സ്വന്തം സംരംഭവുമായി വന്ന് വിജയിച്ചവര്‍ക്ക് അല്‍പം നഷ്ടത്തിന്റെയും സങ്കടത്തിന്റെയും കഥകള്‍ പറയാനുണ്ടാകും. ആദ്യ കാലത്ത് പ്രയാസങ്ങളിലൂടെ മുന്നോട്ട് പോയി പിന്നീട് മികച്ച ആശയത്തിലൂടെ വിജയിച്ച ആളാണ് ഹരി മേനോന്‍. ഇന്ന് ബിഗ്ബാസ്ക്കറ്റിന്റെ സിഇഒയായ ഹരി മേനോന്റെ ബിസിനസ് വിജയത്തിന് പിന്നിൽ ആദ്യ ശ്രമങ്ങളിലെ പാളിച്ചകളുണ്ട്. ഹരി മേനോന്റെ വിജയകഥ നോക്കാം.
ആരാണ് ഹരി മേനോൻ
1963 ല്‍ മുംബൈ ബാന്ദ്ര വെസ്റ്റിലെ ഇടത്തരം കുടുംബത്തിലാണ് ഹരി മേനോന്‍ ജനിക്കുന്നത്. പിലാനിയിലെ പ്രശസ്തമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലാണ് ഹരി ബിരുദം പഠനം പൂർത്തിയാക്കിയത്. കാർണഗീ മെലോൺ സർവകലാശാലയിൽ നിന്ന് എംബിഎയും നേടി. വിജയമായ ബിഗ് ബാസ്‌ക്കറ്റിന് മുന്‍പ് തുംറി, സെറസ്പ് കോര്‍പ്പറേഷന്‍, ടൈംലി എന്നിവയുടെ സഹസ്ഥാപകമായിരുന്നു അദ്ദേഹം. ഭാര്യ ശാന്തി മേനോന്‍ മെട്രോ മാന്‍ ഇ ശ്രീധരന്റെ മകളാണ്.
തുടക്കം ഫാബ്മാർട്ടിൽ
ബിഗ്ബാസ്‌കറ്റ് ആരംഭിക്കുന്നതിന് മുൻപ് 1999 ൽ ഹരി മേനോനും സുഹൃത്തുക്കളും ചേർന്ന് ഫാബ്മാർട്ട് ആരംഭിച്ചിരുന്നു. വിപുല്‍ പരേഖ്, അഭിനയ് ചൗധരി, വിഎസ് രമേഷ്, വിഎസ് സുധാകര്‍ എന്നിവടങ്ങുന്ന ടീം തന്നെയാണ് ബിഗ്ബാസ്ക്കറ്റിനും പിന്നിൽ. ഇന്ത്യൻ ഇ-കൊമേഴ്സ് രംഗത്തെ തുടക്കകാരായിരുന്നു ഫാബ്മാർട്ട്. ആമസോണും ഫ്‌ലിപ്കാര്‍ട്ടും ഇന്ന് ചെയ്യുന്ന അതേ പ്രവര്‍ത്തനങ്ങളായിരുന്നു ഫാബ്മാർട്ടിന്റെയും രീതി. നിർഭാഗ്യവശാൽ ആദ്യ വര്‍ഷത്തില്‍, ഇടപാടുകളൊന്നും ഫാബ്മാർട്ടിന് സ്വന്തമാക്കാനായില്ല.

അടുത്തത് ഫാബ്മാൾ
ഫാബ്മാര്‍ട്ടിന്റെ തിരിച്ചടിയിൽ ഹരി മേനോനും ടീമും അടങ്ങിയിരുന്നില്ല. ഗ്രോസറി സ്റ്റോറിന്റെ റീട്ടെയില്‍ ശൃംഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഫാബ്മാള്‍ ആരംഭിച്ചു. ഇന്ത്യയിലെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനിയും റീട്ടെയിൽ സ്റ്റോറും കൂടിയായതോടെ ആശയം നന്നായി ക്ലിക്ക് ചെയ്തു. ഫാബ്മാള്‍ ഇന്ത്യയിലെ ആദ്യത്തെ സംയോജിത ഓണ്‍ലൈന്‍-ടു-ഓഫ്ലൈന്‍ റീട്ടെയില്‍ കമ്പനിയാണ്. പിന്നീട് ഫാബ്മാളിനെ പലചരക്ക് റീട്ടെയില്‍ ശൃംഖലയായ 'ത്രിനേത്ര'യുമായി ലയിപ്പിച്ചു.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ ഉടനീളം 300 സ്റ്റോറുകളായി കമ്പനി ശൃംഖല വിപുലീകരിച്ചിരുന്നു. സംരംഭത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ ഹരി മേനോൻ ബിസിനസ് ആദിത്യ ബിര്‍ള ഗ്രൂപ്പിന് വിൽക്കുകയായിരുന്നു.
ബിഗ്ബാസ്‌ക്കറ്റ്
ഫാബ്മാര്‍ട്ടിന്റെ വിജയത്തിന് ശേഷം ഇതേ ആശയവുമായി ഹരി മേനോനും സുഹൃത്തുക്കളും ചേര്‍ന്ന് 2011 ഒക്ടോബറില്‍ ബിഗ്ബാസ്‌കറ്റ് സ്ഥാപിച്ചു. ഇന്നൊവേറ്റീവ് റീട്ടെയില്‍ കണ്‍സെപ്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ബിഗ്ബാസ്‌ക്കറ്റ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണ, പലചരക്ക് പ്ലാറ്റ്ഫോമാണ് ബിഗ്ബാസ്‌കറ്റ്. കമ്പനി പുതിയ റീട്ടെയിൽ സ്റ്റോറുകൾ തുറക്കാനും പദ്ധതിയിടുന്നുണ്ട്.
ബിഗ്ബാസ്‌ക്കറ്റ് പ്രവർത്തനം
ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോറായ ബിഗ്ബാസ്ക്കറ്റിൽ 1000-ലധികം ബ്രാന്‍ഡുകളിൽ നിന്നുള്ള 20,000-ത്തിലധികം ഉല്‍പ്പന്നങ്ങൾ ലഭിക്കും. പഴങ്ങളും പച്ചക്കറികളും, സുഗന്ധവ്യഞ്ജനങ്ങളും മസാലകളും മുതല്‍ പാക്കേജുചെയ്ത ഉല്‍പ്പന്നങ്ങള്‍, അരി, പരിപ്പ്, വ്യക്തിഗത പരിചരണ ഉത്പ്പന്നങ്ങള്‍, പാനീയങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ ഭക്ഷണ, പലചരക്ക് ഉല്‍പ്പന്നങ്ങളാണ് ബിഗ്ബാസ്ക്കറ്റിലുള്ളത്. ഡെലിവറിക്കായി ഒരു ടൈം സ്ലോട്ട് തിരഞ്ഞെടുത്താൽ ഈ സമയം സാധാനങ്ങൾ വീട്ടിലെത്തുന്ന തരത്തിലാണ് ബിഗ്ബാസ്ക്കറ്റിന്റെ ക്രമീകരണം.
നിലവില്‍ ബംഗളൂരു, പൂനെ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, നോയിഡ, വിജയവാഡ-ഗുണ്ടൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ്-ഗാന്ധിനഗര്‍, വഡോദര, വിശാഖപട്ടണം, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള 400 നഗരങ്ങളിൽ ബിഗ്ബാസ്‌ക്കറ്റ് ലഭ്യമാണ്.
പ്രതിമാസം 15 ദശലക്ഷം ഓർഡറുകളാണ് ലഭിക്കുന്നത്. കമ്പനിയുടെ നിലവിലെ വരുമാനം ഏകദേശം 13,000 കോടി രൂപയാണ്. ബിഗ്ബാസ്‌ക്കറ്റ് ഡെലിവറി സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈപ്പര്‍ലോക്കല്‍ ഡെലിവറി സ്റ്റാര്‍ട്ടപ്പായ 'ഡെലിവര്‍' നെ ഏറ്റെടുത്തിരുന്നു.
ടാറ്റയുടെ കയ്യിൽ
ഇ-കോമേഴ്സ് രംഗത്ത് ടാറ്റയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് 2021 മേയിൽ ഓൺലൈൻ ബിഗ്ബാസ്‌കറ്റിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ ഡിജിറ്റൽ 1,591 കോടി രൂപയുടെ നിക്ഷേപമാണ് ബിഗ്ബാസ്ക്കറ്റിൽ നടത്തിയത്. കമ്പനിയുടെ 64 ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ കയ്യിലാണ്. ഇ-കോമേഴ്സ് രംഗത്ത് ചുവടുറപ്പിക്കുന്ന ടാറ്റ ഓൺലൈൻ ഫാർമ പ്ലാറ്റ്ഫോമായ 1എംജിയെയും ഏറ്റെടുത്തിരുന്നു
2023 ഓടെ ഇന്ത്യയിലുടനീളം 200 ഫിസിക്കൽ ഔട്ട്‌ലെറ്റുകളും 2026 ഓടെ 800 സ്റ്റോറുകളും തുറക്കാനുള്ള ശ്രമത്തിലാണ് ബിസ്ബാസ്ക്കറ്റ്. ഇ-ഗ്രോസറി വിഭാഗത്തിൽ 37 ശതമാനം വിപണി വിഹിതവുമായി യഥാർത്ഥ ലീഡറാണ് ബിഗ്ബാസ്‌ക്കറ്റ്. 13 ശതമാനം വിപണി വിഹിതമുള്ള ഗ്രോഫേഴ്‌സ്, റിലയൻസ് ജിയോയുടെ ജിയോമാർട്ട്, സ്വിഗ്ഗി ഇൻസ്റ്റമാർട്ട്, ബ്ലിങ്കിറ്റ് എന്നിവയാണ് ബിഗ്ബാസ്ക്കറ്റിനോട് മത്സരിക്കുന്നത്.


Click it and Unblock the Notifications