വെള്ളിയാഴ്ച്ച 20 ശതമാനം തകര്‍ച്ചയോടെയാണ് ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ് വ്യാപാരം അവസാനിപ്പിച്ചത്. അവസാന മണി മുഴങ്ങുമ്പോള്‍ കമ്പനിയുടെ ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടു കണ്ടുകൊണ്ട് 2,856.65 രൂപയിലേക്ക് കൂപ്പുകുത്തി. ഇവിടെ കൗതുകമുണര്‍ത്തുന്ന വസ്തുത മറ്റൊന്നാണ്. ലാഭവിഹിതം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സിന്റെ പതനം.
കഴിഞ്ഞ 14 വര്‍ഷത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ ഇന്‍ട്രാ ഡേ പതര്‍ച്ചയ്ക്ക് സ്റ്റോക്ക് വെള്ളിയാഴ്ച്ച സാക്ഷിയായി. ഓഹരി വിലയില്‍ 714.15 രൂപയുടെ ഇടിവ് ഇന്നു സംഭവിച്ചു. 2021 ഡിസംബര്‍ ആറിന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ നിലയിലാണ് ഹിന്ദുജ ഗ്ലോബല്‍ ഓഹരികളുടെ ഇപ്പോഴത്തെ നില്‍പ്പ്. എന്തുകൊണ്ടാണ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടും കമ്പനിയുടെ ഓഹരികള്‍ നിലതെറ്റി വീണത്? പലര്‍ക്കും സംശയമുണ്ട്.
ഹെല്‍ത്ത്‌കെയര്‍ ബിസിനസ് പൂര്‍ണമായും വിറ്റൊഴിവാക്കിയ പശ്ചാത്തലത്തിലാണ് ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ് നിക്ഷേപകര്‍ക്ക് ലാഭവിഹിതം അഥവാ ഡിവിഡന്റ് പ്രഖ്യാപിച്ചത്. നടപ്പു വര്‍ഷം കമ്പനി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ഇടക്കാല ലാഭവിഹിതമാണിത്. ഓഹരിയൊന്നിന് 150 രൂപ ലാഭവിഹിതം നല്‍കാനാണ് തീരുമാനം. റെക്കോര്‍ഡ് ഡേറ്റ് ജനുവരി 18. ജനുവരി 27 -നോ ഈ തീയതിക്ക് മുന്‍പോതന്നെ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം കൈമാറുമെന്ന് ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ് അറിയിച്ചിട്ടുണ്ട്.
ഇതിനൊപ്പം 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കാനും ബോര്‍ഡ് യോഗം തീരുമാനിച്ചത് കാണാം. എക്‌സ്-ഡേറ്റിന് മുന്‍പ് ഓഹരികള്‍ കൈവശം ഉള്ളവര്‍ക്കായിരിക്കും ഓരോ ഓഹരിക്കും അധികമായി ഓരോ ഓഹരി വീതം ലഭിക്കുക. ഈ വാരം റെക്കോര്‍ഡ് ഉയരം കീഴടക്കിയായിരുന്നു ഹിന്ദുജ ഗ്ലോബല്‍ ഓഹരികളുടെ വ്യാപാരം. ലാഭവിഹിതവും ബോണസ് ഓഹരികളും നല്‍കുമെന്ന മുന്‍കൂര്‍ പ്രഖ്യാപനം കമ്പനിയുടെ ഓഹരികള്‍ക്ക് പുതിയ ഊര്‍ജ്ജം സമ്മാനിച്ചു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിന് ശേഷം 17 ശതമാനത്തോളം ഉയര്‍ച്ച സ്‌റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. വ്യാഴാഴ്ച്ച 3,584 രൂപയിലാണ് കമ്പനി ക്ലോസ് ചെയ്തതും. എന്നാല്‍ വെള്ളിയാഴ്ച്ച ചിത്രമാകെ മാറി. രാവിലെത്തന്നെ 20 ശതമാനം തകര്‍ച്ച സ്‌റ്റോക്ക് അഭിമുഖീകരിച്ചു. പ്രതീക്ഷിച്ചതിലും കുറഞ്ഞ ലാഭവിഹിതമാണ് സ്റ്റോക്കിന്റെ വീഴ്ച്ചയ്ക്കുള്ള പ്രധാന കാരണം. ഹെല്‍ത്ത്‌കെയര്‍ ബിസിനസിന്റെ വില്‍പ്പന പൂര്‍ത്തിയാകുമ്പോള്‍ ഓഹരിയൊന്നിന് 4,000 രൂപ വീതം ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ 150 രൂപയാണ് കമ്പനി ഇടക്കാല ലാഭവിഹിതമായി നിക്ഷേപകര്‍ക്ക് നല്‍കുന്നത്.
ഹെല്‍ത്ത്‌കെയര്‍ ബിസിനസ് വിറ്റതില്‍ നിന്നും കിട്ടിയ മൂലധനം ടെലികോം, മീഡിയ, ബാങ്കിങ്, സാമ്പത്തികകാര്യം, ഇന്‍ഷുറന്‍സ് മേഖലകളിലെ ബിസിനസുകളുടെ വളര്‍ച്ചയ്ക്ക് വേണ്ടിയായിരിക്കും കമ്പനി വിനിയോഗിക്കുക. ബെറ്റെയ്ന്‍ ബിവിക്ക് കീഴിലുള്ള അനുബന്ധ കമ്പനിക്കാണ് ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ് തങ്ങളുടെ ഹെല്‍ത്ത്‌കെയര്‍ ബിസിനസ് പൂര്‍ണമായും വിറ്റത്. 1,200 മില്യണ്‍ ഡോളറിന്റെ എന്റര്‍പ്രൈസ് വാല്യു ആധാരമാക്കിയാണ് വില്‍പ്പനയിടപാട്.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി ആധിഷ്ഠിത കമ്പനിയാണ് ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ്. പേരു സൂചിപ്പിക്കുന്നതുപോലെ ഹിന്ദുജ ഗ്രൂപ്പിന് കീഴിലാണ് കമ്പനിയുടെ പ്രവര്‍ത്തനവും. 40 വര്‍ഷത്തോളം പാരമ്പര്യമുളള ഹിന്ദുജ ഗ്ലോബലിന് ആഗോള തലത്തില്‍ 70 ഓളം സേവനകേന്ദ്രങ്ങളും ഒന്‍പതോളം മേഖലയിലെ 600 ഓളം വമ്പന്‍ കമ്പനികളുമായി സേവന കരാറുകളും നേടാനായിട്ടുണ്ട്. യുഎസ്, യുകെ, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലായി 4200 ഓളം ജീവനക്കാര്‍ ഹിന്ദുജ ഗ്ലോബലിനുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications