മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴിൽ സാധ്യതകളുമുണ്ടെങ്കിലും വിദേശ പഠനം ചെലവേറിയ സംഗതിയാണ്. വായ്പകളുമായി വിദേശത്തേക്ക് പോകുന്നവരിൽ പലർക്കും യോഗ്യതയ്ക്ക് അനുസരിച്ചുള്ള സ്കോളർഷിപ്പുകൾ തേടിയാൽ പഠനത്തിന് ലഭിക്കുന്നൊരു സാമ്പത്തിക സഹായമായി മാറും. ലോകത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള യുകെ ഇന്ത്യൻ വിദ്യാർഥികൾക്ക് താൽപര്യമുള്ളൊരിടമാണ്.
യുകെയിൽ പഠിക്കുന്നത് ചെലവേറിയ കാര്യമാണെങ്കിലും മുൻകൂട്ടി ആസൂത്രണം ചെയ്യുകയാണെങ്കിൽ സ്കോളർഷിപ്പുകൾ ഉപയോഗിച്ച് താങ്ങാനാകുന്ന ചെലവാക്കി മാറ്റാവുന്നതാണ്. യുകെയിൽ സർവകലാശാലകളും മറ്റ് നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങളും ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. ഇവ ഏതെല്ലാമെന്ന് വിശദമായി അറിയാം.
ഗ്രേറ്റ് സ്കോളർഷിപ്പ്
ബിരുദാനന്തര കോഴ്‌സിന് ചേരുന്ന വിദ്യാർഥികൾക്കാണ് ഗ്രേറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുക. 10,000 ബ്രിട്ടീഷ് പൗണ്ട് വരെ സ്കോളർഷിപ്പ് തുകയായി ലഭിക്കും. യുകെ ഗവൺമെന്റിന്റെ ഗ്രേറ്റ് ബ്രിട്ടൻ കാമ്പെയ്‌നും ബ്രിട്ടീഷ് കൗൺസിലും യുകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയുക്തമായാണ് ഇതിന് ധനസഹായം നൽകുന്നത്.

ചാൾസ് വാലസ് ഇന്ത്യ ട്രസ്റ്റ് സ്കോളർഷിപ്പുകൾ
ആർട്ട്, ഹ്യുമാനിറ്റീസ്, പൈതൃക സംരക്ഷണം എന്നീ വിഷയങ്ങളിൽ പഠിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ ഇന്ത്യക്കാർക്കാണ് ചാൾസ് വാലസ് ഇന്ത്യ ട്രസ്റ്റ് സ്‌കോളർഷിപ്പുകൾ ലഭിക്കുന്നത്. യുകെയിലെ സർവ്വകലാശാലകളിൽ ഡോക്ടറേറ്റ് ചെയ്യുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഗ്രാന്റ് ലഭിക്കും.
ആർട്, ഹ്യുമാനിറ്റീസ്, പൈതൃക സംരക്ഷണം എന്നിവ പഠിക്കുന്നവർക്ക് 500-600 ബ്രിട്ടീഷ് പൗണ്ട് വരെ ലഭിക്കും. ഡോക്ടറൽ പഠനത്തിനുള്ള ഗ്രാന്റുകൾ 25-38 വയസിന് ഇടയിൽ പ്രായമുള്ളവർക്കാണ് നൽകുക. കൂടാതെ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നവരുമാകണം.
സസെക്സ് ഇന്ത്യ സ്കോളർഷിപ്പുകൾ
സസെക്സ് സർവകലാശാലയിൽ ബിരുദാനന്തര തലത്തിലുള്ള കോഴ്സുകൾ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കാണ് സസെക്സ് ഇന്ത്യ സ്കോളർഷിപ്പുകൾ ലഭിക്കുക. യോഗ്യരായവർക്ക് ട്യൂഷൻ ഫീസിൽ ഇളവ് ലഭിക്കും. കൂടാതെ യോഗ്യതയുള്ള അപേക്ഷകർക്ക് പരിധിയില്ലാത്ത സ്കോളർഷിപ്പുകളും സർവകലാശാല അനുവദിക്കും. വിദ്യാർഥികൾക്ക് 3,000 പൗണ്ട് വരെ ഇളവ് ലഭിക്കും.
ബികെ ബിർള സ്കോളേഴ്സ് പ്രോഗ്രാം
ലണ്ടൻ ബിസിനസ് സ്‌കൂളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക സഹായം ആവശ്യമുള്ള അർഹരായ വിദ്യാർഥികൾക്ക് ആദിത്യ ബിർള ഗ്രൂപ്പ് നൽകുന്ന സ്കോളർഷിപ്പുകളാണ് ബികെ ബിർള സ്കോളേഴ്സ് പ്രോഗ്രാം. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മറ്റ് വിവിധ ചെലവുകൾ എന്നിവ ഉൾക്കൊള്ളുന്ന തരത്തിൽ ഓരോ വർഷവും 10 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും.
വിദ്യാർഥിയുടെ വ്യക്തിഗത ആവശ്യങ്ങളും അവരുടെ വിദ്യാഭ്യാസ ചെലവും അനുസരിച്ച് സ്കോളർഷിപ്പിന്റെ തുക വ്യത്യാസപ്പെടും. ഇന്ത്യൻ പൗരന്മാരായ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ള മികച്ച കഴിഞ്ഞ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനമെങ്കിലും മാർക്ക് നേടിയവരായിരിക്കണം അപേക്ഷകർ.
ഹോൺബി ട്രസ്റ്റ് സ്കോളർഷിപ്പ്
താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഇംഗ്ലീഷ് ഭാഷാ അധ്യാപനത്തിനുള്ള ശേഷി വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഹോൺബി എജ്യുക്കേഷണൽ ട്രസ്റ്റ് നൽകുന്ന സ്കോളർഷിപ്പാണിത്. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുക. 10 പൂർണ സ്കോളർഷിപ്പുകളാണ് നൽകുന്നത്. ഫീസ് ഒഴിവാക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് വർഷത്തിൽ കുറഞ്ഞത് 15,000 ബ്രിട്ടീഷ് പൗണ്ട് മെയിന്റനൻസ് പേയ്‌മെന്റും നൽകുകം.
കോമൺവെൽത്ത് സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്
യുകെയിൽ ബിരുദാനന്തര ബിരുദമോ പിഎച്ച്ഡി ബിരുദമോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് കോമൺവെൽത്ത് സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പിന് അപേക്ഷിക്കാം. ട്യൂഷൻ ഫീസ്, വിമാനക്കൂലി, വ്യക്തിഗത, മെയിനനൻസ് ചെലവുകൾ എന്നിവ ഈ സ്കോളർഷിപ്പിന് കീഴിൽ ലഭിക്കും.
കോമൺവെൽത്ത് പിഎച്ച്‌ഡി സ്‌കോളർഷിപ്പ്, കോമൺവെൽത്ത് സ്‌പ്ലിറ്റ്-സൈറ്റ് സ്‌കോളർഷിപ്പ്, കോമൺവെൽത്ത് മാസ്റ്റേഴ്‌സ് സ്‌കോളർഷിപ്പ്, കോമൺവെൽത്ത് വിദൂര പഠന സ്‌കോളർഷിപ്പ് എന്നിങ്ങനെ വിവിധ പ്രോഗ്രാമുകൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കും.


Click it and Unblock the Notifications