കെമിക്കല്‍ രംഗത്തു നിന്നുള്ള ടാറ്റ കെമിക്കല്‍സില്‍ (NSE: TATACHEM) വളര്‍ച്ചാ സാധ്യത അറിയിക്കുകയാണ് ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ സെക്യുരിറ്റീസ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 189 ശതമാനം നേട്ടം സമര്‍പ്പിച്ച ടാറ്റ കെമിക്കല്‍സ് സ്‌റ്റോക്ക് ഇപ്പോള്‍ വാങ്ങാമെന്ന് ബ്രോക്കറേജ് പറയുന്നു.
നേരത്തെ സ്‌റ്റോക്കിന് 'ഹോള്‍ഡ്' റേറ്റിങ്ങായിരുന്നു ഇവര്‍ നല്‍കിയത്. എന്നാല്‍ മുന്നോട്ടുള്ള നാളുകളില്‍ കെമിക്കല്‍ ബിസിനസ് ഉണരുന്ന സാഹചര്യം കമ്പനിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് ഐസിഐസിഐ സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ 'ബൈ' റേറ്റിങ്ങും ടാറ്റ കെമിക്കല്‍സിന് ഇവര്‍ നല്‍കുന്നു.
അലക്കുകാരം ഉത്പാദിപ്പിക്കുന്ന ലോകത്തെ മുന്‍നിര കെമിക്കല്‍ കമ്പനികളില്‍ ഒന്നാണ് ടാറ്റ കെമിക്കല്‍സ്. പേരു സൂചിപ്പിക്കുന്നതുപോലെ ടാറ്റ ഗ്രൂപ്പിന് കീഴിലാണ് കമ്പനി നിലകൊള്ളുന്നത്. ബേസിക് കെമിക്കല്‍, സ്‌പെഷ്യാലിറ്റി കെമിക്കല്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് ടാറ്റ കെമിക്കല്‍സിന്റെ പ്രവര്‍ത്തനം. ബേസിക് കെമിക്കല്‍ വിഭാഗം അലക്കുകാരം (സോഡ ആഷ്), സോഡ ബൈകാര്‍ബണേറ്റ്, സിമന്റ്, ഉപ്പ്, സമുദ്ര രാസപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്നു.
റാലിസ് എന്ന ഉപസ്ഥാപനവുമായി സഹകരിച്ചാണ് സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. അഗ്രോ കെമിക്കല്‍ ഉത്പന്നങ്ങള്‍ റാലിസിലൂടെ കമ്പനി പുറത്തിറക്കുന്നു. പോഷകാഹാര ഉത്പന്നങ്ങളും സെപ്ഷ്യാലിറ്റി കെമിക്കല്‍സ് ഉത്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ടാറ്റ കെമിക്കല്‍സിന്റെ ഓഹരി വില സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കിന്റെ (സിഎജിആര്‍) 79 ശതമാനം രേഖപ്പെടുത്തുന്നത് കാണാം.
എന്തായാലും സ്റ്റോക്ക് ഇനിയും ഉയരുമെന്നാണ് ഐസിഐസിഐ സെക്യുരിറ്റീസ് പറയുന്നത്. അടുത്ത ഒരു വര്‍ഷം കൊണ്ട് ടാറ്റ കെമിക്കല്‍സിന്റെ ഓഹരി വില 1,035 രൂപ വരെയ്ക്കും എത്തുമെന്ന് ബ്രോക്കറേജ് നിരീക്ഷിക്കുന്നു. സ്‌റ്റോക്കില്‍ ഇവര്‍ നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വിലയും ഇതുതന്നെ. അലക്കുകാരത്തിന്റെ വിലനിര്‍ണയം മെച്ചപ്പെടുന്നത് ടാറ്റ കെമിക്കല്‍സിന്റെ ഭാവി വളര്‍ച്ചയ്ക്ക് കരുത്തു പകരും.
വടക്കേ അമേരിക്കന്‍ വിപണിയില്‍ കയറ്റുമതി ഡിമാന്‍ഡ് സാവകാശം ഉയരുന്നത് കമ്പനിയുടെ പ്രകടനത്തില്‍ നിര്‍ണായകമാവുന്നുണ്ട്. സ്‌പെഷ്യാലിറ്റി കെമിക്കല്‍ ബിസിനസ് മേഖലയില്‍ കൂടുതല്‍ കച്ചവടം പിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സ്‌പെഷ്യാലിറ്റി കെമിക്കല്‍ രംഗത്തെ മുന്നേറ്റം ടാറ്റ കെമിക്കല്‍സിന്റെ വാല്യുവേഷനെ സഹായിക്കുമെന്ന് ബ്രോക്കറേജ് പറയുന്നു.
ഇതേസമയം, നടപ്പു വര്‍ഷം രണ്ടാം പാദം പ്രതീക്ഷിച്ച രീതിയിലുള്ള സാമ്പത്തിക പ്രകടനം കാഴ്ച്ചവെക്കാന്‍ കമ്പനിക്ക് കഴിയാതെ പോയി. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ വളര്‍ച്ചയും യൂറോപ്പില്‍ നേരിട്ട പ്രവര്‍ത്തന നഷ്ടവുമാണ് ടാറ്റ കെമിക്കല്‍സിന് വിനയായത്.
കഴിഞ്ഞ പാദം കമ്പനിയുടെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധിച്ച് 3,022.6 കോടി രൂപയായി. ബേസിക് കെമിക്കല്‍ സെഗ്മന്റാണ് വരുമാനത്തില്‍ സിഹംഭാഗവും സമര്‍പ്പിച്ചത്. ഉയര്‍ന്ന വൈദ്യുതി, ഇന്ധന ചെലവുകള്‍ അടിസ്ഥാനപ്പെടുത്തി ഇബിഐഡിടിഎ മാര്‍ജിന്‍ 16.6 ശതമാനമായി ഉയര്‍ന്നതും കാണാം.
വെള്ളിയാഴ്ച്ച 1.37 ശതമാനം നേട്ടം കണ്ടുകൊണ്ടാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത് (നവംബര്‍ 12). 930 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 938 രൂപയില്‍ തിരശ്ശീലയിട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.36 ശതമാനം ഉയര്‍ച്ച സ്‌റ്റോക്ക് കുറിക്കുന്നുണ്ട്. എന്നാല്‍ ഒരു മാസത്തെ ചിത്രത്തില്‍ 15.27 ശതമാനം ഇടിവാണ് കമ്പനി നേരിടുന്നത്.
ആറു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 33.55 ശതമാനം നേട്ടം സമ്മാനിച്ച ടാറ്റ കെമിക്കല്‍സ് ഈ വര്‍ഷം ഇതുവരെ 95.44 ശതമാനം ഉയര്‍ച്ച കയ്യടക്കുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,158 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 318.10 രൂപ വരെയുള്ള വീഴ്ച്ചയ്ക്കും കമ്പനി സാക്ഷിയായി. 23,810 കോടി രൂപ വിപണി മൂല്യമുള്ള ടാറ്റ കെമിക്കല്‍സിന്റെ പിഇ അനുപാതം 36.14 ആണ്.
കെമിക്കല്‍ സെക്ടറില്‍ ടാറ്റ കെമിക്കല്‍സിന് പുറമെ നിയോജന്‍ കെമിക്കല്‍സിലും (NSE: NEOGEN) ഐസിഐസിഐ സെക്യുരിറ്റീസ് വളര്‍ച്ചാ സാധ്യത ഉറ്റുനോക്കുന്നുണ്ട്. ഫാര്‍മ, ബയോടെക്‌നോളജി രംഗത്ത് കരാര്‍ അടിസ്ഥാനത്തില്‍ ഗവേഷണ, ഉത്പാദന സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് നിയോജന്‍ കെമിക്കല്‍സ്. 1,515 രൂപയുടെ ടാര്‍ഗറ്റ് വില നിയോജന്‍ കെമിക്കല്‍സ് സ്‌റ്റോക്കില്‍ ബ്രോക്കറേജ് നിര്‍ദേശിക്കുന്നു.
വെള്ളിയാഴ്ച്ച 2.97 ശതമാനം നേട്ടത്തിലാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്. 1,297 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 1,325.50 രൂപയില്‍ അവസാനിച്ചു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.76 ശതമാനവും ഒരു മാസത്തിനിടെ 7.55 ശതമാനവും നേട്ടം സമര്‍പ്പിക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞിട്ടുണ്ട്. ആറു മാസം കൊണ്ട് 51.82 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്.
ഈ വര്‍ഷം ഇതുവരെയുള്ള ഉയര്‍ച്ച 80.33 ശതമാനം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,449 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 614 രൂപ വരെയുള്ള താഴ്ച്ചയ്ക്കും നിയോജന്‍ കെമിക്കല്‍സ് സാക്ഷിയായി. 3,010 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ പിഇ ആനുപാതം 85.19 ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications