2021-22 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി- മാര്‍ച്ച് സാമ്പത്തിക പാദത്തിലെ പ്രവര്‍ത്തന ഫലം കമ്പനികള്‍ പ്രഖ്യാപിച്ചു തുടങ്ങിക്കഴിഞ്ഞു. പതിവു പോലെ ഐടി കമ്പനികള്‍ തന്നെയാണ് പുതിയൊരു റിസള്‍ട്ട് സീസണ് കൂടി ആരംഭം കുറിച്ചത്. സമീപകാലയളവില്‍ വിപണിയുടെ ഭാഗധേയം നിര്‍ണയിക്കുന്നതിലും കമ്പനികളുടെ സാമ്പത്തിക ഫലങ്ങള്‍ക്ക് വലിയ സ്വാധീനം ചെലുത്താനാകും. ഇതിനിടെ രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് വാഹന മേഖലയില്‍ നിന്നും പരിഗണിക്കാവുന്ന മികച്ച ഓഹരികളെ നിര്‍ദേശിച്ച് പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടു.
മാര്‍ച്ച് ത്രൈമാസ കാലയളവില്‍ ഓട്ടോ സെക്ടറിലെ കമ്പനികളില്‍ നിന്നും താരതമ്യേന അനുകൂലമായ പ്രവര്‍ത്തനഫലം പ്രതീക്ഷിക്കാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇരുചക്ര വാഹന നിര്‍മാതാക്കളേക്കാള്‍ യാത്രാവാഹനങ്ങളും വാണിജ്യ വാഹനങ്ങളും നിര്‍മിക്കുന്ന കമ്പനികള്‍ പാദാനുപാദത്തില്‍ വിലയിരുത്തിയാല്‍ മികച്ച ഫലം പുറത്തുവിടാം. അതുപോലെ അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റം കാരണം, 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ വാഹന മേഖലയിലെ കമ്പനികളുടെ ലാഭക്ഷമത പൊതുവില്‍ കുറയാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
വാണിജ്യ വാഹനങ്ങള്‍ നിര്‍മിക്കാന്‍ കൂടുതല്‍ ആവശ്യം സ്റ്റീലുമായി ബന്ധപ്പെട്ട ഘടകങ്ങളാണ്. അതേസമയം, മറ്റ് വിഭാഗങ്ങളിലെ വാഹന നിര്‍മാണത്തില്‍ കൂടുതലും അലുമിനീയവും പ്ലാസ്റ്റിക്‌സുമാണ്. ഇതിനോടൊപ്പം സമീപകാല വിലക്കയറ്റം കണക്കിലെടുക്കുമ്പോള്‍ വാണിജ്യ വാഹന നിര്‍മാതാക്കള്‍ക്ക് മറ്റു വിഭാഗം നിര്‍മാതാക്കളേക്കാള്‍ പ്രവര്‍ത്തന ലാഭത്തിലെ മാര്‍ജിന്‍ നിലനിര്‍ത്താന്‍ സാധിക്കും. അതിനാല്‍ വാണിജ്യ വാഹന വിഭാഗത്തിലെ ഓഹരികള്‍ക്കാണ് നിക്ഷേപത്തിന് മുന്‍തൂക്കം നല്‍കുകയെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് വ്യക്തമാക്കി. ഓട്ടോ വിഭാഗം കമ്പനികളുടെ നാലാം പാദ പ്രവര്‍ത്തനഫലത്തിന് മുന്നോടിയായി മേഖലയെ കുറിച്ചുള്ള ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിലെ നിരീക്ഷണമാണ് മേല്‍സൂചിപ്പിച്ചത്.
സമീപ കാലയളവിലേക്ക് ടാറ്റ മോട്ടോര്‍സ്, അശോക് ലെയ്‌ലാന്‍ഡ്, ടിവിഎസ് മോട്ടോര്‍ എന്നീ ഓഹരികള്‍ക്കാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ഏറ്റവും കൂടുതല്‍ റേറ്റിങ് നല്‍കിയിരിക്കുന്നത്. അതുപോലെ ഐഷര്‍ മോട്ടോര്‍സ്, മാരുതി സുസൂക്കി, അപ്പോളോ ടയേര്‍സ്, ആഷി ഇന്ത്യ ഗ്ലാസ്, ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്, ഭാരത് ഫോര്‍ജ് എന്നീ ഓട്ടോ സെക്ടറിലെ പ്രധാന ഓഹിരകള്‍ക്കും ബൈ (BUY) റേറ്റിങ് നല്‍കിയിട്ടുണ്ട്.
അതേസമയം മഹീന്ദ്ര & മഹീന്ദ്ര, മതേര്‍സണ്‍ സുമി സിസ്റ്റംസ്, സന്‍സേര എന്‍ജിനീയറിംഗ് എന്നീ ഓഹരികള്‍ക്ക് ആഡ് (ADD) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. അതായത്, ഈ ഓഹരികള്‍ കുതിപ്പിലാണെങ്കിലും കുറഞ്ഞ അളവില്‍ വാങ്ങിയാല്‍ മതി എന്നാണ് ഈ റേറ്റിങ് നല്‍കുന്ന സൂചന. അതുപോലെ, ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോര്‍പ് എന്നീ ഓഹരികളില്‍ ഹോള്‍ഡ് (HOLD) എന്ന റേറ്റിങ്ങാണ് നല്‍കിയരിക്കുന്നത്. അതായത്, ഏതുവശത്തേക്കുമില്ലാതെ അഥവാ ന്യൂട്രല്‍ ട്രെന്‍ഡില്‍ നില്‍ക്കുന്ന ഓഹരികളാണെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications