പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് സെപ്തംബര്‍ പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാഴ്ച്ചവെച്ചത്. ഇതോടെ രാജ്യാന്തര ബ്രോക്കറേജുകള്‍ എസ്ബിഐയിലുള്ള ടാര്‍ഗറ്റ് വില വര്‍ധിപ്പിച്ചിരിക്കുകയാണ്. മോര്‍ഗന്‍ സ്റ്റാന്‍ലി, ക്രെഡിറ്റ് സ്വീസ്, ജെപി മോര്‍ഗന്‍, എച്ച്എസ്ബിസി ബ്രോക്കറേജുകള്‍ എസ്ബിഐ സ്‌റ്റോക്കില്‍ 44 ശതമാനം വരെ വളര്‍ച്ചാ സാധ്യത പ്രവചിക്കുന്നുണ്ട്.
നേരത്തെ, സെപ്തംബര്‍ പാദത്തിലെ ഫലം പുറത്തുവന്നതിന് പിന്നാലെ 52 ആഴ്ച്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എസ്ബിഐയുടെ ഓഹരി വില എത്തിയിരുന്നു (542.30 രൂപ). ബുധനാഴ്ച്ച ബാങ്ക് നിഫ്റ്റിയിലെ തകര്‍ച്ച ആധാരമാക്കി എസ്ബിഐയും 1.03 ശതമാനം ഇടിവിലാണ് വ്യാപാരം മതിയാക്കിയത്. 525.55 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 523.70 രൂപയില്‍ അവസാനിച്ചു.

680 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് മോര്‍ഗന്‍ സ്റ്റാന്‍ലി എസ്ബിഐയില്‍ നിര്‍ദേശിക്കുന്നത്. ഗോള്‍ഡ്മാന്‍ സാക്ക്‌സ് 739 രൂപയും സിഎല്‍എസ്എ 750 രൂപയും വീതം ടാര്‍ഗറ്റ് വില അറിയിക്കുന്നു. മറ്റൊരു രാജ്യാന്തര ബ്രോക്കറേജായ മക്വാരി 'ഔട്ട്‌പെര്‍ഫോം' റേറ്റിങ്ങോടെ 580 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് കല്‍പ്പിക്കുന്നത്.
ജാപ്പനീസ് ബ്രോക്കറേജായ നോമൂറ പറയുന്നതാകട്ടെ, എസ്ബിഐ ഓഹരികള്‍ 650 രൂപ വരെ ഉയരുമെന്നും. അടുത്ത ഏതാനും വര്‍ഷത്തേക്ക് കാര്യമായ ലാഭക്ഷമത കുറിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക് കഴിയുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്ക്‌സിന്റെ നിരീക്ഷണം.
സെപ്തംബര്‍ പാദത്തില്‍ എല്ലാ പാരാമീറ്ററുകളിലും മുന്നിട്ടു നില്‍ക്കാന്‍ എസ്ബിഐക്ക് സാധിച്ചെന്ന് സിഎല്‍എസ്എ (ക്രെഡിറ്റ് ലയോനൈസ് സെക്യുരിറ്റീസ് ഏഷ്യ) അറിയിക്കുന്നു. പാദം അടിസ്ഥാനപ്പെടുത്തി എസ്ബിഐയുടെ കോര്‍ മാര്‍ജിന്‍ 15 ബേസിസ് പോയിന്റാണ് സെപ്തംബറില്‍ മെച്ചപ്പെട്ടത്. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റിയാകട്ടെ (ആര്‍ഓഇ), 15 ശതമാനം വര്‍ധിച്ച് കൂടുതല്‍ വളര്‍ച്ചാ സാധ്യതയും പറഞ്ഞുവെയ്ക്കുന്നു. ലഭ്യമായ പണമുപയോഗിച്ച് വരുമാനം ഉണ്ടാക്കാനുള്ള കമ്പനിയുടെ കഴിവിനെയാണ് റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി എന്നു വിളിക്കുന്നത്.

എസ്ബിഐയുടെ ഇപ്പോഴത്തെ ആസ്തി നിലവാരം ക്രെഡിറ്റ് ചെലവുകളുടെ കുറഞ്ഞെന്ന സൂചന നല്‍കുന്നുണ്ട്. ഈ കാരണങ്ങള്‍ നിരത്തി ബ്രോക്കറേജായ സിഎല്‍എസ്എ 2023-24 സാമ്പത്തിക വര്‍ഷങ്ങളിലേക്കുള്ള ഇപിഎസ് (പ്രതിയോഹരി വരുമാനം) എസ്റ്റിമേറ്റ് 3 മുതല്‍ 5 ശതമാനം വരെയായി ഉയര്‍ത്തി. ഇക്കാലയളവില്‍ റിട്ടേണ്‍ ഓണ്‍ അസറ്റ് 1 ശതമാനവും റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 15 ശതമാനവും പ്രതീക്ഷിക്കാം.
സെപ്തംബര്‍ പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭം 7,626 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് ബാങ്ക് കുറിച്ചതാകട്ടെ, 4,574.2 കോടി രൂപയുടെ ലാഭവും. ഇത്തവണ വളര്‍ച്ച 66.7 ശതമാനം. 'എസ്ബിഐയുടെ ആസ്തി നിലവാരം സംബന്ധിച്ച ഫലങ്ങള്‍ ഏറെ ആത്മവിശ്വാസം പകരുന്നുണ്ട്. ഇതേസമയം, ദുര്‍ബലമായ ക്രെഡിറ്റ് വളര്‍ച്ചയില്‍ ഒരല്‍പ്പം ആശങ്കയുണ്ടുതാനും', ഓസ്‌ട്രേലിയന്‍ ബ്രോക്കറേജായ മക്വാരി അറിയിക്കുന്നു. എസ്ബിഐയുടെ പുസ്തകമൂല്യം (പ്രൈസ് ടു ബുക്ക്) കുറഞ്ഞതായാണ് ബ്രോക്കറേജിന്റെ വിലയിരുത്തല്‍. കമ്പനിയുടെ ഭൗതിക ആസ്തികളില്‍ നിന്നും ബാധ്യത കുറച്ചുള്ള മൂല്യമാണ് പുസ്തകമൂല്യം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അറ്റ ആസ്തി.
എന്തായാലും വരുംഭാവിയില്‍ വളര്‍ച്ചയ്ക്ക് വേഗം കൈവരുന്നതോടെ എസ്ബിഐയുടെ പിപിഓപിയും (പ്രീ-പ്രോവിഷന്‍ ഓപ്പറേറ്റിങ് പ്രോഫിറ്റ്) ഉയരുമെന്ന് പറയുകയാണ് അമേരിക്കന്‍ ബ്രോക്കറേജായ മോര്‍ഗന്‍ സ്റ്റാന്‍ലി. ഭാവിയിലെ കിട്ടാക്കടങ്ങള്‍ക്കായി നീക്കിവെയ്ക്കുന്ന ഫണ്ടുകള്‍ കണക്കിലെടുക്കുന്നതിന് മുന്‍പ്, ഒരു നിശ്ചിത കാലയളവില്‍ ബാങ്കുകള്‍ നേടുന്ന വരുമാനമാണ് പിപിഓപി.
അറ്റ പലിശ മാര്‍ജിനിലെ വന്‍ ഉയര്‍ച്ചയും കുറഞ്ഞ 'സ്ലിപ്പേജും' എസ്ബിഐയിലെ പോസിറ്റീവ് ഘടകങ്ങളാണ്. ഒരു ട്രേഡില്‍ പ്രതീക്ഷിക്കുന്ന വിലയും എക്‌സിക്യൂട്ട് ചെയ്യുന്ന വിലയും തമ്മിലെ അന്തരമാണ് സ്ലിപ്പേജ്. ഇനിയങ്ങോട്ട് പിപിഓപി വളര്‍ച്ച വായ്പാ വളര്‍ച്ചയുമായി ബന്ധം പുലര്‍ത്തുമെന്നും എസ്ബിഐയെ കുറിച്ച് മോര്‍ഗന്‍ സ്റ്റാന്‍ലി നിരീക്ഷണം നടത്തുന്നുണ്ട്. 2023 സാമ്പത്തിക വര്‍ഷം എസ്ബിഐയുടെ റിട്ടേണ്‍ ഓണ്‍ അസറ്റ് 0.9 ശതമാനവും റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 16 ശതമാനവുമായിരിക്കുമെന്ന് മറ്റൊരു ബ്രോക്കറേജായ നോമൂറയും പറയുന്നു.


Click it and Unblock the Notifications