പുതിയൊരു ബിസിനസ് ആരംഭിക്കുന്നതിനുള്ള പഠനം, ആസൂത്രണം എന്നിവ തന്നെയാണ് ബിസിനസിന്റെ വിജയത്തെ നിശ്ചയിക്കുന്നത്. ശരിയായ ബിസിനസ് അവസരങ്ങൾ കണ്ടെത്തിയാൽ തീരുന്നില്ല, ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, വിപണനം തുടങ്ങി ആവശ്യമായി വരുന്ന മൂലധന ചെലവുകളും അടക്കം സംരംഭകന്റെ ശ്രദ്ധ പതിയേണ്ട കാര്യങ്ങൾ നിരവധിയാണ്. എന്നാൽ ഈ ഭാരങ്ങളില്ലാതെ സംരംഭകനാവാൻ സാധിക്കുമോ? ഫ്രാഞ്ചൈസി ബിസിനസ് തന്നെയാണ് ഏറ്റവും അനുയോജ്യമായ മാർഗം. ഫ്രാഞ്ചൈസി ബിസിനസിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മികച്ച 4 ഫ്രാഞ്ചൈസികളും പരിചയപ്പെടാം.
ഫ്രാഞ്ചൈസി ബിസിനസ്
കമ്പനികൾ തങ്ങളുടെ ഉത്പ്പന്നങ്ങളും സേവനങ്ങളും വിതരണം ചെയ്യാൻ മറ്റൊരുള്ളവരെ അനുവദിക്കുന്ന ബിസിനസ് മോഡലാണ് ഫ്രാഞ്ചൈസി. ബിസിനസ് സ്വന്തമായുള്ള കമ്പനിയെ ഫ്രാഞ്ചൈസർ എന്നാണ് അറിയപ്പെടുന്നത്. ഫ്രാഞ്ചൈസറെയും ഫ്രാഞ്ചൈസിയെയും ബന്ധിപ്പിക്കുന്ന കരാറിനെയാണ് ഫ്രാഞ്ചൈസി എന്ന് പറയുന്നത്. ഫ്രാഞ്ചൈസികള്‍ക്ക് ആവശ്യമായ പരിശീലനവും സംഘടനാപരമായ പിന്തുണയും ഫ്രാഞ്ചൈസർ നൽകും. ഇതോടൊപ്പം ഉയര്‍ന്ന മൂല്യമുള്ള ബ്രാന്‍ഡ് നെയിം ലഭിക്കും. പകരമായി ഫ്രാഞ്ചൈസി ഫീസ്, റോയൽറ്റി എന്നിവ ഫ്രാഞ്ചൈസർക്ക് നൽകണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫ്രാഞ്ചൈസി ബിസിനസ് ആരംഭിക്കുന്നതിനുള്ള ആദ്യ പടി അനുയോജ്യമായൊരു ബിസിനസ് തിരഞ്ഞെടുക്കുക എന്നതാണ്. താൽപര്യമുള്ള മേഖലയിൽ സാമ്പത്തികമായി ഒതുങ്ങുന്ന ഫ്രാഞ്ചൈസികളെ തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. ഫാഷൻ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്സ്, ഭക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ നിന്ന് ഫ്രാഞ്ചൈസികൾ ലഭിക്കും.
ഇഷ്ടപ്പെട്ട മേഖലയിൽ നിന്ന് ഫ്രാഞ്ചൈസറെ കണ്ടെത്തുകയാണ് അടുത്തഘട്ടം. തിരഞ്ഞെടുത്ത മേഖലയിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി കണ്ടെത്തുകയും സാമ്പത്തികമായി ഒതുങ്ങുന്ന മികച്ച ഫ്രാഞ്ചൈസർമാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും വേണം.
ഉദാഹരണത്തിന് ചെറിയ ഭക്ഷ്യ കമ്പനിയുടെ ഫ്രാഞ്ചൈസി 5-10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കുമ്പോള്‍ അന്ത്രാരാഷ്ട്ര ബ്രാന്‍ഡിന് 1 കോടിയോളം രൂപ ചെലവാക്കേണ്ടി വരും. ഏത് വിഭാഗത്തിലുള്ള ബിസിനസിലാണ് താല്പര്യം എന്ന് മനസിലാക്കിയാല്‍ ഈ മേഖലയിലുള്ള കമ്പനികളില്‍ നിന്ന് സ്വന്തം ബജറ്റിന് ഒതുങ്ങുന്ന കമ്പനികളെ തിരഞ്ഞെടുക്കണം.
ജി ഫ്രഷ്
ഇന്ത്യയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ഫ്രാഞ്ചൈസിയാണ് ജി- ഫ്രഷ് മാർട്ട്. 2020-ൽ ആരംഭിച്ചു ജി ഫ്രഷിന് ഇന്ന് വിവിധ നഗരങ്ങളിൽ ഫ്രാഞ്ചൈസി ബിസിനസുണ്ട്. 1,200-ലധികം ബ്രാൻഡുകളിൽ നിന്നുള്ള 22,000 ഉൽപ്പന്നങ്ങൾ കമ്പനി വിപണനം ചെയ്യുന്നു. പലചരക്ക് സാധനങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ശീതളപാനീയങ്ങൾ, റെഡി-ടു ഈറ്റ് ഭക്ഷണം എന്നിങ്ങനെയുള്ള ഉത്പ്പന്നങ്ങളാണ് ജി- ഫ്രഷ് മാർട്ടിൽ ലഭിക്കും.
ജി ഫ്രെഷ് ബിസിനസിന് 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നിക്ഷേപം ആവശ്യമാണ്. മൂന്ന് മാസത്തെ വിൽപ്പനയ്ക്ക് ശേഷം നിക്ഷേപത്തിന്റെ 35 മുതൽ 40 ശതമാനം വരെ വരുമാനം നേടാനാകുമെന്നാണ് കമ്പനി കണക്കാക്കുന്നത്.
അമൂൽ
ഇന്ത്യയിൽ വളർന്ന് പന്തലിച്ച, ജനകീയമായൊരു ബ്രാൻഡാണ് അമൂൽ. മറ്റ് ഫ്രാഞ്ചൈസികളിലേത് പോലെ റോയൽറ്റി ആവശ്യപ്പെടുന്നില്ല എന്നതാണ് അമൂലിന്റെ പ്രത്യേകത. അമുൽ ഫ്രാഞ്ചൈസിയിലെ ലാഭ മാർജിൻ ഉൽപ്പന്നങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നുണ്ട്. ഐസ്ക്രീമിന് 20 ശതമാനവും ചോക്ലേറ്റുകൾ അല്ലെങ്കിൽ പിസ പോലുള്ള ബേക്കറി ഇനങ്ങൾക്ക് 50 ശതമാനം വരെയുമാണ് ലാഭ മാർജിൻ.
അമുൽ ഫ്രാഞ്ചൈസി ബിസിനസ്സ് ആരംഭിക്കുന്നതിന് ഏകദേശം 25,000 മുതൽ ഒരു ലക്ഷം രൂപ വരെ ചെലവാകും. ഉപകരണങ്ങളുടെ വില ഏകദേശം 50,000 മുതൽ 1.5 ലക്ഷം രൂപ വരെയാണ്.
അപ്പോളോ ഫാർമസി
അപ്പോളോ ഹോസ്പിറ്റലിന്റെ ബ്രാൻഡായ അപ്പോളോ ഫാർമസി ഇന്ത്യയിലെ മുൻനിര ബ്രാൻഡഡ് ഫാർമസി ശൃംഖലയാണ്. ഫാർമസ്യൂട്ടിക്കൽ രംഗത്തേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് അപ്പോളോ ഫാർമസിയുടെ ഫ്രാഞ്ചൈസി. ടോക്കൺ മണിയായും ഒറ്റത്തവണ രജിസ്ട്രേഷൻ ചെലവായും ഏകദേശം 10 ലക്ഷം രൂപ നിക്ഷേപം വേണം. ഫാർമസിക്ക് കുറഞ്ഞത് 200 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. 24 മണിക്കൂറും സേവനം നൽകുന്നതിലൂടെ ഒരാൾക്ക് പ്രതിമാസം ശരാശരി 65,000 രൂപ വരെ സമ്പാദിക്കാം.
മദർ ഡയറി
മറ്റൊരു ലാഭകരമായ ബിസിനസ് ഡയറി രംഗത്തുള്ള മദർ ഡയറി ഫ്രാഞ്ചൈസികളാണ്. ഏഷ്യയിലെ ഏറ്റവും മികച്ച 5 ബ്രാൻഡുകളിലൊന്നായ മദർ ഡയറി പാൽ അധിഷ്‌ഠിത ഉൽപന്നങ്ങളുടെ ഏറ്റവും വലിയ നിർമ്മാതാക്കളുമാണ്. മദർ ഡയറി ഫ്രാഞ്ചൈസി സ്വന്തമാക്കാൻ ഏകദേശ ചെലവ് 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ്. ഫ്രാഞ്ചൈസി ഫീസ് 50,000 രൂപയാണ്.


Click it and Unblock the Notifications