ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പാദാതാവായ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചു. 2022 മാര്‍ച്ച് 31 -ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 1 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 15.50 രൂപ (1,550 ശതമാനം) വീതം ലാഭവിഹിതം നല്‍കാനാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ തീരുമാനം. ഇതേസമയം, ലാഭവിഹിതം നല്‍കാനുള്ള തീരുമാനം കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകളുടെ അംഗീകാരത്തിന് വിധേയമാണ്.
2022 മെയ് 13 ആണ് ലാഭവിഹിതത്തിനായി നിശ്ചയിച്ചിട്ടുള്ള റെക്കോര്‍ഡ് തീയതി. ഈ തീയതിയില്‍ ഡീമാറ്റ് അക്കൗണ്ടില്‍ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ സമാഹരിച്ചവര്‍ക്ക് ലാഭവിഹിതത്തിന് അര്‍ഹതയുണ്ട്.
കഴിഞ്ഞവാരം നാലാംപാദ ഫലം എച്ച്ഡിഎഫ്സി ബാങ്ക് പുറത്തുവിട്ടിരുന്നു. മാര്‍ച്ച് പാദം വാര്‍ഷികാടിസ്ഥാനത്തില്‍ 23 ശതമാനം അറ്റാദായ വളര്‍ച്ചയാണ് ബാങ്ക് രേഖപ്പെടുത്തിയത്.
ജനുവരി - മാര്‍ച്ച് കാലയളവില്‍ നികുതിക്ക് ശേഷം 10,055.20 കോടി രൂപ ലാഭം കണ്ടെത്താന്‍ എച്ച്ഡിഎഫ്സി ബാങ്കിന് സാധിച്ചു. 2,989.50 കോടി രൂപ നികുതിയിനത്തിലേക്ക് പോയി. മുന്‍വര്‍ഷം ഇതേകാലത്ത് 8,187 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. നിലവില്‍ എച്ച്ഡിഎഫ്സിയുമായി ലയിക്കാനുള്ള ഒരുക്കത്തിലാണ് എച്ച്ഡിഎഫ്സി ബാങ്ക്. ഏപ്രില്‍ 4 -നാണ് വിപണിയെ ഞെട്ടിച്ചുകൊണ്ടുള്ള ഈ പ്രഖ്യാപനം വന്നത്.
ലയനം സംബന്ധിച്ച പ്രഖ്യാപനത്തിന് പിന്നാലെ എച്ച്ഡിഎഫ്സി ഓഹരികള്‍ 16.5 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തുകയുണ്ടായി. ഏപ്രില്‍ 1 -ന് 2,451 രൂപയില്‍ ക്ലോസ് ചെയ്ത് ഓഹരികള്‍ ലയനപ്രഖ്യാപനത്തിന് പിന്നാലെ 2,855 രൂപ വരെയ്ക്കും ഉയര്‍ന്നു. തുടര്‍ന്ന് 2,679 രൂപയിലാണ് എച്ച്ഡിഎഫ്സി ഓഹരികള്‍ അന്നേ ദിവസം ഇടപാടുകള്‍ നിര്‍ത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച ക്ലോസ് ചെയ്യുമ്പോള്‍ 2,205 രൂപയിലേക്ക് എച്ച്ഡിഎഫ്സിയുടെ ഓഹരി വില ഇടിഞ്ഞത് കാണാം. ഏപ്രില്‍ 4 -ലെ ഉയര്‍ച്ചയുമായി വെച്ചുനോക്കുമ്പോള്‍ 18 ശതമാനം തിരുത്തല്‍ ഓഹരി വിലയില്‍ സംഭവിച്ചു.
സമാനമാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ കാര്യവും. ഏപ്രില്‍ 4 -ന്, ലയനപ്രഖ്യാപനം വന്നതോടെ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ 14 ശതമാനം കയറി. അന്നേ ദിവസം 1,656 രൂപയില്‍ ഓഹരികള്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച്ച 1,354 രൂപയിലാണ് ബാങ്ക് ഓഹരി വ്യാപാരം നിര്‍ത്തിയത്. ഏപ്രില്‍ 4 -ലെ ക്ലോസിങ്ങുമായി താരതമ്യം ചെയ്യുമ്പോള്‍ 18 ശതമാനവും 1,722 രൂപയെന്ന സമീപകാല ഉയരവുമായി വെച്ചുനോക്കുമ്പോള്‍ 21 ശതമാനവും തിരുത്തല്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വിലയില്‍ സംഭവിച്ചിട്ടുണ്ട്.
എന്തായാലും ഇപ്പോഴത്തെ വിലയിടിവ് താത്കാലികം മാത്രമെന്നാണ് എച്ച്ഡിഎഫ്സി സിഇഒ കേകി മിസ്ത്രി പറയുന്നത്. എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനം കൊണ്ടുള്ള നേട്ടങ്ങള്‍ നിക്ഷേപകരിലേക്ക് കൃത്യമായി എത്തിക്കാന്‍ മാനേജ്മെന്റിന് സാധിക്കാതെ പോയി; ഓഹരികളുടെ വിലയിടിവിന് കാരണവും ഇതുതന്നെ, മിസ്ത്രി ചൂണ്ടിക്കാട്ടുന്നു.
ഫണ്ടുകളുടെ കുറഞ്ഞ ചെലവുകള്‍, വിശാലമായ ബ്രാഞ്ച് ശൃഖല, ആഴത്തിലുള്ള ഉപഭോക്തൃ അടിത്തറ, ബാങ്കിന്റെ ക്രോസ് സെല്ലിങ് അവസരങ്ങള്‍, വര്‍ധിച്ച വിദേശ ഹോള്‍ഡിങ് തുടങ്ങിയ നേട്ടങ്ങള്‍ നിക്ഷേപകര്‍ തിരിച്ചറിയുന്ന പക്ഷം എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വിലകള്‍ വിപണിയില്‍ ക്രമപ്പെടുമെന്ന പക്ഷമാണ് കേകി മിസ്ത്രിക്ക്.
അടുത്ത 18 മാസം കൊണ്ട് എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനം പൂര്‍ത്തിയാക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. ഇരു സ്ഥാപനങ്ങളും ഒന്നാകുന്നതോടെ 17.87 ലക്ഷം കോടി രൂപയുടെ ബാലന്‍സ് ഷീറ്റായിരിക്കും രൂപംകൊള്ളുക.
നിലവില്‍ ബ്രോക്കറേജായ എല്‍കെപി സെക്യുരിറ്റീസ് എച്ച്ഡിഎഫ്സി ബാങ്കില്‍ 'ബൈ' റേറ്റിങ് നല്‍കുന്നുണ്ട്. 1,831 രൂപയാണ് സ്റ്റോക്കിലെ ടാര്‍ഗറ്റ് വില. ഉയര്‍ന്ന ലിക്വിഡിറ്റി, മതിയായ കവറേജ്, ശക്തമായ മൂലധന സ്ഥാനം എന്നിവ എച്ച്ഡിഎഫ്സി ബാങ്കിലെ പോസിറ്റീവ് ഘടകങ്ങളായി ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നു. ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസും എച്ച്ഡിഎഫ്സി ബാങ്കിന് 'ബൈ' റേറ്റിങ് നിര്‍ദേശിക്കുന്നുണ്ട്. ടാര്‍ഗറ്റ് വില 1,907 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

എസ്ബിഐ എഫ്ഡി പലിശ കുറച്ചു; സുരക്ഷിത നിക്ഷേപത്തിന് ഇനി എന്ത് വഴി?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഇൻഡോ-എംഐഎം ഐപിഒ: വൻ നിക്ഷേപക പങ്കാളിത്തം; അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ വഴികൾ ഇതാ

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications