മെറ്റല്‍ ഓഹരികള്‍ വാങ്ങിയാലോ? പോര്‍ട്ട്‌ഫോളിയോ ഒന്നടങ്കം ചുവപ്പണിഞ്ഞ് നില്‍ക്കുന്നതിനിടെ നിക്ഷേപകരുടെ ചിന്ത മെറ്റല്‍ കമ്പനികളുടെ ദിശയിലേക്കാണ്. കാരണം കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് നിഫ്റ്റി മെറ്റല്‍ സൂചിക 12 ശതമാനത്തിലേറെയാണ് മുന്നേറ്റം രേഖപ്പെടുത്തുന്നത്. ഒരുഭാഗത്ത് നിഫ്റ്റി ഫിഫ്റ്റി സൂചിക 2 ശതമാനം തകര്‍ച്ച കുറിക്കുമ്പോഴാണ് മെറ്റല്‍ ഓഹരികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.
റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ലോകരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മെറ്റല്‍ കമ്പനികള്‍ക്ക് 'കോളടിക്കുമെന്നാണ്' ആഭ്യന്തര ബ്രോക്കറേജായ മോത്തിലാല്‍ ഒസ്വാളിന്റെ വിലയിരുത്തല്‍. രാജ്യാന്തര വിപണിയില്‍ അലൂമിനിയം, നിക്കല്‍, സ്റ്റീല്‍, കല്‍ക്കരി തുടങ്ങിയ ചരക്കുകള്‍ക്ക് വില കുത്തനെ കയറുകയാണ്. മെറ്റല്‍ കമ്പനികള്‍ക്കാണ് ഈ സാഹചര്യം ആത്യന്തികമായി ഗുണം ചെയ്യുക.
നിലവില്‍ ഏറ്റവും കൂടുതല്‍ അലൂമിനിയം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പട്ടികയില്‍ റഷ്യയും മുന്‍പന്തിയിലുണ്ട്. റഷ്യയ്ക്ക് മേല്‍ വ്യാപാര ഉപരോധം ഏര്‍പ്പെടുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ അലൂമിനിയം കയറ്റുമതി വര്‍ധിക്കും. അലൂമിനിയത്തിന് വില ഉയരുമ്പോള്‍ ഹിന്‍ഡാല്‍കോ, നാഷണല്‍ അലൂമിനിയം കമ്പനി (നാല്‍കോ), വേദാന്ത തുടങ്ങിയവരാണ് പ്രധാന ഗുണഭോക്താക്കളായി മാറുക. രാജ്യാന്തര വിപണിയില്‍ കല്‍ക്കരിക്കും ഡിമാന്‍ഡ് കൂടുന്നുണ്ട്. കോള്‍ ഇന്ത്യയെ കാത്തിരിക്കുന്നതും 'ഗജകേസരി' യോഗംതന്നെ. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്റ്റീല്‍ വില വര്‍ധിച്ചാല്‍ ടാറ്റ സ്റ്റീല്‍ 'ചാകര' കൊയ്യുമെന്നും ബ്രോക്കറേജ് നിരീക്ഷിക്കുന്നു.
'ഹിന്‍ഡാല്‍കോ, നാല്‍കോ, കോള്‍ ഇന്ത്യ ഓഹരികളാണ് ഞങ്ങളുടെ ടോപ്പ് പിക്ക് പട്ടികയിലുള്ളത്. ഈ ഓഹരികളില്‍ സമീപകാല ഉയര്‍ച്ച പ്രതീക്ഷിക്കാം. കാരണം രാജ്യാന്തര വിപണയില്‍ ചരക്കുകള്‍ വില വര്‍ധിക്കുകയാണ്. യൂറോപ്പില്‍ സ്റ്റീലിന് വില തുടര്‍ച്ചയായി കയറാനുള്ള എല്ലാ സാധ്യതയും ഉരുത്തിരിയുന്നുണ്ട്. ഈ സാഹചര്യം ടാറ്റ സ്റ്റീലിനും ഗുണം ചെയ്യും. ഇതേസമയം, ചരക്കുവില ഉയരുന്ന സാഹചര്യത്തില്‍ ഉപഭോഗം കുറയാമെന്ന ഭീഷണി മെറ്റല്‍ കമ്പനികളിലെ പ്രധാന റിസ്‌ക് ഫാക്ടറാണ്. ഡിമാന്‍ഡ് കുറഞ്ഞാല്‍ ചരക്കുകളുടെ വിലയില്‍ തിരുത്തല്‍ സംഭവിക്കും', മോത്തിലാല്‍ ഒസ്വാള്‍ അറിയിക്കുന്നു.
ഉക്രൈന്‍ അധിനിവേശം തുടരുന്ന റഷ്യയ്ക്ക് എതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി വ്യാപാര ഉപരോധം ഏര്‍പ്പെടുത്തുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ നിരവധി ചരക്കുകളുടെ വിതരണം തടസ്സപ്പെടും. കാര്യങ്ങള്‍ സങ്കീര്‍ണമാവുന്ന ലക്ഷമാണ് ഇപ്പോള്‍ കാണുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ചരക്കുകളുടെ സപ്ലൈ ചെയിന്‍ പുനഃസ്ഥാപിക്കാന്‍ മാസങ്ങള്‍ ആവശ്യമായി വരും. ഇക്കാലയളവില്‍ ചരക്കുവിലകള്‍ റെക്കോര്‍ഡ് വര്‍ധനവായിരിക്കും രേഖപ്പെടുത്തുക, ബ്രോക്കറേജ് പറയുന്നു.
ഇതിനകം നിരവധി രാജ്യങ്ങള്‍ റഷ്യ കയറ്റുമതി ചെയ്യുന്ന അലൂമിനിയം വേണ്ടെന്ന നിലപാട് അറിയിച്ചുകഴിഞ്ഞു. വലിയ വളര്‍ച്ചാ അവസരമാണ് ഹിന്‍ഡാല്‍കോയ്ക്ക് ഇവിടെ ലഭിക്കുന്നത്. കാരണം അലൂമിനിയം വ്യവസായത്തിലെ അപ്‌സ്ട്രീം, ഡൗണ്‍സ്ട്രീം സെഗ്മന്റുകളില്‍ കമ്പനിക്ക് മേല്‍ക്കൈയുണ്ട്. ഉത്പാദനത്തിന് ആവശ്യമായ മെറ്റീരിയല്‍ ഇന്‍പുട്ടാണ് അപ്‌സ്ട്രീം; ഉത്പാദന, വിതരണ നടപടികളെ ഡൗണ്‍സ്ട്രീമും സൂചിപ്പിക്കുന്നു.
അലൂമിനിയത്തിന് വില വര്‍ധിക്കുമ്പോള്‍ നേരിട്ടുള്ള ഗുണഭോക്താവായാണ് നാല്‍കോ മാറുക. വേദാന്തയുടെ കാര്യം വരുമ്പോള്‍ എണ്ണ, അലൂമിനിയം, സിങ്ക്, സ്റ്റീല്‍ ഉള്‍പ്പെടുന്ന ലോഹങ്ങളുടെ വിലക്കയറ്റമെല്ലാം കമ്പനിക്ക് ഗുണം ചെയ്യും. ഇതേസമയം, കല്‍ക്കരി പോലുള്ള ഇന്‍പുട്ട് ചരക്കുകള്‍ക്ക് വില ഉയരുന്നത് വേദാന്തയുടെ ചെലവുകള്‍ കൂട്ടുമെന്ന മുന്നറിയിപ്പും മോത്തിലാല്‍ ഒസ്വാള്‍ നല്‍കുന്നുണ്ട്.
വെള്ളിയാഴ്ച്ച 607 രൂപയിലാണ് ഹിന്‍ഡാല്‍കോ ഇടപാടുകള്‍ ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 618 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 305.40 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 11.43. ഡിവിഡന്റ് യീല്‍ഡ് 0.50 ശതമാനം. നാല്‍കോയുടെ ഓഹരി വില 130 രൂപ. പിഇ അനുപാതം 8.24. ഡിവിഡന്റ് യീല്‍ഡ് 4.70 ശതമാനം. വെള്ളിയാഴ്ച്ച 2 ശതമാനത്തിലേറെ വീഴ്ച്ച വേദാന്ത രേഖപ്പെടുത്തുന്നുണ്ട്.
393 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 398.75 രൂപ വരെയുള്ള ഉയര്‍ച്ചയും 209.75 രൂപ വരെയുള്ള താഴ്ച്ചയും കമ്പനി കാണുകയുണ്ടായി. പിഇ അനുപാതം 7.49. ഡിവിഡന്റ് യീല്‍ഡ് 11.61 ശതമാനം. കോള്‍ ഇന്ത്യയുടെ ഓഹരി വില 185 രൂപ. പിഇ അനുപാതം 13.86. ഡിവിഡന്റ് യീല്‍ഡ് 9.43 ശതമാനം. ടാറ്റ സ്റ്റീലിന്റെ ഓഹരി വില 1,309 രൂപ. പിഇ അനുപാതം 3.46. ഡിവിഡന്റ് യീല്‍ഡ് 1.91 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications