രാജ്യത്ത് ഏറ്റവും ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാൻ സാധിക്കുന്നൊരു ഗതാഗത സംവിധാനമാണ് ഇന്ത്യൻ റെയിൽവെ. അധികം പണം ചെലവാക്കാതെ യാത്ര ചെയ്യുന്നവർക്ക് അധിക ചെലവില്ലാതെ താമസത്തിനും ഇന്ത്യൻ റെയിൽവെ സൗകര്യം ഒരുക്കുന്നുണ്ട്.
യാത്രക്കാർക്ക് തങ്ങളുടെ ട്രെയിൻ ടിക്കറ്റ് ഉപയോഗിച്ച് റെയിൽവെ നൽകുന്ന ഈ താമസ സൗകര്യം ഉപയോഗിക്കുകയും ചെയ്യാം. 100 രൂപയോളം മാത്രം ചെലവ് വരുന്ന താമസ സൗകര്യത്തിൽ എസി ഡബിൽ റൂം മുതൽ ഡോർമെറ്ററി സൗകര്യം വരെ ലഭിക്കും. ഇന്ത്യൻ റെയിൽവെയുടെ ഐആർസിടിസി റിട്ടയറിംഗ് റൂമിനെ പറ്റിയാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്.
റിട്ടയറിംഗ് റൂം
റെയിൽവെ സ്റ്റേഷൻ കെട്ടിടത്തിൽ തന്നെ ഇന്ത്യൻ റെയിൽവെ അനുവദിക്കുന്ന താമസ സൗകര്യമാണ് റിട്ടയറിംഗ് റൂമുകൾ. രാജ്യത്തെ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലെല്ലാം ഇന്ത്യന്‍ റെയില്‍വെ കാറ്ററിഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഈ താമസ സൗകര്യം ഒരുക്കുന്നുണ്ട്. കയ്യിൽ കൺഫേം, ആർഎസി ടിക്കറ്റുള്ളവർക്ക് ഓൺലൈനായും നേരിട്ട് സ്റ്റേഷനിലെത്തിയും റിട്ടയറിംഗ് റൂമുകൾ ബുക്ക് ചെയ്യാം. യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലോ യാത്ര അവസാനിക്കുന്ന സ്റ്റേഷനിലോ ആണ് റിട്ടയറിംഗ് റൂം ബുക്ക് ചെയ്യാൻ സാധിക്കുക.

റൂമുകൾ, സൗകര്യങ്ങൾ
സിംഗിള്‍ റൂം, ഡബിള്‍ റൂം, ഡോര്‍മെറ്ററി എന്നി സൗകര്യങ്ങളാണ് റിട്ടയറിംഗ് റൂമില്‍ വരുന്നത്. എസി, നോണ്‍ എസി വിഭാഗങ്ങളിൽ റൂം സൗകര്യം ലഭിക്കും. ഒറ്റ യാത്രക്കാരനാണെങ്കിൽ സിംഗിൽ റൂമോ ഡോർമെറ്ററി സൗകര്യമോ മാത്രമാണ് അനുവദിക്കുക. രണ്ട് യാത്രക്കാരുള്ള പിഎൻആർ നമ്പർ വഴി ബുക്ക് ചെയ്യുമ്പോൾ ഡബിൾ റൂമോ രണ്ട് ഡോർമെറ്ററിയോ ലഭിക്കും. ലഭ്യത അനുസരിച്ചാണ് ഇവ അനുവദിക്കുക. അതോടൊപ്പം റൂമുകളിലുള്ള അധിക സൗകര്യങ്ങൾ ബുക്ക് ചെയ്യുന്ന സമയത്ത് അറിയാൻ സാധിക്കും.
സമയ പരിധി, വാടക
ഐആർസിടിസി റിട്ടയറിംഗ് റൂം പരമാവധി 48 മണിക്കൂറിലേക്കാണ് ബുക്ക് ചെയ്യാൻ സാധിക്കുക. ലഭ്യത അനുസരിച്ചാണ് ബുക്കിംഗ് അനുവദിക്കുന്നത്. ബുക്കിംഗ് ദിവസത്തിന് 48 മണിക്കൂര്‍ മുന്‍പ് റിട്ടയർറിംഗ് റൂം ബുക്കിംഗ് റദ്ദാക്കാനും. 10 ശതമാനം തുക കുറച്ച് ബാക്കി തുക ലഭിക്കും. ആര്‍എസി ടിക്കറ്റ് ഉടമകള്‍ക്കും റിട്ടയറിംഗ് റൂം ബുക്ക് ചെയ്യാം. വെയ്റ്റ്‌ലിസ്റ്റഡ് ടിക്കറ്റുള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. റിട്ടയറിംഗ് റൂം വാടക ഓരോ സ്റ്റേഷൻ അനുസരിച്ചും വ്യത്യാസപ്പെടും.
ഉദാഹരണത്തിന്, ഓള്‍ഡ് ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ 12 മണിക്കൂർ സമയത്തേക്ക് ഡോർമെറ്ററിക്ക് ഒരു യാത്രക്കാരന് 71 രൂപയാണ് വാടക. എന്നാൽ യശ്വന്ത്പൂർ റെയിൽവെ സ്റ്റേഷനിൽ 12 മണിക്കൂർ സമയത്തേക്ക് 95 രൂപ ഡോർമെറ്റി സൗകര്യത്തിന് ഈടാക്കും.
റിട്ടയറിംഗ് റൂം ബുക്ക് ചെയ്യുന്നതിന് 24 മണിക്കൂറിന് 20 രൂപയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. ഡോര്‍മെറ്ററി ബുക്ക് ചെയ്യുന്നതിന് 10 രൂപയും ഈടാക്കും. 24 മണിക്കൂറിൽ കൂടുതലാണെങ്കില്‍ 40 രൂപയും 20 രൂപയും യഥാക്രമം ഈടാക്കും.
എങ്ങനെ ബുക്ക് ചെയ്യാം
ഓൺലൈനായി എങ്ങനെ റിട്ടയറിംഗ് റൂം ബുക്ക് ചെയ്യാമെന്ന് നോക്കാം. ഐആര്‍സിടിസി ടൂറിസം വെബ്‌സൈറ്റ് വഴിയാണ് റിട്ടയറിംഗ് റൂം ബുക്ക് ചെയ്യേണ്ടത്. മെയിന്‍ മെനുവില്‍ റിട്ടയറിംഗ് റൂം എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് റിട്ടയറിംഗ് റൂം ബുക്ക് ചെയ്യം. ഐആര്‍സിടിസി അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം പിഎൻആർ നമ്പര്‍ രേഖപ്പെടുത്തി സെര്‍ച്ച് ഐക്കണില്‍ ക്ലിക്ക് ചെയ്യണം.
സോഴ്‌സ് സ്‌റ്റേഷനിലോ (യാത്ര ആരംഭിക്കുന്നയിടം) യാത്ര അവസാനിക്കുന്ന സ്‌റ്റേഷനിലെയോ താമസ സൗകര്യം ആവശ്യാനുസരണം തിരഞ്ഞെടുക്കുക. ചെക്ക് ഇന്‍, ചെക്ക് ഔട്ട് തീയതികള്‍, ബെഡ് ടൈപ്പ്, എസി, നോണ്‍ എസി വിവരങ്ങള്‍ രേഖപ്പെടുത്തുക. ലഭ്യത അനുസരിച്ച് റൂം തിരഞ്ഞെടുത്ത് തിരിച്ചറിയല്‍ രേഖയുടെ വിവരങ്ങള്‍ നല്‍കിയാല്‍ പണമടച്ച് റൂം ബുക്ക് ചെയ്യാം.


Click it and Unblock the Notifications