കോവിഡ് തകര്‍ച്ചയ്ക്കു ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ വരെ വിപണിയുടെ കുതിപ്പ് അപൂര്‍വമായ ബുള്ളിഷ് ട്രെന്‍ഡിലുള്ളതും കാര്യമായ തിരുത്തലുകളില്ലാത്തതും ആയിരുന്നു. എന്നാല്‍ ആഗോള വ്യാപകമായി പണപ്പെരുപ്പത്തിന്റെ ഭീഷണിയും തുടര്‍ന്ന് വിവിധ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കകളും ഈ ബുള്‍ തരംഗത്തിന് താത്കാലിക വിരാമമിട്ടിരിക്കുകയാണ്. എങ്കിലും മികച്ച ഓഹരികള്‍ക്ക് ഇനിയും നേട്ടം സമ്മാനിക്കാനാകുമെന്ന ഓര്‍മപ്പെടുത്തലോടെ, പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ ഐസിഐസിഐ ഡയറക്ട്, നിക്ഷേപത്തിന് പരിഗണിക്കുന്നതിനായി ഒരു മുന്‍നിര ഫാര്‍മ കമ്പനിയെ നിര്‍ദേശിച്ചു. സമീപ ഭാവിയില്‍ 30 ശതമാനത്തിലധികം നേട്ടം ഇതിലൂടെ ലഭിക്കാമെന്നും അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ലോറസ് ലാബ്‌സ്
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ആസ്ഥാനമായി 2005 മുതല്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഫാര്‍മ കമ്പനിയാണ് ലോറസ് ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്ന മരുന്നുകള്‍, ഹെപ്പറ്റൈറ്റിസ്-സി, ക്യാന്‍സര്‍, ഡയബറ്റിക് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കമ്പനി നിര്‍മിക്കുന്നു. പുതിയ മരുന്നുകള്‍ക്കായുള്ള ഗവേഷണ മേഖലയിലും കമ്പനി ശ്രദ്ധ നല്‍കുന്നുണ്ട്. ഇതിനുപുറമെ മരുന്നുകളുടെ നിര്‍മാണത്തിന് ആവശ്യമായ രാസസംയുക്തങ്ങളും ( APl) കമ്പനി ഉല്‍പാദിപ്പിക്കുന്നു്. ഇവ 56 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 1,206 കോടി രൂപയാണ് ലോറസ് ലാബ്‌സ് വരുമാനം നേടിയത്. ഇത് മുന്‍ പാദത്തെ അപേക്ഷിച്ചു 6.1 ശതമാനം കുറവാണ്. ഇതേകലായളവിലെ പ്രവര്‍ത്തന ലാഭം 284 കോടി രൂപയാണ്. നികുതി വിധേയ ലാഭവും മുന്‍പത്തേക്കാള്‍ കുറഞ്ഞ് 203 കോടി രൂപയായി. ചൈനയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവും വിലയിലുണ്ടായ സമ്മര്‍ദവുമാണ് പ്രവര്‍ത്തനഫലം മോശമാകാന്‍ കാരണം.
അനുകൂല ഘടകങ്ങള്‍
കമ്പനിയുടെ വളര്‍ച്ചാ സാധ്യതകള്‍ ശോഭനമാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചെലവു കുറഞ്ഞ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്ക് ലോകമാകെ ആവശ്യകത വര്‍ധിച്ചു വരുന്നുണ്ട്. ഇത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നാണ് അനുമാനം. കൂടാതെ, വന്‍ തോതില്‍ ജനറിക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളിലെ 10 എണ്ണത്തില്‍ ഒന്‍പതിനും മരുന്ന് നിര്‍മാണത്തിനുള്ള രാസസംയുക്തങ്ങള്‍ ലോറസ് ലാബ്‌സ് (BSE: 540222, NSE: LAURUSLABS) നല്‍കുന്നുണ്ട്. കൂടാതെ, ഗവേഷണ-വികസന മേഖലയിലുള്ള മത്സരക്ഷമതയും കമ്പനിയ്ക്ക് മുന്‍തൂക്കം നല്‍കുന്നു.
ലക്ഷ്യവില 670
നിലവില്‍ 513 രൂപ നിലവാരത്തിലാണ് ലോറസ് ലാബ്‌സിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 670 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനുള്ളില്‍ 32 ശതമാനത്തോളം നേട്ടം പ്രതീക്ഷിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications