ഓഹരി വിപണിയില്‍ മികച്ച 'ഇന്നിങ്‌സിന്' തുടക്കമിട്ടിരിക്കുകയാണ് ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസ്. ബുധനാഴ്ച്ച ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്ത കമ്പനി, ഐപിഒ വിലയെക്കാളും 44 ശതമാനം പ്രീമിയം കയ്യടക്കി.
ഐപിഒ വില 153 രൂപയെന്നിരിക്കെ 220 രൂപ നിലവാരത്തിലാണ് ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 214 രൂപ നിലവാരത്തിലും കമ്പനി വ്യാപാരം ആരംഭിച്ചു (ഇഷ്യു വിലയെക്കാളും 40 ശതമാനം പ്രീമിയം). അരങ്ങേറ്റം കുറിച്ച് മിനിറ്റുകള്‍ക്കകം 231 രൂപയിലേക്ക് വെച്ചുപ്പിടിക്കുന്ന ഹരിയോം ഓഹരികളെയാണ് വിപണി ഇന്നു കണ്ടത്.
നേരത്തെ, പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 130 കോടി രൂപ സമാഹരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു. ഐപിഒയുടെ അവസാനദിനം ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസ് 7.93 മടങ്ങാണ് സബസ്‌ക്രൈബ് ചെയ്യപ്പെട്ടത്. ചെറുകിട നിക്ഷേപകരുടെ ശക്തമായ പിന്തുണ ഐപിഓയില്‍ കമ്പനിക്ക് ലഭിച്ചു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെയായിരുന്നു ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസിന്റെ പ്രാഥമിക ഓഹരി വില്‍പ്പന. 144-153 രൂപ പ്രൈസ് ബാന്‍ഡിലാണ് ഓഹരികള്‍ ഐപിഒയ്ക്ക് എത്തിയത്.
ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസിന്റെ മികച്ച ലിസ്റ്റിങ്ങിനെ കുറിച്ച് സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിന്റെ റിസര്‍ച്ച് മേധാവി സന്തോഷ് മീണ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.
'മാര്‍ക്കറ്റിലെ പോസിറ്റീവ് വികാരവും സ്റ്റീല്‍ പൈപ്പ് വ്യവസായത്തിലെ മുന്നോട്ടുള്ള സാധ്യതകളും ആധാരമാക്കിയാണ് ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസ് മികച്ച തുടക്കം രേഖപ്പെടുത്തുന്നത്. സംയോജിതമായ പ്രവര്‍ത്തന രീതി, ചെലവുകുറഞ്ഞ ഉത്പാദന സംവിധാനം, പരിചയസമ്പത്തുള്ള മാനേജ്‌മെന്റ് എന്നീ ഘടകങ്ങള്‍ ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്', സന്തോഷ് മീണ പറയുന്നു.
ഇതേസമയം, സ്റ്റീപ്പ് പൈപ്പ് വ്യവസായത്തിന് സൈക്കിളിക്കല്‍ സ്വഭാവമാണ്. കമ്പനി വില്‍ക്കുന്ന ഉത്പന്നങ്ങളാകട്ടെ, ചരക്കുഗണങ്ങളില്‍ പെടുന്നതുമാണ്. അതുകൊണ്ട് റിസ്‌ക് എടുക്കാന്‍ ധൈര്യമുള്ള നിക്ഷേപകര്‍ക്കായിരിക്കും ഈ സ്റ്റോക്ക് കൂടുതല്‍ അനുയോജ്യമാവുക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടങ്ങള്‍ താന്‍ ഹരിയോം പൈപ്പ് ഓഹരികള്‍ക്ക് സാധിക്കും. ലിസ്റ്റിങ് നേട്ടങ്ങള്‍ കണ്ടുകൊണ്ട് ഹരിയോം പൈപ്പ് ഓഹരികള്‍ വാങ്ങിയവര്‍ക്ക് 195 രൂപയില്‍ സ്‌റ്റോപ്പ് ലോസ് കരുതാം, സന്തോഷ് മീണ നിര്‍ദേശിക്കുന്നു.
ഐപിഒ കാലത്ത് ചെറുകിട നിക്ഷേപകരില്‍ നിന്നാണ് ശക്തമായ പ്രതികരണം കമ്പനി കണ്ടത്. റീടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ച ഓഹരികള്‍ 12.15 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ 8.87 മടങ്ങും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബൈയേഴ്‌സ് 1.91 മടങ്ങുമാണ് ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്തത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ നേടിയ വരുമാനം മൂലധനച്ചെലവുകള്‍ക്കും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കുമായി കമ്പനി വിനിയോഗിക്കും. മിച്ചമുള്ള ഫണ്ട് പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വകയിരുത്തുമെന്ന് ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസ് അറിയിച്ചിട്ടുണ്ട്.
2007 -ല്‍ സ്ഥാപിതമായ ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനം ഹൈദരാബാദാണ്. വൈവിധ്യമാര്‍ന്ന ഉത്പന്നനിര കമ്പനിക്കുണ്ട്. മൈല്‍ഡ് സ്റ്റീല്‍ ബില്ലറ്റുകള്‍, പൈപ്പുകള്‍, ട്യൂബുകള്‍, ഹോട്ട് റോള്‍ഡ് വോയിലുകള്‍ എന്നിവയെല്ലാം ഉത്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ പെടും. ഭവനനിര്‍മാണം, അടിസ്ഥാന സൗകര്യവികസനം, കൃഷി, സൗരോര്‍ജ്ജം, ഫാബ്രിക്കേഷന്‍, എഞ്ചിനീയറിങ് തുടങ്ങിയ സെക്ടറുകളിലേക്ക് എല്ലാം ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസ് ഉത്പന്നങ്ങള്‍ എത്തിക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications