രാവിലെയോ, വൈകിട്ടോ റെയിൽവെ സ്റ്റേഷനിൽ അൺറിസർവ്ഡ് ടിക്കറ്റെടുക്കുക എന്ന് പറഞ്ഞാൽ അല്പം ക്ഷമ കൂടി ആവശ്യമുള്ള ജോലിയാണ്. നീണ്ട വരിയിൽ സ്ഥാനം പിടിച്ച് ടിക്കറ്റെടുക്കുമ്പോഴേക്കും തീവണ്ടി സ്റ്റേഷൻ വിട്ടിട്ടുണ്ടാകും. ഇതിനാൽ തിരക്കുള്ള സമയത്ത് തീവണ്ടി യാത്രയ്ക്ക് ഒരുങ്ങുന്നവർ നേരത്തെ എത്തി ടിക്കറ്റ് സ്വന്തമാക്കേണ്ടതുണ്ട്.
ഇതിന് പരിഹാരമായാണ് ഇന്ത്യൻ റെയിൽവെ അൺറിർവ്ഡ് ടിക്കറ്റ് സിസ്റ്റം (UTS) എന്ന മൊബൈൽ ആപ്പ് പുറത്തിറക്കിയത്. എന്നാൽ ഈ സൗകര്യം യാത്രക്കാരിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നില്ലാ എന്നതാണ് റെയിൽവെ സ്റ്റേഷനിൽ ടിക്കറ്റെടുക്കാൻ ഇപ്പോഴും തുടരുന്ന തിരക്കിൽ നിന്ന് മനസിലാകുന്നത്. ടിക്കറ്റെടുക്കുന്നവർക്ക് ഇളവുകൾ ലഭിക്കുന്ന ഈ മൊബൈൽ ആപ്പ് വഴി എങ്ങനെ ടിക്കറ്റെടുക്കാമെന്നും ഇതുവവഴിയുള്ള നേട്ടങ്ങളും നോക്കം.
എന്താണ് യുടിഎസ് ആപ്പ്
റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഇന്ത്യൻ റെയിൽവെ ആരംഭിച്ച മൊബൈൽ ആപ്പാണ് അൺറിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം. ഇന്ത്യൻ റെയിൽവേ - സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ആപ്പ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും യുടിഎസ് ആപ്പ് ലഭിക്കും.
ഏതൊക്കെ ടിക്കറ്റ് എടുക്കാം
അൺ റിസർവ്ഡ് ടിക്കറ്റുകളാണ് യുടിഎസ് ആപ്പ് വഴി ലഭിക്കുക. യാത്ര ടിക്കറ്റ്, സീസൺ ടിക്കറ്റ്, പ്ലാറ്റ് ഫോം ടിക്കറ്റ് എന്നിവ ലഭിക്കും. ഇവ പേപ്പർലെസ്സ ടിക്കറ്റായും പേപ്പർ ടിക്കറ്റായും ഉപയോഗിക്കാൻ സാധിക്കും. പേപ്പർ ടിക്കറ്റ് തിരഞ്ഞെടുത്താൽ റെയിൽവെ സ്റ്റേഷനിലെ ടിക്കറ്റ് വെൻഡിംഗ് മെഷിനിൽ നിന്ന് ടിക്കറ്റ് പ്രിന്റ് എടുക്കണം.
സ്റ്റേഷനിൽ നിന്ന് നിശ്ചിത ദൂരത്ത് നിന്ന് മാത്രമെ നേരത്തെ ടിക്കറ്റ് എടുക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ ക്യൂർ ബുക്കിംഗ് സൗകര്യപ്രകാരം സ്റ്റേഷനിൽ പതിച്ച ക്യൂആർ കോഡ് സ്കാൻ ചെയ്ത് യാത്ര ആരംഭിക്കേണ്ട സ്റ്റേഷനിൽ നിന്ന് തന്നെ യുടിഎസ് ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യാനായി സ്മാർട്ട്‌ഫോണിൽ ജിപിഎസ് പ്രവർത്തനക്ഷമമാക്കിയിരിക്കണം.

രജിസ്ട്രേഷൻ
ആപ്പ് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. രജിസ്ട്രേഷനായി മൊബൈൽ നമ്പർ, പേര്, പാസ്‌വേഡ്, തിരിച്ചറിയൽ കാർഡ്, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങൾ നൽകണം. ഈ വിശദാംശങ്ങൾ നൽകിയ ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇത് നൽകി കഴിഞ്ഞാൽ രജിസ്ട്രേഷൻ പൂർത്തിയാകും.
എങ്ങനെ ടിക്കറ്റെടുക്കാം
ഓരോരരുത്തരുടെയും ആവശ്യം അനുസരിച്ച് സാധാരണ ബുക്കിംഗ്, ക്വിക്ക് ബുക്കിംഗ്, പ്ലാറ്റ്ഫോം ബുക്കിംഗ്, സീസൺ ബുക്കിംഗ്, ക്യുആർ ബുക്കിംഗ് എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ യുടിഎസ് ആപ്പിൽ ലഭിക്കുന്നുണ്ട്. ദൈനംദിന യാത്രയ്ക്ക് സാധാരണ ബുക്കിംഗ് അല്ലെങ്കിൽ ക്വിക്ക് ബുക്കിംഗ് ക്ലിക്ക് ചെയ്യാം, പ്ലാറ്റ്ഫോം ടിക്കറ്റുകൾക്ക് പ്ലാറ്റ്ഫോം ബുക്കിംഗിൽ ക്ലിക്ക് ചെയ്യണം.
സാധാരണ ബുക്കിംഗിൽ ബുക്ക് ആൻഡ് ട്രാവൽ (പേപ്പർലെസ്) എന്ന ഭാഗം തിരഞ്ഞെടുത്താൽ അടുത്തുള്ള സ്റ്റേഷൻ വിവരം ലഭിക്കും ഇത് തിരഞ്ഞെടുത്ത് ലക്ഷ്യസ്ഥാനത്തെ സ്റ്റേഷനും തിരഞ്ഞെടുക്കുക. യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി ഡിജിറ്റലായി പണം അടച്ചാൽ ആപ്പിൽ ടിക്കറ്റ് ജനറേറ്റ് ചെയ്യും. ആപ്പിൽ കാണുന്ന 'ടിക്കറ്റ് കാണിക്കുക' എന്ന ഭാഗത്ത് ടിക്കറ്റ് ലഭിക്കും. ഇത് ഉപയോഗിച്ച് യാത്രക്കാരന് ടിക്കറ്റ് എക്സിമനറെ (ടിടിഇ) ടിക്കറ്റ് കാണിക്കാനാകും.

ടിക്കറ്റ് നിരക്കിൽ ഇളവ്
യുടിഎസ് ആപ്പ് ഉപയോഗിച്ച് എടുക്കുന്ന ടിക്കറ്റുകൾക്ക് ചെറിയ ഇളവുകൾ ലഭിക്കുന്നുണ്ട്. ആപ്പിൽ വാലറ്റ് റീചാർജ് ചെയ്തും യുപിഐ വഴി നേരിട്ടും പണമടയ്ക്കാനുള്ള സൗകര്യമുണ്ട്. വാലറ്റ് റീചാർജ് ചെയ്യുന്നവർക്ക് അടയ്ക്കുന്ന 3 ശതമാനം ബോണസ് ലഭിക്കും. 50 രൂപ മുതൽ 100 ന്റെ ഗുണിതങ്ങളായി 10,000 രൂപ വരെ വാലറ്റിൽ റീചാർജ് ചെയ്യാൻ സാധിക്കും. 100 രൂപ റീചാർജ് ചെയ്താൽ 103 രൂപയ്ക്ക് ടിക്കറ്റെടുക്കാൻ സാധിക്കും.


Click it and Unblock the Notifications