2022 -ല്‍ ലാഭം തരാന്‍ സാധ്യതയുള്ള 5 പെന്നി സ്‌റ്റോക്കുകള്‍; പോര്‍ട്ട്‌ഫോളിയോയില്‍ ഇവയുണ്ടോ?

പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നത് നല്ലതാണ്. എന്നും സുരക്ഷിതമായ ബ്ലൂ ചിപ്പ് കമ്പനികള്‍ക്ക് പിന്നാലെ പോയാല്‍ റിട്ടേണ്‍ നിരക്ക് കുറയും. വിപണിയില്‍ ഉയര്‍ന്ന നേട്ടം കുറിക്കണമെങ്കില്‍ റിസ്‌ക് എടുത്തേ മതിയാവൂ. പറഞ്ഞുവരുമ്പോള്‍, പെന്നി സ്റ്റോക്കുകളാണ് ഉയര്‍ന്ന ലാഭം കണ്ടെത്താനുള്ള ഒരു മാര്‍ഗം. എന്നാല്‍ പെന്നി സ്റ്റോക്കുകളില്‍ നഷ്ടസാധ്യതയും വലുതാണ്.

5 പെന്നി സ്റ്റോക്കുകൾ

എല്ലാ പെന്നി സ്‌റ്റോക്കുകളും അടുത്ത ഭാരതി എയര്‍ടെല്ലോ ഐഷര്‍ മോട്ടോര്‍സോ ആയി മാറില്ല. ഇവിടെ സ്റ്റോക്ക് തിരഞ്ഞെടുപ്പാണ് പ്രധാനം. മാന്യമായ ബാലന്‍സ് ഷീറ്റ്, കുറഞ്ഞ കടം, ലാഭവിഹിതം നല്‍കുന്ന പതിവ് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി വേണം പെന്നി സ്റ്റോക്കുകളില്‍ നിക്ഷേപം നടത്താന്‍. പെന്നി സ്റ്റോക്കുകളില്‍ പണമിറക്കും മുന്‍പ് കുറച്ചുകാലം കമ്പനിയെ നിരീക്ഷിക്കുന്നതും നല്ലതാണ്. ഈ അവസരത്തില്‍ അടുത്തവര്‍ഷം ഉയരാന്‍ സാധ്യതയുള്ള അഞ്ച് പെന്നി സ്റ്റോക്കുകളെ ചുവടെ പരിചയപ്പെടാം.

ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍

ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍

1998 -ല്‍ പ്രവര്‍ത്തനം തുടങ്ങിയ പൊതുമേഖലാ സ്ഥാപനമാണ് ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. മിനി രത്‌ന കാറ്റഗറി വണില്‍ കമ്പനി പെടുന്നു. മൂന്നു വര്‍ഷം തുടര്‍ച്ചയായി 30 കോടി രൂപയിലേറെ നികുതിക്ക് മുന്‍പായി ലാഭം കണ്ടെത്തുന്ന പൊതുമേഖലാ സംരംഭങ്ങള്‍ക്കാണ് 'മിനി രത്‌ന' പദവി ലഭിക്കുന്നത്. റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, വിമാനത്താവള നിര്‍മാണം, വാണിജ്യ കോംപ്ലക്‌സുകളുടെ നിര്‍മാണം, മെട്രോ നിര്‍മാണം, വൈദ്യുത സബ്‌സ്‌റ്റേഷന്‍ നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് ഇര്‍കോണിന്റെ ശ്രദ്ധ. ഇതേസമയം, റെയില്‍വേ സെഗ്മന്റില്‍ നിന്നാണ് കമ്പനി സിംഹഭാഗം വരുമാനവും കണ്ടെത്തുന്നത്.

കടബാധ്യതകൾ

കഴിഞ്ഞ നാലു പതിറ്റാണ്ടായി ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന ഏജന്‍സികള്‍ വഴിയാണ് റെയില്‍വേ മന്ത്രാലയം റെയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത്. രാജ്യത്ത് ഇതുവരെ 300 -ല്‍പ്പരം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് കടബാധ്യതകള്‍ ഏറെക്കുറെ ഇല്ലാതാക്കാന്‍ കമ്പനിക്ക് സാധിച്ചു. 2018 മാര്‍ച്ചില്‍ 32 ബില്യണ്‍ രൂപയുടെ കടം ഇര്‍കോണിനുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ കടബാധ്യതകള്‍ 3.3 ബില്യണ്‍ രൂപയിലേക്ക് ചുരുങ്ങി.

ലയനം

നിലവില്‍ ഇര്‍കോണ്‍ ഇന്റര്‍നാണല്‍ ലിമിറ്റഡിന്റെ 'ഡെറ്റ് ടു ഇക്വിറ്റി' അനുപാതം 0.08x മാത്രമാണ്. മുന്‍പിത് 0.85x ആയിരുന്നു. ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡിനെ റെയില്‍ വികാസ് നിഗവുമായി ലയിപ്പിക്കാനുള്ള ആലോചനയിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. കാരണം റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലാണ് ഇരു കമ്പനികളുടെയും പ്രവര്‍ത്തനം.

ഒരു വർഷം കൊണ്ട്

രണ്ടു കമ്പനികളും ലയിക്കുന്നതോടെ മൂലധന വിഹിതം മെച്ചപ്പെടുമെന്നും കുത്തക കയ്യടക്കാന്‍ കഴിയുമെന്നും ഈ രംഗത്തുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇര്‍കോണും ആര്‍വിഎന്‍എല്ലും ലയിച്ച് ഒരു കമ്പനിയാകുന്നതോടെ പോര്‍ട്ട്‌ഫോളിയോ ദൃഢപ്പെടുമെന്നും ഇവര്‍ പറയുന്നു. 1998 മുതല്‍ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം മുടങ്ങാതെ നല്‍കുന്ന പതിവ് ഇര്‍കോണിനുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 24 ശതമാനം നേട്ടമാണ് കമ്പനി സമര്‍പ്പിച്ചത്.

ഉയർച്ച

47.85 രൂപയാണ് ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഇപ്പോഴത്തെ ഓഹരി വില (നവംബര്‍ 4). കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.27 ശതമാനവും ഒരു മാസത്തിനിടെ 0.74 ശതമാനവും നേട്ടം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ആറു മാസം കൊണ്ട് 9.12 ശതമാനം ഉയര്‍ച്ചയാണ് ഇര്‍കോണ്‍ രേഖപ്പെടുത്തുന്നത്.

ഈ വര്‍ഷം ഇതുവരെ 9.42 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 54.25 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 37 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് സാക്ഷിയാണ്. സെപ്തംബറിലെ കണക്കുപ്രകാരം കേന്ദ്ര സര്‍ക്കാരിന് കമ്പനിയില്‍ 73.18 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

മനാക്‌സിയ

മനാക്‌സിയ

ഹിന്ദുസ്താന്‍ സീല്‍സ് എന്ന പേരില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന മനാക്‌സിയ, വിവിധ വ്യവസായ മേഖലകളില്‍ സാന്നിധ്യമറിയിക്കുന്ന മള്‍ട്ടി ഡിവിഷന്‍ കമ്പനിയാണ്. ഇന്ത്യയില്‍ മനാക്‌സിയക്ക് 15 നിര്‍മാണ ശാലകളുണ്ട്; വിദേശത്ത് മൂന്നും. നൈജീരിയയിലും ഘാനയിലുമാണ് മനാക്‌സിയയുടെ വിദേശ ശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ക്രൗണുകള്‍, ക്ലോഷറുകള്‍, മെറ്റല്‍ കണ്‍ടെയ്‌നറുകള്‍ ഉള്‍പ്പെടെയുള്ള പാക്കേജിങ് ഉത്പന്നങ്ങളാണ് കമ്പനി പ്രധാനമായും നിര്‍മിക്കുന്നത്. ഇതിന് പുറമെ എഫ്എംസിജി ഉത്പന്നങ്ങളും ലോഹ ഉത്പന്നങ്ങളും മനാക്‌സിയ വിപണിയിലെത്തിക്കുന്നുണ്ട്.

ലാഭവിഹിതം

കമ്പനിക്ക് കടബാധ്യതകള്‍ കുറവാണ്. കഴിഞ്ഞ നാലു വര്‍ഷമായി 'ഡെറ്റ് ടു ഇക്വിറ്റി' അനുപാതം 0.1x -ന് താഴെയായി തുടരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മനാക്‌സിയയുടെ ലാഭം താഴേക്കാണ് പോകുന്നതെങ്കിലും വില്‍പ്പന സ്ഥിരതയോടെ നിലകൊള്ളുന്നുണ്ട്.

ഓഹരിയുടമകള്‍ക്ക് മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ ഒന്നാണിത്. കഴിഞ്ഞ വര്‍ഷം പ്രതിയോഹരിക്ക് 10.50 രൂപ വീതം മനാക്‌സിയ ലാഭവിഹിതം കൈമാറുകയുണ്ടായി. അന്നത്തെ മാര്‍ക്കറ്റ് വിലയില്‍ 38.7 ശതമാനം ഡിവിഡന്റ് നേട്ടമാണിത്. ചരിത്രത്തില്‍ കമ്പനി നല്‍കിയ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതവും ഇതുതന്നെ. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 75 ശതമാനം നേട്ടമാണ് കമ്പനി സമര്‍പ്പിച്ചത്.

ഓഹരി വില

67 രൂപയാണ് മനാക്‌സിയ ലിമിറ്റഡിന്റെ ഇപ്പോഴത്തെ ഓഹരി വില (നവംബര്‍ 4). കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.43 ശമാനവും ഒരു മാസത്തിനിടെ 0.45 ശതമാനവും നേട്ടം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ആറു മാസം കൊണ്ട് 21.27 ശതമാനം ഉയര്‍ച്ചയാണ് മനാക്‌സിയ രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം ഇതുവരെ 14.82 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 78.20 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 35.85 രൂപ വരെയുള്ള താഴ്ച്ചയ്ക്കും മനാക്‌സിയ ലിമിറ്റഡ് സാക്ഷിയാണ്. സെപ്തംബറിലെ കണക്കുപ്രകാരം പ്രമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ 74.93 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇവരാരുംതന്നെ ഓഹരികള്‍ 'പ്ലെഡ്ജ്' ചെയ്തിട്ടില്ല.

ഓറിയന്റ് പേപ്പര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ്

ഓറിയന്റ് പേപ്പര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ്

1936 -ല്‍ സ്ഥാപിതമായ ഓറിയന്റ് പേപ്പര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് വിഖ്യാതമായ സികെ ബിര്‍ല ഗ്രൂപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ കടലാസു നിര്‍മാണമാണ് കമ്പനിയുടെ പ്രധാന ബിസിനസ്. പ്രതിവര്‍ഷം 1.10 ലക്ഷം ടണ്‍ കടലാസ് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പേപ്പര്‍ യൂണിറ്റ് മധ്യപ്രദേശില്‍ ഓറിയന്റ് പേപ്പറിനുണ്ട്. 'ഡയമണ്ട് ടച്ച്', 'ഓറിയന്റ്', 'ഫസ്റ്റ് ചോയിസ്' എന്നീ ബ്രാന്‍ഡുകളിലാണ് കമ്പനി പേപ്പര്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. 2016 മാര്‍ച്ചില്‍ 1.1x ഉണ്ടായിരുന്ന ഓറിയന്റ് പേപ്പറിന്റെ 'ഡെറ്റ് ടു ഇക്വിറ്റി' അനുപാതം ഇപ്പോള്‍ 0.06x ആണ്.

കോവിഡ് പ്രതിസന്ധി

2007 മാര്‍ച്ച് മുതല്‍ നിക്ഷേപകര്‍ക്ക് മുടങ്ങാതെ ലാഭവിഹിതം സമര്‍പ്പിക്കുന്ന ട്രാക്ക് റെക്കോര്‍ഡ് കമ്പനിക്കുണ്ട്. ഈ വര്‍ഷം പ്രതിയോഹരിക്ക് 0.25 രൂപ വീതമാണ് ലാഭവിഹിതം ഒരുങ്ങിയത്. കോവിഡ് ഭീതിയില്‍ കടലാസ് ഉത്പാദന മേഖല തകര്‍ന്നടിഞ്ഞെങ്കിലും ഓറിയന്റ് പേപ്പര്‍ ഓഹരികള്‍ വിപണിയില്‍ അടിപതറാതെ നിന്നത് കാണാം. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 100 ശതമാനത്തോളം ഉയരാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓറിയന്റ് പേപ്പര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ വരുമാനം ഏറെക്കുറെ നിലച്ചിരുന്നു. ആറു വര്‍ഷത്തിനിടെ ആദ്യമായി നഷ്ടം നേരിടുന്നതിനും ഇക്കാലയളവില്‍ കമ്പനി സാക്ഷിയായി.

കുതിപ്പിന് സാധ്യത

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതും പത്രങ്ങളുടെ അച്ചടി നിലച്ചതും ഓറിയന്റ് പേപ്പര്‍ കമ്പനിക്ക് കനത്ത ആഘാതമായി. എന്തായാലും മുന്നോട്ടുള്ള നാളുകളില്‍ കമ്പനി തിരിച്ചുവരുമെന്നാണ് പൊതുവായ പ്രതീക്ഷ. അടുത്ത വര്‍ഷം തൊട്ട് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ കേന്ദ്രം നിരോധിക്കുന്നതും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും പേപ്പര്‍ സ്‌റ്റോക്കുകളുടെ കുതിപ്പിന് വഴിതെളിക്കും.

താഴ്ച്ച

34.50 രൂപയാണ് ഓറിയന്റ് പേപ്പറിന്റെ ഇപ്പോഴത്തെ ഓഹരി വില (നവംബര്‍ 4). കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12.38 ശതമാനവും ഒരു മാസത്തിനിടെ 7.81 ശതമാനവും നേട്ടം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ആറു മാസം കൊണ്ട് 34.24 ശതമാനം ഉയര്‍ച്ചയാണ് ഓറിയന്റ് പേപ്പര്‍ രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം ഇതുവരെ 58.26 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 35.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 16 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഓറിയന്റ് പേപ്പര്‍ സാക്ഷിയാണ്.

എസ്‌ജെവിഎന്‍

എസ്‌ജെവിഎന്‍

കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത കമ്പനിയാണ് എസ്‌ജെവിഎന്‍ (സത്‌ലജ് ജല്‍ വിദ്യുത് നിഗം). ജലപദ്ധതികളില്‍ കമ്പനി വലിയ നിക്ഷേപം നടത്തി വരികയാണ്. അടുത്ത വര്‍ഷം ജൂണില്‍ 60 മെഗാവാട്ട് വൈദ്യുതി ഉത്പാദനശേഷിയുള്ള നായിറ്റ്‌വാര്‍ മോറി പദ്ധതി എസ്‌ജെവിഎന്‍ പൂര്‍ത്തീകരിക്കും. വായു, സൂര്യപ്രകാശം, താപം എന്നീ മേഖലകളിലും കമ്പനി ശ്രദ്ധ ചെലുത്തുന്നുണ്ട്. നിലവില്‍ 11,000 മെഗാവാട്ടിലേറെയുള്ള ഊര്‍ജ്ജ പദ്ധതികളാണ് പിന്നണിയില്‍ എസ്‌ജെവിഎന്‍ ആവിഷ്‌കരിക്കുന്നത്.

നഷ്ടം കുറിച്ചിട്ടില്ല

2010 സെപ്തംബറിന് ശേഷം ഇതുവരെ 19 തവണ കമ്പനി ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം പ്രതിയോഹരിക്ക് 2.20 രൂപ വീതമാണ് ലാഭവിഹിതം ഒരുങ്ങിയത്. ഡിവിഡന്റ് നേട്ടം 8 ശതമാനം. 2013 സാമ്പത്തിക വര്‍ഷത്തിന് ശേഷം ഇതുവരെ നഷ്ടം കുറിച്ചിട്ടില്ലെന്ന പ്രത്യേകതയും എസ്‌ജെവിഎന്നിനുണ്ട്. വില്‍പ്പന വരുമാനത്തിലും ലാഭത്തിലും കമ്പനി സ്ഥിരത കാഴ്ച്ചവെക്കുന്നുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷമായി കമ്പനിയുടെ 'ഡെറ്റ് ടു ഇക്വിറ്റി' അനുപാതം 0.3x -ന് താഴെയാണ്.

വില ചരിത്രം

29.50 രൂപയാണ് എസ്‌ജെവിഎന്നിന്റെ ഇപ്പോഴത്തെ ഓഹരി വില (നവംബര്‍ 4). കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.69 ശതമാനവും ഒരു മാസത്തിനിടെ 4.98 ശതമാനവും നേട്ടം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ആറു മാസം കൊണ്ട് 16.37 ശതമാനം ഉയര്‍ച്ചയാണ് എസ്‌ജെവിഎന്‍ രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം ഇതുവരെ 17.53 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 33.75 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 21.85 രൂപ വരെയുള്ള താഴ്ച്ചയ്ക്കും എസ്‌ജെവിഎന്‍ സാക്ഷിയാണ്.

ഹാല്‍ഡിന്‍ ഗ്ലാസ്

ഹാല്‍ഡിന്‍ ഗ്ലാസ്

1991 -ല്‍ സ്ഥാപിതമായ കമ്പനി ഗ്ലാസ് ബോട്ടിലുകളുടെയും കണ്‍ടെയ്‌നറുകളുടെയും നിര്‍മാണത്തിലാണ് ഏര്‍പ്പെടുന്നത്. ഹാല്‍ഡിന്‍ ഗ്ലാസ് ഗുജറാത്ത് എന്നായിരുന്നു കമ്പനിയുടെ ആദ്യ നാമം. ഗുജറാത്തിലെ വഡോദരയിലാണ് ഹാല്‍ഡിന്‍ ഗ്ലാസിന്റെ നിര്‍മാണ ശാല പ്രവര്‍ത്തിക്കുന്നത്.

2016 സാമ്പത്തിക വര്‍ഷം പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ജര്‍മന്‍ കമ്പനിയായ ഹെയ്ന്‍സ് ഗ്ലാസ് ഇന്റര്‍നാഷണലുമായി ചേര്‍ന്ന് 'ഹാല്‍ഡിന്‍ ഹെയ്ന്‍സ് ഫൈന്‍ ഗ്ലാസ്' എന്ന സംയുക്ത സംരംഭത്തിന് കമ്പനി തുടക്കം കുറിക്കുകയുണ്ടായി. ഫാര്‍മ കമ്പനികള്‍ക്കായി ചെറിയ കുപ്പികള്‍ ഹാല്‍ഡിന്‍ ഗ്ലാസ് നിര്‍മിച്ച് നല്‍കുന്നുണ്ട്. ഇതിന് പുറമെ ഭക്ഷണപാനീയം, മദ്യം, ബിയര്‍ വ്യവസായങ്ങള്‍ക്കായും ഹാല്‍ഡിന്‍ ഗ്ലാസ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

കേന്ദ്ര നയങ്ങൾ

നടപ്പു സാമ്പത്തിക വര്‍ഷം വാഹന മേഖല ഉണരാനിരിക്കുന്നത് ഗ്ലാസ് നിര്‍മാതാക്കള്‍ക്ക് ഗുണം ചെയ്യുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെ അഭിപ്രായം. ഇതിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയങ്ങളും തദ്ദേശീയ ഗ്ലാസ് വ്യവസായത്തിന് കരുത്തുപകരും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചിലയിനം ഗ്ലാസുകള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിങ് നികുതി ചുമത്തിയിട്ടുണ്ട്. മലേഷ്യയില്‍ നിന്നുള്ള ടെമ്പര്‍ഡ് ഗ്ലാസ് ഇറക്കുമതിക്കും കേന്ദ്രം അധിക നികുതി ഈടാക്കുന്നുണ്ട്.

നേട്ടം ഇതുവരെ

കടബാധ്യതയൊട്ടുമില്ലെന്നതാണ് ഹാല്‍ഡിന്‍ ഗ്ലാസിന്റെ പ്രധാനാകര്‍ഷണം. കഴിഞ്ഞ മൂന്നു വര്‍ഷം തുടര്‍ച്ചയായി കമ്പനി ലാഭം കണ്ടെത്തുന്നുണ്ടുതാനും. 2005 മുതല്‍ ഓഹരിയുടമകള്‍ക്ക് പതിവായി ലാഭവിഹിതം സമര്‍പ്പിക്കാന്‍ ഹാല്‍ഡിന്‍ ഗ്ലാസിന് സാധിക്കുന്നുണ്ട്. ഈ വര്‍ഷം പ്രതിയോഹരിക്ക് 0.60 രൂപയാണ് ലാഭവിഹിതം ഒരുങ്ങുന്നത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 46 ശതമാനം നേട്ടമാണ് കമ്പനി സമര്‍പ്പിച്ചതും.

ഇടിവ്

41.40 രൂപാണ് ഹാല്‍ഡിന്‍ ഗ്ലാസിന്റെ ഇപ്പോഴത്തെ ഓഹരി വില (നവംബര്‍ 4). കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.61 ശതമാനം നേട്ടവും ഒരു മാസത്തിനിടെ 2.59 ശതമാനം ഇടിവും കമ്പനി കുറിക്കുന്നു. ആറു മാസം കൊണ്ട് 3.83 ശതമാനം തകര്‍ച്ചയാണ് ഹാല്‍ഡിന്‍ ഗ്ലാസ് ലിമിറ്റഡ് അഭിമുഖീകരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 24.89 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 50.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 24.90 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഹാല്‍ഡിന്‍ ഗ്ലാസ് സാക്ഷിയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X