ചൊവാഴ്ച്ച ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (എഫ്ഓഎംസി) യോഗം ആരംഭിച്ചിരിക്കുകയാണ്. സാമ്പത്തിക വിപണികളില്‍ സ്വാധീനം ചെലുത്തുന്ന ഒരുപിടി തീരുമാനങ്ങള്‍ യോഗത്തില്‍ ഉരുത്തിരിയുമെന്നാണ് സൂചന. നവംബര്‍ മുതല്‍ ബോണ്ട് വാങ്ങല്‍ കുറയ്ക്കുമെന്ന് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ആദ്യമേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഇന്ത്യയില്‍ ദീപാവലി ആഘോഷം കൊടികയറുകയാണ്. ദീപാവലി നാളുകളോട് അനുബന്ധിച്ച് നവംബര്‍ 4, 5 തീയതികളില്‍ ഓഹരി വിപണി അവധിയായിരിക്കും.
ഇങ്ങനെയൊരു മാര്‍ക്കറ്റ് സാഹചര്യത്തില്‍ ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ ഡയറക്ട് ഒരു വര്‍ഷം കൊണ്ട് 23 ശതമാനം വരെ നേട്ടം കാഴ്ച്ചവെക്കാന്‍ സാധ്യതയുള്ള നാലു സ്‌റ്റോക്കുകള്‍ കണ്ടെത്തിയിരിക്കുകയാണ്.
സെപ്തംബര്‍ പാദത്തിലെ സാമ്പത്തിക ഫലം കൂടി കണക്കിലെടുത്താണ് ബ്രോക്കറേജ് നാലു കമ്പനികള്‍ക്ക് ബൈ റേറ്റിങ് നല്‍കുന്നത്. ഐസിഐസിഐ ഡയറക്ടിന്റെ പട്ടികയിലുള്ള നാലു സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ 60 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ബ്രോക്കറേജ് നിര്‍ദേശിക്കുന്നത്. ചൊവാഴ്ച്ച 3.36 ശതമാനം നേട്ടത്തോടെയാണ് ബാങ്ക് വ്യാപാരം പൂര്‍ത്തിയാക്കിയത്. 50.65 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 52.25 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 0.29 ശതമാനവും ഒരു മാസം കൊണ്ട് 9.65 ശതമാനവും നേട്ടം കുറിക്കാന്‍ ബാങ്കിന്റെ ഓഹരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ആറു മാസത്തെ ചിത്രത്തില്‍ 3.24 ശതമാനം ഇടിവാണ് ഐഡിഎഫ്‌സി ബാങ്ക് നേരിടുന്നത്. മെയ് 3 -ന് 54 രൂപയായിരുന്നു ബാങ്കിന്റെ ഓഹരി വില. എന്നാല്‍ ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് 39.71 ശതമാനം നേട്ടം തിരിച്ചുനല്‍കാന്‍ ബാങ്കിന് സാധിച്ചത് കാണാം. ജനുവരി 1 -ന് 37.40 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 69.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 29.90 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സാക്ഷിയാണ്.
സെപ്തംബര്‍ പാദത്തിലെ ഫലം:
- അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 27.4 ശതമാനം കൂടി 2,272 കോടി രൂപയായി.
- അറ്റ പലിശ മാര്‍ജിന്‍ 25 ബേസിസ് പോയിന്റ് വര്‍ധിച്ച് 5.76 ശതമാനമെത്തി.
- വാര്‍ഷികാടിസ്ഥാനത്തില്‍ പ്രൊവിഷണ്‍ 74 ശതമാനത്തിലേക്ക് ചുരുങ്ങി.
- വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റാദായം 49 ശതമാനം കൂടി 151.7 കോടി ഡോളറായി.
- മുന്‍പാദത്തെ അപേക്ഷിച്ച് സെപ്തംബറില്‍ മൊത്തത്തിലുള്ള നിഷ്‌ക്രിയാസ്തി 34 ബേസിസ് പോയിന്റ് കുറഞ്ഞ് 4.27 ശതമാനമായി.
- പാദം അടിസ്ഥാനപ്പെടുത്തി അഡ്വാന്‍സുകള്‍ 3.1 ശതമാനമായി ഉയര്‍ന്നിട്ടുണ്ട് (സ്ഥാപനങ്ങള്‍ക്ക് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പ).
- വാര്‍ഷികാടിസ്ഥാനത്തില്‍ നിക്ഷേപങ്ങള്‍ 19 ശതമാനം വര്‍ധിച്ചു.
- കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട് അനുപാതം 51.3 ശതമാനമായി.
'കഴിഞ്ഞ 1 വര്‍ഷം കൊണ്ട് ഐഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ 65 ശതമാനത്തിലധികമാണ് ഉയര്‍ന്നിട്ടുള്ളത്. മാര്‍ജിനിലെ ക്രമാനുഗതമായ പുരോഗതി, വായ്പാ വളര്‍ച്ച, പ്രവര്‍ത്തന മികവ് എന്നിവ റിട്ടേണ്‍ അനുപാതത്തെ സ്വാധീനിക്കും. ഇക്കാരണത്താല്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ ഞങ്ങള്‍ ബൈ റേറ്റിങ് തുടരുകയാണ്. ടാര്‍ഗറ്റ് വില 60 രൂപ', ബ്രോക്കറേജ് അറിയിക്കുന്നു.
മഹീന്ദ്ര ലോജിസ്റ്റിക്‌സ്
മഹീന്ദ്ര ലോജിസ്റ്റിക്‌സില്‍ 750 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിക്കുന്നത്. ചൊവാഴ്ച്ച 3.92 ശതമാനം നേട്ടത്തോടെയാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്. 650.10 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 662 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 1.90 ശതമാനവും ഒരു മാസം കൊണ്ട് 9.80 ശതമാനവും ഇടിവ് കമ്പനി നേരിടുന്നുണ്ട്.
എന്നാല്‍ ആറു മാസത്തെ ചിത്രത്തില്‍ 27.75 ശതമാനം ഉയരാന്‍ മഹീന്ദ്ര ലോജിസ്റ്റിക്‌സിന് കഴിഞ്ഞു. മെയ് 3 -ന് 518.20 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് 57.54 ശതമാനം നേട്ടം തിരിച്ചുനല്‍കാന്‍ കമ്പനിക്ക് സാധിച്ചത് കാണാം. ജനുവരി 1 -ന് 420.20 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 821 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 350 രൂപ വരെയുള്ള താഴ്ച്ചയ്ക്കും മഹീന്ദ്ര ലോജിസ്റ്റിക്‌സ് സാക്ഷിയാണ്.
സെപ്തംബര്‍ പാദത്തിലെ ഫലം
- മാര്‍ജിന്‍ പ്രതീക്ഷിച്ചതിലും കുറവായതുകൊണ്ട് ലാഭക്ഷമത താഴേക്ക് പോയി.
- സപ്ലൈ ചെയിന്‍ ബിസിനസിലെ മികവാര്‍ന്ന പ്രകടനം മുന്‍നിര്‍ത്തി വരുമാനം 22 ശതമാനം കൂടി 1,019 കോടി രൂപയായി.
- ഇബിഐടിഡിഎ 34 ശതമാനം ഉയര്‍ന്ന് 50 കോടി രൂപയായി; 4.9 ശതമാനമാണ് മാര്‍ജിന്‍ (പ്രതീക്ഷിച്ചിരുന്നത് 5.6 ശതമാനവും).
- വാര്‍ഷികാടിസ്ഥാനത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 37 ശതമാനം ഇടിഞ്ഞ് 9 കോടി രൂപയായി.
'ഹ്രസ്വകാലത്തേക്ക് ഓട്ടോ മേഖലയില്‍ നിന്ന് ഒരുപിടി വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും വെയര്‍ഹൗസിങ് പോലുള്ള ഓട്ടോയിതര സെഗ്മന്റുകളില്‍ പിടിമുറുക്കാന്‍ കമ്പനിക്ക് സാധിക്കുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പോസിറ്റീവ് ട്രെന്‍ഡാണ് സ്‌റ്റോക്കില്‍ കാണാന്‍ കഴിയുന്നത്. വളര്‍ച്ചാ സാധ്യത മുന്‍നിര്‍ത്തി ബൈ റേറ്റിങ്ങാണ് മഹീന്ദ്ര ലോജിസ്റ്റിക്‌സില്‍ ഞങ്ങള്‍ നല്‍കുന്നത്. ടാര്‍ഗറ്റ് വില 750 രൂപ', ബ്രോക്കറേജ് അറിയിക്കുന്നു.
ഗെയില്‍ (ഇന്ത്യ)
ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ 180 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിക്കുന്നത്. ചൊവാഴ്ച്ച 0.73 ശതമാനം നേട്ടത്തോടെയാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്. 150.70 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 151.30 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 0.46 ശതമാനവും ഒരു മാസം കൊണ്ട് 6.34 ശതമാനവും ഇടിവ് കമ്പനി നേരിടുന്നുണ്ട്.
എന്നാല്‍ ആറു മാസത്തെ ചിത്രത്തില്‍ 10.04 ശതമാനം ഉയരാന്‍ ഗെയില്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. മെയ് 3 -ന് 137.50 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് 22.36 ശതമാനം നേട്ടം തിരിച്ചുനല്‍കാന്‍ കമ്പനിക്ക് സാധിച്ചത് കാണാം. ജനുവരി 1 -ന് 123.65 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 171.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 83.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഗെയില്‍ ഇന്ത്യ ലിമിറ്റഡ് സാക്ഷിയാണ്.
സെപ്തംബര്‍ പാദത്തിലെ ഫലം:
- പ്രതീക്ഷിച്ചതിലും മേലെയുള്ള ലാഭക്ഷമത.
- വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനം 57.7 ശതമാനം കൂടി 21,511 കോടി രൂപയായി.
- എല്‍പിജി, എല്‍എല്‍എച്ച് ഒഴികെ മറ്റു സെഗ്മന്റുകള്‍ എല്ലാം കരുതിയതിലും ഉയര്‍ന്ന ലാഭമാണ് കണ്ടെത്തിയത്.
- വാര്‍ഷികാടിസ്ഥാനത്തില്‍ ഇബിഐടിഡിഎ 159.7 ശതമാനം കൂടി 3,745.1 കോടി രൂപയായി.
- വാര്‍ഷികാടിസ്ഥാനത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 130.9 ശതമാനം കൂടി 2,862.9 കോടി രൂപയായി.
എസ്‌കോര്‍ട്ട്‌സ് ലിമിറ്റഡ്
എസ്‌കോര്‍ട്ട്‌സ് ലിമിറ്റഡില്‍ 1,900 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിക്കുന്നത്. ചൊവാഴ്ച്ച 0.50 ശതമാനം നേട്ടത്തോടെയാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്. 1,553 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 1,553.40 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 0.46 ശതമാനം ഇടിവും ഒരു മാസം കൊണ്ട് 3.81 ശതമാനം നേട്ടവുമാണ് സ്‌റ്റോക്ക് രേഖപ്പെടുത്തുന്നത്.
ആറു മാസത്തെ ചിത്രത്തില്‍ 37.76 ശതമാനം ഉയരാന്‍ എസ്‌കോര്‍ട്ട്‌സ് ലിമിറ്റഡിന് കഴിഞ്ഞു. മെയ് 3 -ന് 1,127.60 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് 20.62 ശതമാനം നേട്ടം തിരിച്ചുനല്‍കാന്‍ കമ്പനിക്ക് സാധിച്ചത് കാണാം. ജനുവരി 1 -ന് 1,287.80 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,666.35 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,100 രൂപ വരെയുള്ള താഴ്ച്ചയ്ക്കും എസ്‌കോര്‍ട്ട്‌സ് ലിമിറ്റഡ് സാക്ഷിയാണ്.
സെപ്തംബര്‍ പാദത്തിലെ ഫലം:
- വാര്‍ഷികാടിസ്ഥാനത്തില്‍ മൊത്തത്തിലുള്ള പ്രവര്‍ത്തന വരുമാനം 1.4 ശതമാനം കൂടി 1,622 കോടി രൂപയായി.
- ഇബിഐടിഡിഎ മാര്‍ജിന്‍ 131 ബേസിസ് പോയിന്റ് താഴേക്ക് വീണ് 12.6 ശതമാനമായി. പ്രതീക്ഷിച്ചതിലും കുറവാണിത്.
- വാര്‍ഷികാടിസ്ഥാനത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 24.5 ശതമാനം കുറഞ്ഞ് 173 കോടി രൂപയായി.
'എസ്‌കോര്‍ട്ട്‌സിന്റെ ഓഹരി വില കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നാലുമടങ്ങാണ് ഉയര്‍ന്നിട്ടുള്ളത്. നിഫ്റ്റി ഓട്ടോ സൂചികയെ പോലും സ്‌റ്റോക്ക് പിന്തള്ളി. ശക്തമായ മൂലധന കാര്യക്ഷമത, നെറ്റ് ക്യാഷ് എന്നിവ മുന്‍നിര്‍ത്തി ബൈ റേറ്റിങ്ങാണ് എസ്‌കോര്‍ട്ട്‌സ് ലിമിറ്റഡിന് ഞങ്ങള്‍ നല്‍കുന്നത്. ടാര്‍ഗറ്റ് വില 1,900 രൂപ', ബ്രോക്കറേജ് അറിയിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications