നിലവില്‍ കാര്‍ഷിക മേഖല മാത്രമാണ് ഇന്ത്യയില്‍ വളരുന്നത്. കൊവിഡ് ഭീതിയും ലോക്ക്ഡൗണും കാരണം രാജ്യത്തെ മറ്റു സുപ്രധാന വ്യാവസായിക മേഖലകളെല്ലാം മാന്ദ്യത്തില്‍ തുടരുന്നു. കെട്ടിടനിര്‍മ്മാണ മേഖലയിലാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരം. ഏപ്രില്‍ - ജൂണ്‍ പാദം 50.3 ശതമാനം ഇടിവാണ് കെട്ടിടനിര്‍മ്മാണ വ്യവസായത്തില്‍ മാത്രം സംഭവിച്ചത്. ഉത്പാദന വ്യവസായമാകട്ടെ, 39.3 ശതമാനം തകര്‍ച്ച രേഖപ്പെടുത്തി. വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം, ആശയവിനിമയം, പ്രക്ഷേപണവുമായി ബന്ധപ്പെട്ട സേവന മേഖല എന്നിവയെല്ലാം നിലയില്ലാക്കയത്തില്‍ കയ്യിട്ടടിക്കുകയാണ്.
തിങ്കളാഴ്ച്ച കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം ആദ്യപാദം ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ച 23.9 ശതമാനം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത് കാണാം. മുന്‍ പാദം (മാര്‍ച്ച് പാദം) 3.1 ശതമാനമായിരുന്നു രാജ്യം കുറിച്ച മൊത്തം വളര്‍ച്ചാ നിരക്ക്. എന്തായാലും നിലവില്‍ ഇന്ത്യയുടെ പ്രധാന വളര്‍ച്ചാ സൂചികകളുടെയെല്ലാം കിടപ്പ് താഴോട്ടാണ്. ജൂണില്‍ നേരിയ പുരോഗതി കാഴ്ച്ചവെച്ചെങ്കിലും ജൂലായില്‍ ചിത്രം വീണ്ടും ഭീകരമായി.
സമ്പദ്ഘടന പഴയപടിയാകാന്‍ ഇനിയും കാലതാമസമെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. ജൂണ്‍ പാദത്തില്‍ അടിസ്ഥാന വിലയെ ആശ്രയിച്ചുള്ള മൊത്തം മൂല്യവര്‍ധിത വളര്‍ച്ച (ജിവിഎ) 22.8 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. പറഞ്ഞുവരുമ്പോള്‍ രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നിട്ടില്ല. എന്നാല്‍ നിക്ഷേപം, മൂലധന ചിലവുകള്‍, ഉപഭോഗ ആവശ്യം തുടങ്ങിയ ഘടകങ്ങള്‍ ദുര്‍ബലമായി തുടരുമ്പോള്‍ മാന്ദ്യത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കടന്നുപോകുന്നത്.
ഇന്ത്യയിലെ ശമ്പളവിഭാഗത്തെയാണ് ലോക്ക്ഡൗണ്‍ കാലം സങ്കീര്‍ണമായി ബാധിച്ചതെന്ന് സിഎംഐഇ (സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കോണമി) അടുത്തിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്. ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ ശമ്പളവിഭാഗ മേഖലയില്‍ 18.9 മില്യണ്‍ രൂപയുടെ നഷ്ടം സംഭവിച്ചു. സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേരിടുന്ന നാലാമത്തെ സാമ്പത്തിക മാന്ദ്യമായിരിക്കും ഈ വര്‍ഷത്തേതെന്ന് ആഗോള ഗവേഷണ റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ അറിയിച്ചിട്ടുണ്ട്. ഉദാരവത്കരണത്തിന് ശേഷം രാജ്യം കടന്നുപോകുന്ന ഏറ്റവും മോശം സാഹചര്യമാണ് ഇപ്പോഴത്തേതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
1958, 1966, 1980 കാലഘട്ടത്തിലാണ് ഇന്ത്യ അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലൂടെ മുന്‍പ് കടന്നുപോയിട്ടുള്ളത്. കഴിഞ്ഞ മൂന്നു തവണയും ശക്തമായ കാലവര്‍ഷവും തുടര്‍ന്നുണ്ടായ കൃഷി നാശവും സാമ്പത്തിക മാന്ദ്യത്തിന് ഇടവരുത്തി. എന്നാല്‍ ഇത്തവണ കൊവിഡ് ഭീതിയും ലോക്ക്ഡൗണും കാരണമായിരിക്കും സാമ്പത്തികസ്ഥിതി രൂക്ഷമാവുകയെന്ന മുന്നറിയിപ്പ് ക്രിസില്‍ നല്‍കുന്നുണ്ട്.
എന്തായാലും ജൂണ്‍ പാദത്തില്‍ കൃഷി, വനം, മത്സ്യ മേഖലകള്‍ മാത്രമാണ് ആശ്വാസകരമായ വളര്‍ച്ച കാഴ്ച്ചവെക്കുന്നത്. മൂന്നു മേഖലകളിലും 3.4 ശതമാനം വീതം വളര്‍ച്ച കാണാം. ഇതേസമയം വ്യവസായിക ഉത്പാദന സൂചിക (ഐഐപി), ഉത്പാദന മേഖലയിലെ പര്‍ച്ചേസിങ് മാനേജേഴ്‌സ് സൂചിക, വാഹന വില്‍പ്പന തുടങ്ങിയ പ്രധാന വളര്‍ച്ചാ സൂചികകള്‍ ജൂണ്‍ പാദത്തില്‍ സാരമായി ഇടിഞ്ഞു. ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ വ്യവസായിക ഉത്പാദന സൂചിക 36 ശതമാനമാണ് താഴോട്ടു വീണത്. വാണിജ്യ വാഹന വില്‍പ്പനയാകട്ടെ 84.8 ശതമാനവും കുറവ് രേഖപ്പെടുത്തി. എന്തായാലും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള വന്‍കിട പദ്ധതികളില്‍ നിക്ഷേപം ഉയരുന്നത് സമ്പദ്ഘടനയുടെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.
കെപിഎംജിയുടെ റിപ്പോര്‍ട്ട് പ്രകാരം അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ചിലവുകള്‍ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. കാരണം പൊതുചിലവുകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ മൊത്തം ഡിമാന്‍ഡ് വീണ്ടും ഉണര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് കെയ്‌നേഷ്യന്‍ സിദ്ധാന്തം മുന്നോട്ടുവെയ്ക്കുന്നത്. ആസൂത്രണം കൃത്യമെങ്കില്‍ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം മൂല്യവത്തായ ആസ്തികള്‍ സൃഷ്ടിക്കുന്നതിനൊപ്പം നിക്ഷേപകരുടെ ആത്മവിശ്വാസവും വരുമാനസ്രോതസ്സും വര്‍ധിപ്പിക്കും. തത്ഫലമായി ബിസിനസുകള്‍ വ്യാപിക്കും. തൊഴില്‍ അവസരങ്ങള്‍ കൂടും. ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടും.
മക്കിന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം കെട്ടിടനിര്‍മ്മാണ, ഉത്പാദന മേഖലകള്‍ക്ക് വളര്‍ച്ചാ നിരക്ക് അതിവേഗം തിരിച്ചുപിടിക്കാം. ഇതേസമയം, 8 മുതല്‍ 8.5 ശതമാനം വരെ വാര്‍ഷിക ജിഡിപി വളര്‍ച്ച കൈവരിക്കണമെങ്കില്‍ അടുത്ത പതിറ്റാണ്ടില്‍ 90 ദശലക്ഷം കാര്‍ഷികേതര തൊഴിലവസരങ്ങള്‍ ഇന്ത്യയ്ക്ക് സൃഷ്ടിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. എന്നാല്‍ ലോക്ക്ഡൗണിന് മുന്‍പും കെട്ടിടനിര്‍മ്മാണ, ഉത്പാദന മേഖലകള്‍ പതിയെയയാണ് മുന്നോട്ടുപോയത്. ഇന്ത്യയെ അലട്ടുന്ന പ്രധാന ആശങ്കയും ഇതുതന്നെ. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം കേവലം 0.03 ശതമാനം വളര്‍ച്ച മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉത്പാദന മേഖല നേടിയത്. 2018-19 വര്‍ഷം 5.7 ശതമാനമായിരുന്നു ഉത്പാദന മേഖലയുടെ വളര്‍ച്ചയെന്നും ഇവിടെ പരാമര്‍ശിക്കണം.
കെട്ടിടനിര്‍മ്മാണ മേഖലയുടെ കാര്യമെടുത്താല്‍ 1.3 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കണ്ടത്. നിലവില്‍ രാജ്യത്തെ 16 ശതമാനം തൊഴിലാളികളും കെട്ടിടനിര്‍മ്മാണ മേഖലയെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇന്ത്യയുടെ ജിഡിപിയിലേക്ക് 5 ശതമാനം കെട്ടിടനിര്‍മ്മാണ മേഖലയുടെ സംഭാവനയാണ്. ഏകീകൃത മൂലധന സമാഹരണത്തില്‍ 78 ശതമാനത്തോളവും കെട്ടിടനിര്‍മ്മാണ മേഖലയ്ക്ക് പങ്കുണ്ട്. മറുഭാഗത്ത് 16 മുതല്‍ 17 ശതമാനം വരെയാണ് ഉത്പാദന മേഖല ജിഡിപി വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തുന്നത്. രാജ്യത്തെ 12 ശതമാനം തൊഴിലാളികള്‍ ഉത്പാദന മേഖലയിലാണ് പണിയെടുക്കുന്നതും.


Click it and Unblock the Notifications