2025 ഓടെ പെട്രോളില്‍ ലയിപ്പിക്കുന്ന ജൈവ ഇന്ധനമായ എഥനോള്‍ 20 ശതമാനമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. ഇതിന്റെ ഭാഗമായി എഥനോളിന്റെ സംഭരണവില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. നിലവില്‍ പെട്രോളില്‍ 10 ശതമാനം വരെ എഥനോള്‍ ചേര്‍ക്കാന്‍ അനുവാദമുണ്ട്.
എഥനോള്‍ കരിമ്പില്‍ നിന്നും ലഭിക്കുന്നതിനാല്‍ പഞ്ചസാര വ്യവസായത്തിനാണ് പുതിയ നീക്കം കാര്യമായി ഗുണം ചെയ്യുക. ഇങ്ങനെയൊരു വിപണി സാധ്യത മുന്നില്‍ നില്‍ക്കെ ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ ഡയറക്ട് അവദ്ധ് ഷുഗര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് സ്റ്റോക്കില്‍ (NSE: AVADHSUGAR) 50 ശതമാനം മുന്നേറ്റം പ്രവചിക്കുകയാണ്.
അടുത്ത 12 മാസം കൊണ്ട് അവദ്ധ് ഷുഗര്‍ ഓഹരികള്‍ 680 രൂപ വരെ ഉയരുമെന്ന് ബ്രോക്കറേജ് കണക്കുകൂട്ടുന്നു. വെള്ളിയാഴ്ച്ച 456.80 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത് (നവംബര്‍ 12). പ്രതിദിനം 31,800 ടണ്‍ കരിമ്പ് ഇടിച്ച് പിഴിയാനുള്ള ശേഷി അവദ്ധ് ഷുഗറിനുണ്ട്. പ്രതിദിനം 240 കിലോ ലീറ്റര്‍ ഡിസ്റ്റിലറി ശേഷിയും 74 മെഗാവാട്ട് വൈദ്യുത ഉത്പാദന ശേഷിയും ഇവര്‍ അവകാശപ്പെടുന്നു.
നിലവില്‍ 6.2 ലക്ഷം ടണ്‍ പഞ്ചസാരയും 6 കോടി ലീറ്റര്‍ എഥനോളും 15 കോടി യൂണിറ്റ് വൈദ്യുതിയുമാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. സെപ്തംബര്‍ പാദം മികച്ചതായിരുന്നു അവദ്ധ് ഷുഗറിന്. ലാഭം മൂന്നരമടങ്ങ് വര്‍ധിച്ചു. ഇതേസമയം, ആഭ്യന്തര വിപണിയിലെ ഡിമാന്‍ഡ് കുറവ് മുന്‍നിര്‍ത്തി വില്‍പ്പന വലിയ ഉയര്‍ച്ചയില്ലാതെ 619.6 കോടി രൂപയില്‍ അവസാനിച്ചു.
ജൂലായ് - സെപ്തംബര്‍ കാലയളവില്‍ കമ്പനിയുടെ ഇബിഐടിഡിഎ 38.8 ശതമാനം കൂടി 74.8 കോടി രൂപയായി (വാര്ഷികാടിസ്ഥാനം). മാര്‍ജിനുകളും 12.1 ശതമാനമായി മെച്ചപ്പെട്ടു (വാര്ഷികാടിസ്ഥാനം). കഴിഞ്ഞ പാദം 25.2 കോടി രൂപയാണ് കമ്പനി നികുതിക്ക് ശേഷമുള്ള ലാഭം കണ്ടെത്തിയത്. ഭാവിയില്‍ അവദ്ധ് ഷുഗര്‍ മുന്നേറ്റം കുറിക്കുമെന്ന് ബ്രോക്കറേജ് പറയാനുള്ള കാരണങ്ങള്‍ ചുവടെ അറിയാം.
1. ഡിസ്റ്റിലറി ശേഷി വിപുലീകരിക്കാനുള്ള നീക്കത്തിലാണ് കമ്പനി. പ്രതിദിനം 80 കിലോ ലീറ്റര്‍ കൂടി സംസ്കരിക്കാനുള്ള ശേഷി ഡിസ്റ്റിലറി സംവിധാനം കയ്യടക്കും. 135 കോടി രൂപയാണിതിന് ചിലവ്. പദ്ധതി പൂര്‍ത്തിയായാല്‍ 11 കോടി ലീറ്ററിലേക്ക് അവദ്ധ് ഷുഗറിന്റെ ഡിസ്റ്റിലറി ശേഷി എത്തും. കരിമ്പില്‍ നിന്നുള്ള എഥനോള്‍ ഉത്പാദനം കാര്യമായി വര്‍ധിപ്പിക്കാനുള്ള കരുനീക്കമാണ് കമ്പനി നടത്തുന്നത്.
2. വ്യവസായ വ്യാപകമായി ഇന്‍വെന്ററി (ശേഖരണ നില) കുറച്ചതോടെ പഞ്ചസാര വില ഉയര്‍ന്നിരിക്കുകയാണ്. ജൂണില്‍ 32.5 രൂപയുണ്ടായിരുന്ന പഞ്ചസാര വില ഇപ്പോള്‍ കിലോയ്ക്ക് 37 രൂപയാണ്. മുന്നോട്ട് കിലോയ്ക്ക് 35 രൂപയ്ക്ക് മുകളിലായിരിക്കും പഞ്ചസാര വില തുടരുക. ഈ നടപടി പഞ്ചസാര കമ്പനികളുടെ വരുമാനം കൂട്ടും.
3. അടുത്ത ഒരു വര്‍ഷം കൊണ്ട് ഇന്‍വെന്ററി ലിക്വിഡേഷന് സാധ്യമാകുന്നതോടെ കമ്പനിയുടെ ലാഭക്ഷമത വര്‍ധിക്കും. ഇതോടെ ബാലന്‍സ് ഷീറ്റ് ഡി-ലിവറേജ് ചെയ്യാനും അവദ്ധ് ഷുഗറിന് കഴിയും. 2021-24 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തം കടത്തില്‍ 540 കോടി രൂപയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അവദ്ധ് ഷുഗറിന്റെ ഓഹരി വില 2.1 മടങ്ങാണ് വര്‍ധിച്ചത്. 2016 നവംബറില്‍ 220 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. 2021-21 കാലഘട്ടത്തില്‍ അവദ്ധ് ഷുഗറിന്റെ ഡിസ്റ്റിലറി ഉത്പാദനം രണ്ടുമടങ്ങ് ഉയരും; ഇതോടെ വരുമാനം 41.3 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കുറിക്കുമെന്നും ഐസിഐസിഐ ഡയറക്ട് അറിയിക്കുന്നു.
നിലവില്‍ എഥനോള്‍ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്ന തിരക്കിലാണ് കമ്പനി. ഒപ്പം പഞ്ചസാര ഇന്‍വെന്ററി കുറയ്ക്കുന്നതിനായി അധിക കയറ്റുമതിയും ഇവര്‍ നടത്തുന്നുണ്ട്. ഇതൊക്കെയാണെങ്കിലും മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ അവദ്ധ് ഷുഗറിന്റെ പക്കല്‍ ഇപ്പോഴും ഉയര്‍ന്ന തോതില്‍ പഞ്ചസാര ശേഖരണമുണ്ട്. ആഭ്യന്തര വിപണിയില്‍ പഞ്ചസാരയ്ക്ക് വില ഉയരുന്നത് മുന്നോട്ടുള്ള നാളുകളില്‍ അവദ്ധ് ഷുഗറിന് ഗുണം ചെയ്യുമെന്ന് സാരം.
മാത്രമല്ല, ഇന്‍വെന്ററി ലിക്വിഡേഷന് അതിവേഗം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തില്‍ കടം കുറഞ്ഞ് കമ്പനി മെച്ചപ്പെട്ട ലാഭക്ഷമത കാഴ്ച്ചവെക്കും. 2022 ജൂണ്‍ ആകുമ്പോഴേക്കും ഡിസ്റ്റിലറി ശേഷിയുടെ വിപുലീകരണം പൂര്‍ത്തിയാക്കാനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. ഇതിന് ശേഷം 11 കോടി ലീറ്റര്‍ എഥനോള്‍ ഉത്പാദനം സാധ്യമാക്കാന്‍ അവദ്ധ് ഷുഗറിന് കഴിയും. പഞ്ചസാര സെക്ടറില്‍ പോസിറ്റീവ് കാഴ്ച്ചപ്പാടാണുള്ളതെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം തരാന്‍ അവദ്ധ് ഷുഗര്‍ സ്റ്റോക്കിന് കഴിയുമെന്നും ഐസിഐസിഐ ഡയറക്ട് പറയുന്നു.
കഴിഞ്ഞ് അഞ്ച് ദിവസത്തിനിടെ 7 ശതമാനം ഉയര്‍ച്ചയും ഒരു മാസം കൊണ്ട് 2.37 ശതമാനം ഇടിവുമാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്. ആറു മാസം കൊണ്ട് 46.09 ശതമാനം നേട്ടം സമര്‍പ്പിക്കാന്‍ അവദ്ധ് ഷുഗറിന് സാധിച്ചു. ഈ വര്‍ഷം ഇതുവരെ 113.89 ശതമാനം നേട്ടമാണ് കമ്പനി കാഴ്ച്ചവെക്കുന്നത്. ജനുവരി ഒന്നിന് 215.55 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 548 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 156.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും അവദ്ധ് ഷുഗര്‍ സാക്ഷിയാണ്. 930 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ പിഇ അനുപാതം 10.67 ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ



Click it and Unblock the Notifications