ചെറിയ തിരുത്തലിലൂടെ കടന്നുപോവുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. നിഫ്റ്റിയുടെ ടെക്‌നിക്കല്‍ ചിത്രം പരിശോധിക്കുമ്പോള്‍, നിര്‍ണായക പ്രതിരോധ നിലയായ 18,100 പോയിന്റിന് താഴെ റേഞ്ച് ബൗണ്ട് ട്രേഡിങ് തുടരുമെന്നാണ് ആഭ്യന്തര ബ്രോക്കറേജായ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍. 'റേഞ്ച് ബൗണ്ട്' ട്രേഡിങ് എന്നു കേള്‍ക്കുമ്പോള്‍ പുരികം ചുളിക്കുന്നുണ്ടോ? സപ്പോര്‍ട്ട് ട്രെന്‍ഡ്‌ലൈനില്‍ വാങ്ങുകയും പ്രതിരോധ ട്രെന്‍ഡ്‌ലൈനില്‍ വില്‍ക്കുകയും ചെയ്യുന്ന ട്രേഡിങ് രീതിയാണിത്.
ഇങ്ങനെയൊരു മാര്‍ക്കറ്റ് സാഹചര്യത്തില്‍ ടെക്‌നിക്കല്‍ ചാര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തി അടുത്ത മൂന്നു മാസം കൊണ്ട് ലാഭം സമ്മാനിക്കാന്‍ സാധ്യതയുള്ള രണ്ടു സ്‌റ്റോക്കുകള്‍ നിര്‍ദേശിക്കുകയാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്. കെട്ടിട നിര്‍മാണ രംഗത്തു നിന്നുള്ള പ്രിസം ജോണ്‍സണ്‍, സിമന്റ് നിര്‍മാതാക്കളായ ഡാല്‍മിയ ഭാരത് കമ്പനികളിലാണ് ബ്രോക്കറേജ് ബൈ റേറ്റിങ് കല്‍പ്പിക്കുന്നത്.
പ്രിസം ജോണ്‍സണില്‍ 17 ശതമാനം ഉയര്‍ച്ച ഇവര്‍ കാണുന്നു. ഡാല്‍മിയ ഭാരത്തില്‍ 22 ശതമാനം വളര്‍ച്ചാ സാധ്യതയും. ഇരു സ്റ്റോക്കിലും എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വിലയും അനുബന്ധ വിവരങ്ങളുടെ ചുവടെ അറിയാം.
പ്രിസം ജോണ്‍സണ്‍
പ്രിസം സിമന്റ് ലിമിറ്റഡ് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന പ്രിസം ജോണ്‍സണ്‍ ലിമിറ്റഡ് ഇന്ത്യയിലെ മുന്‍നിര ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയാണ്. സിമന്റ്, റെഡിമെയ്ഡ് കോണ്‍ക്രീറ്റ് മിശ്രിതം, ടൈലുകള്‍ മുതലായ ഉത്പന്നങ്ങള്‍ കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. അടുത്ത മൂന്നു മാസം കൊണ്ട് പ്രിസം ജോണ്‍സണിന്റെ ഓഹരി വില 17.30 ശതമാനം ഉയര്‍ച്ച കണ്ടെത്തുമന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് പ്രവചിക്കുന്നത്. സ്റ്റോക്കില്‍ 160 രൂപയുടെ ടാര്‍ഗറ്റ് വിലയും ബ്രോക്കറേജ് നിര്‍ദേശിക്കുന്നു.
ബുധനാഴ്ച്ച 135 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12.46 ശതമാനവും ഒരു മാസത്തിനിടെ 11.54 ശതമാനവും വളര്‍ച്ച രേഖപ്പെടുത്താന്‍ സ്റ്റോക്കിന് സാധിച്ചു. ആറു മാസം കൊണ്ട് 4.35 ശതമാനവും ഈ വര്‍ഷം ഇതുവരെ 54.08 ശതമാനവും നേട്ടം പ്രിസം ജോണ്‍സണ്‍ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കി. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 149.45 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 75.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയായി. 6,580 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ പിഇ അനുപാതം 25.06 ആണ്.
ടെക്‌നിക്കല്‍ നിരീക്ഷണങ്ങള്‍
1. ഇടക്കാല അപ്‌ട്രെന്‍ഡിലാണ് പ്രിസം ജോണ്‍സണ്‍ ഇപ്പോഴുള്ളത്. കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി ബുള്ളിഷ് ട്രെന്‍ഡ് വിളിച്ചോതുന്ന 'ഹയര്‍ ടോപ്പ്', 'ഹയര്‍ ബോട്ടം' രൂപീകരണങ്ങള്‍ സ്റ്റോക്ക് കുറിക്കുന്നുണ്ട്.
2. ശരാശരിയില്‍ ഉയര്‍ന്ന വോളിയം അടിസ്ഥാനപ്പെടുത്തി തിങ്കളാഴ്ച്ച കണ്‍സോളിഡേഷന്‍ റേഞ്ചില്‍ നിന്നും പുറത്തുകടക്കാന്‍ സ്റ്റോക്കിന് സാധിച്ചു.
3. കഴിഞ്ഞ 20, 50 ദിവസങ്ങളിലെ സിംപിള്‍ മൂവിങ് ആവറേജിന് (എസ്എംഎ) മുകളിലാണ് സ്റ്റോക്ക് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. പോസിറ്റീവ് സൂചനയാണിത്. ഇതിന് പുറമെ, കഴിഞ്ഞ 14 ആഴ്ച്ചയിലെ റിലേറ്റീവ് സ്‌ട്രെങ്ത് സൂചകവും (ആര്‍എസ്‌ഐ) ഉയര്‍ച്ചയുടെ പാതയിലാണ്. വരുംനാളുകളില്‍ അപ്‌ട്രെന്‍ഡ് തുടരുമെന്ന് ആര്‍എസ്‌ഐ ചിത്രവും പറഞ്ഞുവെയ്ക്കുന്നു.
ഡാല്‍മിയ ഭാരത്
1939 മുതല്‍ സിമന്റ് ബിസിനസ് രംഗത്തുള്ള കമ്പനിയാണ് ഡാല്‍മിയ ഭാരത്. പ്രതിവര്‍ഷം 33 ദശലക്ഷ മെട്രിക് ടണ്‍ സിമന്റ് ഉത്പാദിപ്പിക്കാനുള്ള ശേഷി ഡാല്‍മിയ ഭാരതിനുണ്ട്. എണ്ണക്കിണറുകള്‍, റെയില്‍വേ സ്ലീപ്പറുകള്‍, എയര്‍ ബേസുകള്‍ എന്നിവയുടെ നിര്‍മാണത്തിന് ആവശ്യമായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സിമന്റുകളുടെ നിര്‍മാണത്തിനും കമ്പനിയേറെ പ്രശസ്തമാണ്. അടുത്ത മൂന്നു മാസം കൊണ്ട് ഡാല്‍മിയ ഭാരത് ഓഹരികള്‍ 22 ശതമാനം വളരുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് പറയുന്നത്. സ്റ്റോക്കില്‍ 2,600 രൂപയുടെ ടാര്‍ഗറ്റ് വിലയും ഇവര്‍ നിര്‍ദേശിക്കുന്നു. 1,950 രൂപയില്‍ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാം.
ബുധനാഴ്ച്ച 2,134 രൂപയിലാണ് കമ്പനി വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.22 ശതമാനവും ഒരു മാസത്തിനിടെ 3.87 ശതമാനവും നേട്ടം കുറിക്കാന്‍ സ്‌റ്റോക്കിന് സാധിച്ചു. ആറു മാസം കൊണ്ട് 30.60 ശതമാനം നേട്ടമാണ് ഡാല്‍മിയ ഭാരത് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഈ വര്‍ഷം ഇതുവരെ 97.20 ശതമാനം ഉയര്‍ച്ചയും കമ്പനി കയ്യടക്കുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,548.40 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 895 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഡാല്‍മിയ ഭാരത് സാക്ഷിയായി. 39,170 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ പിഇ അനുപാതം 32.56 ആണ്.
ടെക്‌നിക്കല്‍ നിരീക്ഷണങ്ങള്‍
1. അടിയന്തര അപ്‌ട്രെന്‍ഡാണ് സ്റ്റോക്കില്‍ ദൃശ്യമാവുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഡാല്‍മിയ ഭാരത് ഓഹരികള്‍ 'ഹയര്‍ ടോപ്പ്', 'ഹയര്‍ ബോട്ടം' രൂപീകരണങ്ങള്‍ തുടര്‍ച്ചയായി കണ്ടെത്തുന്നുണ്ട്.
2. സമീപകാലത്ത് 1,842 രൂപയിലേക്ക് വീണതിന് ശേഷം ആരോഹണ പാതയിലേക്ക് സ്റ്റോക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു.
3. കഴിഞ്ഞ 20, 50 ദിവസങ്ങളിലെ സിംപിള്‍ മൂവിങ് ആവറേജിന് മുകളില്‍ ഇടപാടുകള്‍ നടത്തുന്നതിനാല്‍ ടെക്‌നിക്കല്‍ സൂചകങ്ങള്‍ പോസിറ്റീവ് സോണിലാണ്. 14 ദിവസത്തെ റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ് (ആര്‍എസ്‌ഐ) പോലുള്ള പ്രതിദിന മൊമന്റം സൂചകങ്ങള്‍ 'ഓവര്‍സോള്‍ഡ്' നിലയില്‍ നിന്നും പിന്‍വാങ്ങി ഉയര്‍ച്ചയുടെ പാതയില്‍ തിരിച്ചുകയറി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications