക്കില്‍ കണ്ണെത്തിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. വാങ്ങലുകള്‍ കൂടിയതോടെ ചാര്‍ട്ടില്‍ 'ഹയര്‍ ഹൈ-ലോ' മുനകള്‍ രൂപംകൊള്ളുന്നു. അപ്‌ട്രെന്‍ഡിനുള്ള സ്ഥിരീകരണമാണിത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 325.55 രൂപ വരെയുള്ള ഉയര്‍ച്ചയും 222 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 14.31. ഡിവിഡന്റ് യീല്‍ഡ് 0.62 ശതമാനം.
ഫെഡറല്‍ ബാങ്ക്
ടാര്‍ഗറ്റ് വില 168 രൂപ. സമീപകാലത്തെ ബുള്‍ റണ്ണില്‍ ഏറ്റവുമധികം പങ്കെടുത്തത് ബാങ്ക് ഓഹരികളാണ്. നിഫ്റ്റി ബാങ്ക് സൂചിക 14 മാസത്തെ നിലവാരത്തില്‍ നിന്നും ബ്രേക്കൗട്ട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബാങ്ക് ഓഹരികള്‍ കുതിപ്പ് തുടരുമെന്നാണ് ഐസിഐസിഐ ഡയറക്ട് പ്രവചിക്കുന്നത്. അതുകൊണ്ട് ഫെഡറല്‍ ബാങ്കിലാണ് ബ്രോക്കറേജിന്റെ പ്രതീക്ഷ മുഴുവന്‍.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ചലിച്ചുകൊണ്ടിരിക്കുന്ന 127-136 രൂപ സോണില്‍ നിന്നും ശക്തമായി ഉയരാന്‍ ഫെഡറല്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. സ്റ്റോക്കില്‍ പുത്തന്‍ ബുള്‍ റണ്‍ രൂപപ്പെടുകയാണെന്ന് ഐസിഐസിഐ ഡയറക്ട് വിലയിരുത്തുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 142.20 രൂപ വരെയുള്ള ഉയര്‍ച്ചയും 78.60 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 11.46. ഡിവിഡന്റ് യീല്‍ഡ് 1.34 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


