വിപണികള്‍ വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ഈയാഴ്ച ലോകത്തെ വമ്പന്‍ സാമ്പത്തിക ശക്തികളുടെ കേന്ദ്ര ബാങ്കുകള്‍ പണനയം പ്രഖ്യാപിക്കാനിരിക്കുന്നതിനെ തുടര്‍ന്നുള്ള ആശങ്കകളാണ് വിപണിയില്‍ വീണ്ടും നഷ്ടത്തിലേക്ക് വീഴ്ത്തിയത്. എങ്കിലും ഇതിനോടകം ഭേദപ്പെട്ട രീതിയില്‍ തിരുത്തല്‍ നേരിട്ട തെരഞ്ഞെടുത്ത ഓഹരികളില്‍ നിക്ഷേപ താത്പര്യം ദൃശ്യമാണ്. ഇതിനിടെ, 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണ എഫ്എംസിജി വിഭാഗത്തിലെ ഒരു ലാര്‍ജ് കാപ്പ് സ്റ്റോക്ക് വാങ്ങാമെന്ന നിര്‍ദേശവുമായി പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് രംഗത്തെത്തി.
കോള്‍ഗേറ്റ് പാമോലീവ്
വ്യക്തിഗത ആരോഗ്യ പരിചരണത്തിനായുള്ള ഉത്പന്നങ്ങളുടെ വിഭാഗത്തിലെ മുന്‍നിര ബ്രാന്‍ഡ് ആണ് കോള്‍ഗേറ്റ് പാമോലീവ് (ഇന്ത്യ) ലിമിറ്റഡ് 1937-ലാണ് സ്ഥാപിതമായത്. പ്രധാനമായും ദന്ത സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡര്‍ എന്നിങ്ങനെയുള്ള ഉത്പന്നങ്ങള്‍ കൂടാതെ ത്വക്ക് സംരംക്ഷണത്തിനും തലമുടിയില്‍ തേക്കുന്ന എണ്ണ, പാത്രം വൃത്തിയാക്കുന്ന സോപ്പ്, ഷേവിങ് ക്രീം തുടങ്ങിയവയും ഇവര്‍ വിപണിയിലെത്തിക്കുന്നുണ്ട്. അടുത്തിടെ ദന്ത സംരംക്ഷണവുമായി ബന്ധപ്പെട്ട നിരവധി പുതിയ ഉത്പന്നങ്ങളും അവതിരിപ്പിച്ചിട്ടുണ്ട്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 1358 കോടി രൂപയാണ് വരുമാനം നേടിയത്. ഇത് ആദ്യ പാദത്തിലെ വരുമാനത്തേക്കാള്‍ 16 ശതമാനം കൂടുതലാണ്. എന്നാല്‍ കഴിഞ്ഞ വര്ഞഷത്തെ സമാന പാദത്തേക്കാള്‍ 5 ശതമാനം മാത്രം വര്‍ധനവാണ് കാണിച്ചത്. അതേസമയം, രണ്ടാം പാദത്തിലെ അറ്റാദായം 269.17 കോടി രൂപയാണ്. 2010-15 സാമ്പത്തിക വര്‍ഷങ്ങളില്‍ 15 ശതമാനത്തിലധികം നിരക്കില്‍ വാര്‍ഷിക വളര്‍ച്ച നേടിയിരുന്നെങ്കില്‍ 2015-20 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത 3 ശതമാനം മാത്രമായിരുന്നു. ജിഎസ്ടി നിരക്കുകളും ഗ്രമീണ മേഖലയിലെ ഉണര്‍വില്ലായ്മയുമായിരുന്നു കാരണം.
അനുകൂല ഘടകം
നിലവില്‍ ഉയര്‍ന്ന വില നിലവാരത്തില്‍ നിന്നും 28 ശതമാനത്തോളം തിരുത്തല്‍ കോള്‍ഗേറ്റിന്റെ (BSE: 500830, NSE: COLPAL) ഓഹരികളില്‍ നേരിട്ടിരുന്നു. അതിനാല്‍ നിലവിലെ വില നിലവാരത്തില്‍ (1,426) ഘട്ടംഘട്ടമായുളള നിക്ഷേപം പരിഗണിക്കാവുന്നതാണ്. കൂടുതല്‍ തിരുത്തല്‍ ഓഹരിയില്‍ വരുന്നുണ്ടെങ്കില്‍ 1,275-ല്‍ രണ്ടാം ഘട്ട നിക്ഷേപം പരിഗണിക്കാം. വിപണിയില്‍ വലിയ ഇടിവ് ഉണ്ടാകാത്ത പക്ഷം 1,604 നിലവാരവും വിപണിയുടെ ട്രെന്‍ഡ് വീണ്ടും ബുള്ളിഷ് ആവുകയാണെങ്കില്‍ ആറു മാസത്തിനകം 1,736 നിലവാരത്തിലും എത്താമെന്നും എച്ചഡിഎഫ്‌സി സെക്യുരിറ്റീസ് വ്യക്തമാക്കി.
ലക്ഷ്യവില 1,736
എഫ്എംസിജി വിഭാഗത്തിലെ ലാര്‍ജ് കാപ്പ് ഓഹരിയായ കോള്‍ഗേറ്റ്, നിലവില്‍ 1,426 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,736 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ നിര്‍ദേശം. ഇതിലൂടെ 6 മാസത്തിനകം 22 ശതമാനം നേട്ടമാണ് സ്വന്തമാക്കാനാവുക. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയിലെ ഓഹരിയുടെ ഉയര്‍ന്ന വില 1823.40 രൂപയും കുറഞ്ഞ വില കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 1,414 രൂപ നിലവാരവുമാണ്. 51 ശതമാനം പ്രമോട്ടര്‍മാരും 19 ശതമാനം ഓഹരികള്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന കോള്‍ഗേറ്റിന്റെ വിപണി മൂലധനം 38,789 കോടി രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications