ജർമൻ സർവകലാശാലകളിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് സൗജന്യമായി പഠിക്കാം; മറ്റ് ചെലവ് എങ്ങനെ? ജോലി സാധ്യത അറിയാം
വിദേശ പഠനം ആഗ്രഹിക്കുന്നവർക്കിടയിൽ താൽപര്യമേറുന്ന സ്ഥലമാണ് ജർമനി. ഇന്ത്യൻ വിദ്യാർഥികളും ധാരളമായി ജർമനിയിലെത്തുന്നുണ്ട്. ആഭ്യന്തര, അന്തർദേശീയ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന ജർമനിയുടെ നയമാണ് പ്രധാന കാരണം. അതായത് ഇന്ത്യൻ വിദ്യാർഥികൾക്ക് ജർമനിയിൽ ട്യൂഷൻ ഫീസ് അടയ്ക്കുന്നതിനെക്കുറിച്ച് ആശങ്കയില്ലാതെ പഠിക്കാം. എന്നാൽ മറ്റ് ചെലവുകൾ വിദ്യാർഥികൾ തന്നെ വഹിക്കേണ്ടി വരും. ഏതൊക്കെ സർവകലാശാലകളിൽ ഈ സൗകര്യം ലഭിക്കുമെന്നും ശേഷമുള്ള ജോലി സാധ്യതകളും അറിയാം.
ജർമനിയിൽ ഉന്നത പഠനം സൗജന്യം
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചില സർവകലാശാലകളുള്ള രാജ്യമാണ് ജർമനി. അതേസമയം സൗജന്യ വിദ്യാഭ്യാസവും ജർമനിയിൽ ഉറപ്പു നൽകുന്നുണ്ട്. രാജ്യത്തെ എല്ലാ പബ്ലിക്ക് സർവകലാശാലകളിലും സൗജന്യമായി പഠിക്കാം. ജർമനിയിൽ ഏകദേശം 300 പബ്ലിക്ക് സർവകലാശാലകളുണ്ട്. ഇവ ഏകദേശം ആയിരത്തോളം കോഴ്സുകളും വാഗ്ദാനം ചെയ്യന്നുണ്ട്.
സർവകലാശാലകൾ
കൊളോൺ സർവകലാശാല, ലുഡ്വിഗ് മാക്സിമിലിയൻസ് സർവകലാശാല മ്യൂണിക്ക്, ഗോഥെ സർവകലാശാല ഫ്രാങ്ക്ഫർട്ട്, ആർഡബ്ലുടിഎച്ച് ആച്ചൻ സർവകലാശാല, മൺസ്റ്റർ സർവകലാശാല, റൂഹർ സർവകലാശാല ബോച്ചും, ഡ്യൂസ്ബർഗ്-എസ്സെൻ സർവകലാശാല, യൂണിവേഴ്സിറ്റി ഹാംബർഗ്, മ്യൂണിക്ക് സാങ്കേതിക സർവകലാശാല, വുർസ്ബർഗ് സർവകലാശാല തുടങ്ങിയ പ്രധാന പബ്ലിക്ക് സർവകലാശകളിൽ സൗജന്യമായി പഠിക്കാം.

ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്തെ പബ്ലിക്ക് സർവകലാശാലകൾക്ക് ഇയു/ ഇഇഎ ഇതര വിദ്യാർത്ഥികളിൽ നിന്ന് ട്യൂഷൻ ഫീസ് ഈടാക്കാം എന്നാണ് നിയമം. സ്റ്റട്ട്ഗാർട്ട്, കാൾസ്റൂഹെ, മാൻഹൈം, ഫ്രീബർഗ്, ഹൈഡൽബർഗ് തുടങ്ങിയ നഗരങ്ങളിലെ സർവകലാശാലകൾക്ക് ഈ നിയമം ബാധകമാകും. ഒരു സെമസ്റ്ററിന് 1,500 യൂറോ എന്ന നിരക്കിലാണ് ട്യൂഷൻ ഫീസ് ഈടാക്കുന്നത്.
കോഴ്സുകൾ
ബാച്ചിലേഴ്സ് ബിരുദം പൂർത്തിയാക്കിയ ഉടൻ തന്നെ ചേരാൻ സാധിക്കുന്ന കോഴ്സുകളാണ് കൺസെക്യൂട്ടീവ് മാസ്റ്റർ പ്രോഗ്രാമുകൾ. മറ്റൊരു രീതിയായ നോൺ കൺസെക്യൂട്ടീവ് പ്രോഗ്രാമുകളിൽ ചേരാൻ വിദ്യാർഥികൾക്ക് പ്രവൃത്തി പരിചയം ആവശ്യമാണ്. പബ്ലിക്ക് സർവകലാശാലകളിൽ പോലും നോൺ കൺസെക്യൂട്ടീവ് പ്രോഗ്രാമുകൾക്ക് ട്യൂഷൻ ഫീസ് ഈടാക്കും.
ഏകദേശം 100 ലധികം സ്വകാര്യ സർവകലാശാലകളിൽ പ്രത്യേക കോഴ്സുകൾ ലഭിക്കും. ഇവയ്ക്ക് യുകെ അല്ലെങ്കിൽ അയർലൻഡ് പോലുള്ള രാജ്യങ്ങളിൽ നിങ്ങൾ അടയ്‌ക്കുന്നതിന് തുല്യമായ ട്യൂഷൻ ഫീസ് ഈടാക്കുന്നുണ്ട്.
യോഗ്യത
ജർമ്മനിയിൽ സൗജന്യ വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന് വിദ്യാർഥിക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ ആഭ്യന്തര ബിരുദവും 80 ശതമാനമോ അല്ലെങ്കിൽ ഉയർന്ന സ്കോറും ഉണ്ടായിരിക്കണം. പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്സും സർവകലാശാലകളും അനുസരിച്ച് യോഗ്യത രീതികൾ വ്യത്യാസപ്പെടും. കൂടാതെ ജർമനിയിൽ പഠിക്കുമ്പോൾ ജീവിത ചെലവ് വഹിക്കാനുള്ള കഴിവായി ഗ്യാരണ്ടീഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റ് (ജിഐസി) അക്കൗണ്ടിൽ മതിയായ തുക കാണിക്കണം.
മറ്റ് ചെലവുകൾ
ട്യൂഷൻ ഫീസ് സൗജന്യമാണെങ്കിലും താമസം, ഭക്ഷണം, ഗതാഗതം തുടങ്ങിയ ജീവിത ചെലവുകൾ വിദ്യാർഥികൾ വഹിക്കേണ്ടി വരും. പഠിക്കാൻ തിരഞ്ഞെടുക്കുന്ന നഗരത്തെയും പ്രദേശത്തെയും ആശ്രയിച്ച് ഈ ചെലവുകൾ വ്യത്യാസപ്പെടാം. ശരാശരി ജർമനിയിലെ ജീവിത ചെലവുകൾക്കായി വിദ്യാർഥികൾക്ക് പ്രതിമാസം ഏകദേശം 800-1000 യൂറോ കരുതണം.
ജർമനിയിൽ തൊഴിൽ സാധ്യത
വിദേശ പൗരന്മാർക്ക് ജർമനിയിലെ തൊഴിൽ സാധ്യതകളിലേക്ക് പ്രവേശിക്കാൻ 3 വഴികളാണ് ഉള്ളത്. ജർമനിയിൽ അംഗീകാരമുള്ള ഒരു പ്രൊഫഷണൽ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ബിരുദവും തൊഴിൽ കരാറും ഉള്ളവർക്ക് ജർമൻ വിസ ലഭിക്കും. തൊഴിൽ മേഖലയിൽ ജോലിചെയ്ത് കുറഞ്ഞത് രണ്ട് വർഷത്തെ പരിചയവും ബിരുദമോ തൊഴിലധിഷ്ഠിത പരിശീലനമോ ഉള്ളവർക്കും വിസ ലഭിക്കും.
ജോലി ഓഫറില്ലാതെ ജർമനിയിൽ തൊഴിൽ തേടി എത്താനും സാധിക്കും. വിദഗ്ധരായ കുടിയേറ്റ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ജർമനി ഈയിടെ ഓപ്പർച്യൂനിറ്റി കാർഡ് അവതരിപ്പിച്ചിരുന്നു. ഒരു പോയിന്റ് സിസ്റ്റം ഉപയോഗിച്ച് ജർമനിയിൽ ജോലി അന്വേഷിക്കുന്ന വിദേശ പൗരന്മാർക്ക് യോഗ്യത കണക്കാക്കി രാജ്യത്ത് തൊഴിൽ തിരയാനുള്ള വിസ ജർമനി നൽകും.


Click it and Unblock the Notifications


