മേയ് മാസത്തിലെ വ്യാപാരത്തിന് വിപണികളില്‍ നഷ്ടത്തുടക്കം. പ്രതികൂല ആഗോള ഘടകങ്ങള്‍ കാരണം വമ്പന്‍ തിരിച്ചടിയോടെയാണ് ആരംഭിച്ചതെങ്കിലും വ്യാപാരം പുരോഗമിക്കവെ നഷ്ടത്തിന്റെ ഏറിയ പങ്കും തിരികെ പിടിച്ചായിരുന്നു സൂചികകളുടെ ക്ലോസിങ്. ഏപ്രില്‍ മാസത്തിലെ വ്യാവസായിക ഉത്പാദനം പാദാനുപാദത്തില്‍ മെച്ചപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതും ബാങ്കിംഗ് ഓഹരികള്‍ പിടിച്ചു നിന്നതിനാലും നിഫ്റ്റിക്ക് തിരിച്ചടിയുടെ ആഘാതം കുറച്ച്് 17,050 നിലവാരത്തിന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ കഴിഞ്ഞു. എങ്കിലും 200-ഡിഎംഎ നിലവാരം മറികടക്കാന്‍ സാധിച്ചില്ല. അതേസമയം നാളെ റമദാന്‍ അവധിയെ തുടര്‍ന്ന് വിപണിയില്‍ വ്യാപാരം ഉണ്ടായിരിക്കുന്നതല്ല.
ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50, 33 പോയിന്റ് താഴ്ന്ന് 17,069-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 85 പോയിന്റ് നഷ്ടത്തില്‍ 56,976-ലുമാണ് തിങ്കളാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇന്നത്തെ വ്യാപാരത്തില്‍ നിഫ്റ്റി-50 സൂചികയുടെ ഉയര്‍ന്ന നിലവാരം 17,092-ലും താഴ്ന്ന നിലവാരം 16,917-ലും കുറിച്ചു. അതേസമയം, എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 0.59 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 1.34 ശതമാനവും നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. എന്നാല്‍ എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതു സൂചികയായ നിഫ്റ്റി ബാങ്ക് 75 പോയിന്റ് നേട്ടത്തോടെ 36,163-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം, എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 8 എണ്ണം നേട്ടത്തോടെയും 7 എണ്ണം നഷ്ടത്തോടെയും ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി, മീഡിയ, മെറ്റല്‍, പ്രൈവറ്റ് ബാങ്ക്, റിയാല്‍റ്റി വിഭാഗം സൂചികകള്‍ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. അതേസമയം 2 ശതമാനം ഇടിഞ്ഞ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സിനാണ് കൂടുതല്‍ തിരിച്ചടിയേറ്റത്. പിന്നാലെ ഐടി ( -1.53 %), ഓട്ടോ (-1.26 %) എന്നീ സൂചികകളും ശക്തമായ നഷ്ടം നേരിട്ടു. ഫാര്‍മ, പി.എസ്.യു ബാങ്ക്, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകളും നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി.
എന്നാല്‍ തിങ്കളാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,155 ഓഹരികളില്‍ 678 എണ്ണം മാത്രമാണ് മുന്നേറ്റത്തോടെ നിര്‍ത്തിയത്. 1,407 ഓഹരികളും നഷ്ടം രേഖപ്പെടുത്തി. ഇതോടെ ഓഹരികളിലെ മുന്നേറ്റവും നഷ്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.48 ശതമാനത്തിലേക്ക് താഴ്ന്നു. വിപണിയിലെ പൊതു സാഹചര്യം ദുര്‍ബലമായിരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍ 4.46 ശതമാനം ഉയര്‍ന്ന് 20.28-ലേക്ക് ഉയര്‍ന്നു. വിക്‌സ് നിരക്കുകള്‍ 20 നിലവാരത്തിന് മുകളില്‍ തുടരുന്നത് ശുഭകരമല്ല.
നേട്ടം
ഇന്ന് എന്‍എസ്ഇയില്‍ നടന്ന വ്യാപാരത്തിനിടെ 43 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു. വില്‍ക്കാന്‍ ആരും തയ്യാറാകാത്തതിനാല്‍ 69 ഓഹരികള്‍ തിങ്കളാഴ്ച അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം നിര്‍ത്തിയത്. അതേസമയം നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 18 എണ്ണം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
ഇതില്‍ 3.93 ശതമാനം മുന്നേറിയ ഇന്‍ഡസ്ഇന്‍ഡ് ബങ്ക് ഓഹരികളാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. കോള്‍ ഇന്ത്യ 2.60 %, പവര്‍ഗ്രിഡ് 2.11 %, ടാറ്റ സ്റ്റീല്‍ 2.04 %, ഐടിസി 1.64 %, ബിപിസിഎല്‍ 1.39 %, എച്ച്ഡിഎഫ്‌സി 1.31 %, എച്ച്ഡിഎഫ്‌സി ബാങ്ക് 1.13 %, ശ്രീ സിമന്റ് 1.07 % വീതവും മുന്നേറി.
നഷ്ടം
തിങ്കളാഴ്ച എന്‍എസ്ഇയിലെ വ്യാപാരത്തില്‍ 35 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം കുറിച്ചു. ആരും വാങ്ങാന്‍ സന്നദ്ധരാകാത്തതിനാല്‍ 134 ഓഹരികള്‍ ഇന്ന് ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം നിഫ്റ്റി-50 സൂചികയിലെ 31 ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഇതില്‍ ഐഷര്‍ മോട്ടോര്‍സും അപ്പോളോ ഹോസ്പിറ്റലും 3 ശതമാനത്തിലേറെ ഇടിഞ്ഞു. ടൈറ്റന്‍ 2.94 %, ബജാജ് ഓട്ടോ 2.88 %, വിപ്രോ 2.61 %, എസ്ബിഐ 2.23 %, ടെക് മഹീന്ദ്ര 2.11 %, ഒഎന്‍ജിസി 2.09 % വീതവും നഷ്ടം രേഖപ്പെടുത്തി.


Click it and Unblock the Notifications