ഡിസംബര്‍ പാദം ഗംഭീരം; ഐസിഐസിഐ ബാങ്കിൽ 37% ഉയര്‍ച്ച പറഞ്ഞ് മോത്തിലാല്‍ ഒസ്വാള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിസംബര്‍ പാദം ഗംഭീര സാമ്പത്തിക പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളില്‍ ഒന്നായ ഐസിഐസിഐ ബാങ്ക്. ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ ബാങ്കിന്റെ അറ്റാദായം 25 ശതമാനത്തിലേറെ വര്‍ധനവ് കണ്ടു. 6,194 കോടി രൂപയാണ് ഐസിഐസിഐ ബാങ്ക് ലാഭം രേഖപ്പെടുത്തുന്നതും. മികവാര്‍ന്ന 'പ്രോഗ്രസ് കാര്‍ഡ്' മുന്‍നിര്‍ത്തി തിങ്കളാഴ്ച്ചത്തെ തുടക്ക വ്യാപാരത്തില്‍ 1 ശതമാനത്തിലേറെ ഉയരാന്‍ ഐസിഐസിഐ ബാങ്കിന് സാധിച്ചു.

 
ഡിസംബര്‍ പാദം ഗംഭീരം; ഐസിഐസിഐ ബാങ്കിൽ 37% ഉയര്‍ച്ച പറഞ്ഞ് മോത്തിലാല്‍ ഒസ്വാള്‍

അറ്റ പലിശ വരുമാനം കൂടിയതും പ്രോവിഷനുകള്‍ കുറഞ്ഞതുമാണ് ബാങ്കിന്റെ പ്രകടനത്തില്‍ നിര്‍ണായകമായത്. കൃത്യം ഒരു വര്‍ഷം മുന്‍പ് ഇതേ കാലത്ത് 4,940 കോടി രൂപയായിരുന്നു ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം. കഴിഞ്ഞപാദം ബാങ്കിന്റെ അറ്റ പലിശ വരുമാനം 23 ശതമാനം വര്‍ധിച്ച് 12,236 കോടി രൂപയായി. വിപണിയില്‍ ഐസിഐസിഐ ബാങ്ക് ഓഹരികള്‍ ഇനിയും മുന്നേറുമെന്ന പക്ഷമാണ് ആഭ്യന്തര ബ്രോക്കറേജായ മോത്തിലാല്‍ ഒസ്വാളിന്.

'ശക്തമായ പാദഫലമാണ് ഐസിഐസിഐ ബാങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെച്ചപ്പെട്ട PPoP (പ്രീ-പ്രോവിഷന്‍ ഓപ്പറേറ്റിങ് പ്രോഫിറ്റ്) പ്രകടനവും നിയന്ത്രിത പ്രോവിഷനുകളും ആസ്തി നിലവാരത്തെ സ്വാധീനിച്ചു. ഉയര്‍ന്ന നേട്ടങ്ങള്‍ കണ്ടെത്താന്‍ റീടെയില്‍, ബിസിനസ് ബാങ്കിങ് വിഭാഗങ്ങള്‍ക്ക് കഴിയുന്നത് അറ്റ പലിശ വരുമാനം ഉയര്‍ത്തുകയാണ്; ഒപ്പം ബാധ്യതകളിലെ കുറവും ഐസിഐസിഐ ബാങ്കിന് ഗുണം ചെയ്യുന്നുണ്ട്', മോത്തിലാല്‍ ഒസ്വാള്‍ അറിയിക്കുന്നു. ഭാവിയിലെ കിട്ടാക്കടങ്ങള്‍ക്കായി ഫണ്ടുകള്‍ നീക്കിവെയ്ക്കുന്നതിന് മുന്‍പുള്ള വരുമാനമാണ് പ്രീ പ്രോവിഷന്‍ ഓപ്പറേറ്റിങ് പ്രോഫിറ്റ്. തിരിച്ചടവുകള്‍ മുടങ്ങുന്നതടക്കം വായ്പകളില്‍ രേഖപ്പെടുത്തുന്ന നഷ്ടമാണ് പ്രോവിഷനും.

നിലവില്‍ റീടെയില്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ബിസിനസ് ബാങ്കിങ് ഉള്‍പ്പെടുന്ന തന്ത്രപ്രധാന സെഗ്മന്റുകളില്‍ ഐസിഐസിഐ ബാങ്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നുണ്ട്. പുതിയ സ്ലിപ്പേജുകള്‍ കുറഞ്ഞു. ഇതോടെ ക്രെഡിറ്റ് ചെലവും ക്രമപ്പെട്ടു. 90 ദിവസത്തില്‍ കൂടുതല്‍ പലിശ ലഭിക്കാത്ത സാഹചര്യത്തില്‍ സാധാരണ ആസ്തി നിഷ്‌ക്രിയാസ്തിയായി മാറുന്നതാണ് സ്ലിപ്പേജ്. ബാങ്കിങ് വ്യവസായത്തിലെ ഏറ്റവും മികച്ച പിസിആര്‍ ഐസിഐസിഐ ബാങ്ക് അവകാശപ്പെടുന്നുണ്ട് (ഏകദേശം 80 ശതമാനം). കിട്ടാക്കടം മൂലമുള്ള നഷ്ടം നികത്താന്‍ ബാങ്കുകള്‍ നീക്കിവെയ്ക്കുന്ന ഫണ്ടുകളുടെ ശതമാനമാണ് പിസിആര്‍ (പ്രോവിഷനിങ് കവറേജ് റേഷ്യോ).

ഈ കാരണങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഐസിഐസിഐ ബാങ്കില്‍ 'ബൈ' റേറ്റിങ്ങാണ് മോത്തിലാല്‍ ഒസ്വാള്‍ കല്‍പ്പിക്കുന്നത്. ബാങ്കിന്റെ ഓഹരിയില്‍ 37 ശതമാനം ഉയര്‍ച്ച ബ്രോക്കറേജ് പ്രവചിക്കുന്നു. ടാര്‍ഗറ്റ് വില 1,100 രൂപ. ബാങ്കിങ് സെക്ടറില്‍ നിന്നുള്ള മോത്തിലാല്‍ ഒസ്വാളിന്റെ 'ടോപ്പ് പിക്കും' ഐസിഐസിഐ ബാങ്കുതന്നെ. മറ്റൊരു ആഭ്യന്തര ബ്രോക്കറേജായ പ്രഭുദാസ് ലില്ലാധറും സമാനമായ കാഴ്ച്ചപ്പാടാണ് ഐസിഐസിഐ ബാങ്കില്‍ പങ്കുവെയ്ക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം നാലാം പാദവും ബാങ്ക് വളര്‍ച്ചയുടെ പാതയില്‍ തുടരുമെന്ന് ബ്രോക്കറേജ് അഭിപ്രായപ്പെടുന്നു. കുറഞ്ഞ സ്ലിപ്പേജുകള്‍, ആസ്തി നിലവാരം, ശക്തമായ റിക്കവറി, അടിയുറച്ച ഫ്രാഞ്ചൈസി കരുത്ത് എന്നീ ഘടകങ്ങള്‍ സ്റ്റോക്കിലെ ശുഭസൂചനകളായി പ്രഭുദാസ് ലില്ലാധര്‍ അറിയിക്കുന്നു. ഐസിഐസിഐ ബാങ്കിന് 'ബൈ' റേറ്റിങ്ങാണ് ഇവരും നല്‍കുന്നത്. സ്റ്റോക്കിലെ ടാര്‍ഗറ്റ് വില 819 രൂപയില്‍ നിന്നും 906 രൂപയായി ബ്രോക്കറേജ് ഉയര്‍ത്തിയിട്ടുണ്ട്.

തിങ്കളാഴ്ച്ച രാവിലെ 812 രൂപയിലാണ് ഐസിഐസിഐ ബാങ്ക് ഓഹരികള്‍ ഇടപാടുകള്‍ നടത്തുന്നത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 1.21 ശതമാനം വിലിയിടവ് സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ഒരു മാസത്തെ ചിത്രത്തില്‍ 11.79 ശതമാനം ഉയര്‍ച്ചയും ഐസിഐസിഐ ബാങ്ക് അറിയിക്കുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 867 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 512 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 26.97. ഡിവിഡന്റ് യീല്‍ഡ് 0.25 ശതമാനം.

 

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

ICICI Bank Records Impressive December Quarter; Shares Surge 1 Per Cent On Monday; Bullish Trend

ICICI Bank Records Impressive December Quarter; Shares Surge 1 Per Cent On Monday; Bullish Trend. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X