ചെറുകിട ബിസിനസ്സുകളും വ്യക്തികളും കൂടുതൽ സാമ്പത്തിക പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നതിനാൽ വരും മാസങ്ങളിൽ സ്വർണ പണയ വായ്പയ്ക്ക് ഡിമാൻഡ് ഉയരുമെന്ന് റിപ്പോർട്ട്. ബാങ്കുകളും ഇപ്പോൾ സ്വർണ്ണ വായ്പകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജൂൺ 11 ന് ഐസിഐസിഐ ഹോം ഫിനാൻസ് 70 ബ്രാഞ്ചുകളിലൂടെ സ്വർണ്ണ വായ്പ നൽകാൻ തുടങ്ങി. കഴിഞ്ഞ മാസം കാനറ ബാങ്ക് സ്വർണ്ണ വായ്പകൾ പരിഷ്കരിച്ചിരുന്നു.
സ്വർണ വായ്പയ്ക്ക് ഡിമാൻഡ്
നിരവധി ചെറുകിട ബിസിനസ്സ് ഉടമകളും ജീവനക്കാരും സാമ്പത്തിക സമ്മർദ്ദം നേരിടുന്നതിനാൽ സ്വർണ്ണ വായ്പകൾ തിരഞ്ഞെടുക്കുന്നത് വർദ്ധിച്ചിട്ടുണ്ടെന്ന് ഐസിഐസിഐ ഹോം ഫിനാൻസ് പറയുന്നു. പ്രതിസന്ധികൾ നേരിടുമ്പോഴും ആളുകൾ സ്വർണത്തിൽ കൈ വയ്ക്കാൻ ആഗ്രഹിക്കാത്ത ഒരു കാലമുണ്ടായിരുന്നു. പക്ഷേ കാലം മാറി. സ്വർണം പണയം വയ്ക്കാനും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുമുള്ള ജനങ്ങളുടെ വിമുഖത പതുക്കെ മാറി തുടങ്ങിയിട്ടുണ്ടെന്നും ഇത് സ്വർണ്ണ വായ്പകളുടെ ഡിമാൻഡ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഐസിഐസിഐ ഹോം ഫിനാൻസ് സിഇഒ അനിരുദ്ധ് കമാനി പറഞ്ഞു.
ബുള്ളറ്റ് തിരിച്ചടവ്
ഭവന ധനകാര്യ കമ്പനി (എച്ച്എഫ്സി) സ്വർണ്ണ വായ്പകൾക്കായി ബുള്ളറ്റ് തിരിച്ചടവ് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനു കീഴിൽ, സാധാരണഗതിയിൽ, ഒരു വായ്പക്കാരൻ വായ്പയുടെ കാലാവധിക്കുള്ള പലിശ അടയ്ക്കുകയും അവസാനം, പ്രധാന തുക തിരിച്ചടയ്ക്കുകയും ചെയ്യുന്നു. സ്വർണ്ണ വായ്പകളിൽ, കടം വാങ്ങുന്നവർ ബുള്ളറ്റ് തിരിച്ചടവാണ് ഇഷ്ടപ്പെടുന്നതെന്നും കമാനി പറഞ്ഞു.
കാനറ ബാങ്ക്
സിൻഡിക്കേറ്റ് ബാങ്കുമായി ലയിപ്പിച്ച ശേഷം കാനറ ബാങ്കിന്റെ സ്വർണ്ണ വായ്പ പോർട്ട്ഫോളിയോ ഇപ്പോൾ ഏകദേശം 56,000 കോടി രൂപയാണ്. ആളുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ബാങ്കിന്റെ മുൻഗണനാ വായ്പയായി പ്രത്യേക സ്വർണ്ണ വായ്പ പദ്ധതി അവതരിപ്പിച്ചിട്ടുണ്ടെന്ന് കാനറ ബാങ്കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ എ മണിമേഖലൈ പറഞ്ഞു. മെയ് മുതൽ, പ്രതിദിന വായ്പാ അക്കൗണ്ടുകളുടെ എണ്ണവും വായ്പാ തുകയും വർദ്ധിച്ചുവെന്നും കാര്യങ്ങൾ സ്ഥിരത കൈവരിക്കുകയും ലോക്ക്ഡൌൺ പൂർണ്ണമായും നീക്കം ചെയ്യുന്നതു വരെ ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാനറാ ബാങ്ക് പറഞ്ഞു.
പലിശ
കാനറ ബാങ്കിൽ സ്വർണ വായ്പയ്ക്ക് പലിശ നിരക്കുകൾ കൂടുതലാണെന്ന് കണ്ടെത്തിയതിനാലും ഉപഭോക്താക്കൾ മറ്റ് ബാങ്കുകളെയാണ് വായ്പയ്ക്കായി തിരഞ്ഞെടുക്കുന്നതെന്ന് മനസ്സിലാക്കിയതിനാലും ബാങ്ക് പലിശനിരക്ക് കുറച്ചതായി മണിമേഖലൈ പറഞ്ഞു. ഓരോ ശാഖയിലും ഒരു ബാങ്കിംഗ് ഓഫീസർ ഉണ്ടായിരിക്കും, അവർ സ്വർണ്ണ വായ്പകൾ മാത്രം കൈകാര്യം ചെയ്യും. സെപ്റ്റംബർ വരെ സ്വർണ്ണ വായ്പകൾക്ക് ഉയർന്ന ഡിമാൻഡാണ് മണിമേഖലൈ പ്രതീക്ഷിക്കുന്നത്.
വായ്പ പരിധി
കാനറാ ബാങ്കും ഐസിഐസിഐ ബാങ്കും ഒരു വർഷം വരെ കാലാവധിയിലുള്ള സ്വർണ്ണ വായ്പകളാണ് വാഗ്ദാനം ചെയ്യുന്നത്. ഐസിഐസിഐ ഹോം ഫിനാൻസ് 10 ലക്ഷം രൂപ വരെ വായ്പ നൽകുമ്പോൾ കാനറ ബാങ്ക് പരമാവധി 20 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നു. മിക്ക ബാങ്കുകളും കെവൈസി രേഖകൾ ഉണ്ടെങ്കിൽ വായ്പക്കാർക്ക് അരമണിക്കൂറിനുള്ളിൽ വായ്പ നൽകുമെന്ന് അവകാശപ്പെടുന്നു. സ്വർണ്ണ വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച നോൺ ബാങ്കിംഗ് ധനകാര്യ കമ്പനികളിൽ ഇതിനകം വായ്പകൾക്ക് വൻ ഡിമാൻഡാണ്.
അൺലോക്ക് 1.0
രാജ്യം അൺലോക്ക് 1.0ലാണ് ഇപ്പോൾ നിലവിലുള്ളത്. മാർക്കറ്റുകൾ ക്രമേണ തുറന്നതോടെ വരും ആഴ്ചകളിലും മാസങ്ങളിലും സ്വർണ്ണ വായ്പകൾക്ക് കൂടുതൽ ഡിമാൻഡ് ഉയരുമെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ പറഞ്ഞു. നടപടികൾ വേഗത്തിലായതിനാൽ മിനിമം ഡോക്യുമെന്റേഷൻ മാത്രമാണ് സ്വർണ്ണ വായ്പകൾക്ക് ആവശ്യം.
വായ്പ തുക
സാധാരണയായി സ്വർണത്തിന്റെ മൂല്യത്തിന്റെ 75% വരെ ബാങ്കുകൾ വായ്പയായി നൽകും. മിക്ക ബാങ്കുകളും കുറഞ്ഞത് 18 കാരറ്റ് പരിശുദ്ധി ആവശ്യപ്പെടുന്നു. ആഭരണങ്ങൾ പണയം വയ്ക്കുമ്പോൾ ബാങ്കുകൾ രത്നങ്ങളുടെയും കല്ലുകളുടെയും മൂല്യം പരിഗണിക്കില്ല. കൂടാതെ, പല ബാങ്കുകളും സ്വർണ്ണ ബാറുകൾക്കെതിരെ വായ്പ വാഗ്ദാനം ചെയ്യുന്നില്ല.
അറിയേണ്ട കാര്യങ്ങൾ
സാധാരണയായി, സ്വർണ്ണ വായ്പകൾക്ക് മുൻകൂർ പേയ്മെന്റ് ഇല്ല. കുടിശ്ശികയുള്ള വായ്പയുടെ 1% വരെ കുറച്ച് ബാങ്കുകൾക്ക് ഈടാക്കാം. പ്രോസസ്സിംഗ് ഫീസ് കൂടാതെ, വായ്പ നൽകുന്നവർക്ക് മൂല്യനിർണ്ണയ ചാർജുകളും ഈടാക്കാം. കൂടാതെ, വായ്പയെടുക്കുന്നയാൾക്ക് കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, ബാങ്കുകൾക്ക് സ്വർണം ലേലം ചെയ്യാൻ അവകാശമുണ്ട്. താൽക്കാലിക സാമ്പത്തിക പ്രശ്‌നത്തെ മറികടക്കാൻ സ്വർണ്ണ വായ്പ നിങ്ങളെ സഹായിക്കും. എന്നാൽ വായ്പയുടെ കാലാവധി ഹ്രസ്വമായി നിലനിർത്താൻ ഓർമ്മിക്കുക.


Click it and Unblock the Notifications