കോവിഡിന്റെ പുതിയ വകഭേദത്തെ സംബന്ധിച്ച ആശങ്കള്‍ കാരണം വിപണികളില്‍ ഇടിവു നേരിടുന്നതിനാണ് കഴിഞ്ഞയാഴ്ച സാക്ഷ്യംവഹിച്ചത്. തുടര്‍ന്ന് ഈ ആഴ്ചയിലെ രണ്ടു ദിവസവും വിപണികള്‍ തിരിച്ചുവരുന്നതിനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. എങ്കിലും വിപണികളില്‍ കടുത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ ഫാര്‍മ മേഖലയിലെ ഓഹരികളില്‍ ഉണര്‍വ് പ്രകടമാണ്. ഇതിനിടെ, അടുത്ത മൂന്ന് മാസക്കാലയളവിനുള്ളില്‍ 17 ശതമാനം വരെ നേട്ടം നല്‍കിയേക്കാവുന്ന 2 ഫാര്‍മ സ്റ്റോക്കുകള്‍ നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി.
സിപ്ല
1935 മുതല്‍ മുംബൈ ആസ്ഥാനമായി ഗവേഷണം, വിവിധതരം മരുന്നുകള്‍ നിര്‍മിക്കുന്നതുമായ കമ്പനിയാണ് സിപ്ല ലിമിറ്റഡ് (BSE:500087, NSE: CIPLA). റൂം ഫ്രഷ്നേഴ്സ്, ഡിറ്റര്‍ജന്റ്സ് മുതല്‍ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള മരുന്നുകള്‍ വരെ നിര്‍മ്മിക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ നീണ്ടനിരയുള്ള കമ്പനിയാണിത്. അല്‍ഷിമേഴ്സ്, ആര്‍ത്രൈറ്റിസ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകളും കമ്പനി ഉല്‍പാദിപ്പിക്കുന്നുണ്ട്. അമ്മയില്‍ നിന്നും കുട്ടിയിലേക്ക് എയ്ഡ്സ് രോഗം പകരാതിരിക്കാന്‍ വേണ്ടിയുള്ള പ്രതിരോധ മരുന്നുകളും കമ്പനി ഉല്‍പാദിപ്പിക്കുന്നു.
ലക്ഷ്യ വില 1,060
നിലവില്‍ 975 രൂപ നിലവാരത്തിലാണ് കമ്പനിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 3 മാസത്തേക്ക് 1,060 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസി ഡയറക്ടിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടിലുള്ളത്. ഇതിലൂടെ 12 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ ട്രേഡിന് 888 രൂപ നിലവാരത്തില്‍ സ്്‌റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ കുറഞ്ഞ വില 738.10 രൂപയും ഉയര്‍ന്ന വില 1005 രൂപയുമാണ്.
ബയോകോണ്‍
ബെംഗളൂരു ആസ്ഥാനമായി 1978 മുതല്‍ ഫാര്‍മ പ്രവര്‍ത്തിക്കുന്ന പ്രശസ്ത കമ്പനിയാണ് ബയോകോണ്‍ ലിമിറ്റഡ് (BSE:532523, NSE: BIOCON). ഇന്ത്യയിലെ മുന്‍നിര വനിത സംരംഭകയായ കിരണ്‍ മജുംദാര്‍ ഷായാണ് കമ്പനിയെ നയിക്കുന്നത്. മരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട ഗവേഷണം, ഉത്പാദനം, വിതരണം തുടങ്ങി എല്ലാ മേഖലഖളിലും ബയോകോണ്‍ ചുവടുറപ്പിച്ചിട്ടുണ്ട്. കൂടാതെ, പേപ്പര്‍, ഭക്ഷ്യവസ്തുക്കള്‍, മദ്യം, ടെക്‌സ്റ്റൈല്‍ മേഖലകളിലടക്കം വ്യവസായിക ആവശ്യത്തിനുള്ള എന്‍സൈമുകളും കമ്പനി നിര്‍മിക്കുന്നുണ്ട്.
പുതിയ സംരംഭം
അടുത്തിടെ, കമ്പനിയുടെ 35,700 കോടി രൂപ മതിപ്പു വിലയുള്ള 15% ഓഹരികള്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കാന്‍ കരാറില്‍ ഏര്‍പ്പെട്ടു. അടുത്ത 15 വര്‍ഷത്തേക്ക് വര്‍ഷം തോറും 10 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് പകരമായാണ് ഈ ഓഹരി കൈമാറ്റം. ഇതിനു പുറമെ ഇരു കമ്പനികളും ചേര്‍ന്ന് ഡെങ്കിപ്പനി, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡികളും വികസിപ്പിക്കും.
ലക്ഷ്യ വില 425
നിലവില്‍ 370 രൂപ നിലവാരത്തിലാണ് ബയോകോണിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 364 രൂപ നിലവാരത്തില്‍ നില്‍ക്കുമ്പോഴാണ് ബയോകോണിന്റെ ഓഹരികള്‍ വാങ്ങാമെന്ന നിര്‍ദേശം ഐസിഐസിഐ ഡയറക്ട് നല്‍കിയത്. ഇവിടെ നിന്നും 17 ശതമാനം നേട്ടം പ്രതീക്ഷിച്ച് 425 രൂപ ലക്ഷ്യമാക്കി 3 മാസക്കാലയളിലേക്ക് ഓഹരി വാങ്ങാം. ഇതിന് 327 നിലവാരത്തില്‍ സ്‌റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications