ഇന്ത്യൻ നിക്ഷേപകരുടെ പ്രിയപ്പെട്ട റെയിൽവേ ഓഹരികളിലൊന്നാണ് ഐആർഎഫ്‌സി (ഇന്ത്യൻ റെയിൽവേ ഫിനാൻ- കോർപ്പറേഷൻ). നിലവിൽ ഓഹരി ഏകീകരണ ഘട്ടത്തിലാണ്. 180 രൂപ മുതൽ 195 രൂപ എന്ന എന്ന നിലയിലാണ് ഓഹരിയുടെ വ്യാപാരം. കഴിഞ്ഞ ഒരു വർഷത്തിനിടെ 284 ശതമാനം വളർച്ച കൈവരിച്ചതിന് ശേഷം കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഓഹരിയുടെ റാലി മന്ദഗതിയിലായി. ഓഗസ്റ്റ് 23, വെള്ളിയാഴ്ച, റെയിൽവേ പൊതുമേഖലാ ഓഹരി ഇൻട്രാഡേ സെഷനിൽ 1 ശതമാനത്തോളം നേട്ടമുണ്ടാക്കി.
വരും ദിവസങ്ങളിൽ ഓഹരി മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടോ എന്ന പരിശോധനയിലാണ് നിക്ഷേപകർ. ഐആർഎഫ്‌സി ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ അറിയാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 183.20 രൂപ എന്നതാണ് നിലവിൽ ഐആർഎഫ്‌സി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.27 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. എന്നാൽ ഒരു മാസത്തിനിടെ 7 ശതമാനം ഇടിവ് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. 19.58 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ റെയിൽവേ ഓഹരി നേടിയത്. 2024-ൽ ഇതുവരെ 82.47 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 283.66 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിലും ഐആർഎഫ്‌സി ഇടം പിടിച്ചു. 229 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 47.60 രൂപയാണ്.

ലാഭവിഹിതം
ഐആർഎഫ്‌സി ഓഹരികൾ 2023-24 സാമ്പത്തിക വർഷത്തിലെ അവസാന ലാഭവിഹിതമായ 0.70 രൂപയ്ക്ക് ആഗസ്റ്റ് 22 ന് എക്സ്-ഡേറ്റ് ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ ഒരു ഓഹരിക്ക് 0.80 രൂപ ഇടക്കാല ലാഭവിഹിതം നൽകിയതിന് പുറമെയാണ് ഈ ലാഭവിഹിതം നൽകിയത്.
ഓഹരി വില ഉയരുമോ..?
ഐആർഎഫ്‌സി ഓഹരികൾ നിലവിൽ നേരിയ ഇടിവിലാണ്. ഓഹരിയുടെ വില 170 രൂപയിൽ താഴേക്ക് പോവുകയാണെങ്കിൽ ആ ഇടിവ് 143 രൂപ വരെ തുടരാൻ സാധ്യതയുണ്ടെന്നാണ് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടു തന്നെ ഓഹരി 170 രൂപയിൽ താഴെ ക്ലോസ് ചെയ്താൽ നിക്ഷേപകർ ഓഹരിയിൽ നിന്ന് പുറത്തുകടക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. അതേസമയം ഐആർഎഫ്‌സി ഓഹരികൾ 190 രൂപ നിലവാരം മറികടക്കുകയാണെങ്കിൽ ഓഹരി 215 രൂപ നിലവാരത്തിലേക്ക് കുതിക്കുമെന്നും വിദഗ്ധർ ചൂട്ടിക്കാട്ടുന്നു.
പ്രധാനപ്പെട്ട ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ പ്രഭുദാസ് ലീലാധർ, അടുത്തിടെ പുറത്തിറക്കിയ റിസർച്ച് റിപ്പോർട്ടിൽ 175 രൂപ നിലവാരത്തിൽ നിന്നും ഐആർഎഫ്സി ഓഹരിയിൽ പുതിയ നിക്ഷേപം പരിഗണിക്കാമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്നും ഹ്രസ്വകാലയളവിൽ 230 മുതൽ 250 രൂപ വരെ ഓഹരി വില മുന്നേറാം എന്നാണ് നിഗമനം. 168 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാനും പ്രഭുദാസ് ലീലാധറിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി)
ആഭ്യന്തര, വിദേശ വിപണികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ സമർപ്പിത ധനകാര്യ വിഭാഗമാണ് ഐആർഎഫ്‌സി. മിനിരത്‌ന പദവിയുള്ള പൊതുമേഖലാ കമ്പനിയാണിത്. ഐആർഎഫ്‌സിയിൽ സർക്കാരിന് 86.36 ശതമാനവും വിദേശ നിക്ഷേപകർക്ക് 1.14 ശതമാനവും പങ്കാളിത്തമുണ്ട്. ഐആർഎഫ്‌സിയുടെ വിപണി മൂലധനം 2.4 ലക്ഷം കോടിയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications