വിപണികളില്‍ പുതുവര്‍ഷ കുതിപ്പ് തുടരുന്നു. നിഫ്റ്റി വീണ്ടും നിര്‍ണായകമായ 18,000 നിലവാരത്തിന് മുകളിലെത്തി. സമാനമായി സെന്‍സെക്‌സും 60,000-ന് മുകളിലെത്തി. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ആകെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ റെക്കോഡ് നിലവാരമായ 274.73 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നു. സര്‍വകാല റെക്കോഡില്‍ നിന്നും 3 ശതമാനം മാത്രമുള്ള വ്യത്യാസത്തിലേക്ക് പ്രധാന സൂചികകൾ എത്തി. സമീപകാല താഴ്ചയില്‍ നിന്നും 1,600 പോയിന്റിലേറെയാണ് നിഫ്റ്റി മുന്നേറിയത്. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 190 പോയിന്റ് നേട്ടത്തില്‍ 18,003-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 650 പോയിന്റ് നേട്ട്ത്തോടെ 60,395-ലും തിങ്കളാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി- ബാങ്ക് 608 പോയിന്റ് ഇടിവ് 38,371-ലും വ്യാപാരം അവസാനിപ്പിച്ചു.
നാല് ഘടകങ്ങള്‍
>> കോര്‍പ്പറേറ്റ് കമ്പനികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ പ്രവര്‍ത്തനഫലം ഈയാഴ്ച മുതല്‍ പ്രഖ്യാപിച്ചു തുടങ്ങും. മികച്ച പ്രവര്‍ത്തന ഫലമായിരിക്കുമെന്ന് പ്രതീക്ഷ.
>> ഏറെക്കാലം അടിഞ്ഞു കിടന്നിരുന്ന ബാങ്ക് ഓഹരികളില്‍ നിക്ഷേപ താത്പര്യം വീണ്ടും ഉടലെടുത്തത്.
>> റിയാല്‍റ്റി വിഭാഗം ഓഹരികളില്‍ ഒരിടവേളയ്ക്കു ശേഷം ഉണര്‍വ് നേടിയത്.
>> ടെക്‌നിക്കല്‍ സൂചകങ്ങള്‍ നല്‍കുന്ന പിന്തുണ.
മുന്നേറ്റം
ഓട്ടോ, ഐടി, ബാങ്കിംഗ്, റിയാല്‍റ്റി വിഭാഗം ഓഹരികള്‍ ഒന്ന് മുതല്‍ 3 ശതമാനം വരെ മുന്നേറി. പൊതു മേഖലാ ബാങ്കുകളുടെ ഓഹരിയില്‍ വന്‍ മുന്നേറ്റമാണ് ദൃശ്യമായത്. പൊതു മേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപത്തിന്റെ അനുവദനീയ പരിധി ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. ബിഎസ്ഇയിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗങ്ങള്‍ 0.7 മുതല്‍ ഒരു ശതമാനം വരെ വില വര്‍ധന രേഖപ്പെടുത്തി. അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്‌സ് (VIX) 0.42 ശതമാനം വര്‍ധിച്ച് 17.68 നിലവാരത്തിലേക്ക് എത്തി.
മാര്‍ക്കറ്റ് മൂവ്മെന്റ്
പുതിയ വ്യാപാര ആഴ്ചയുടെ തുടക്കം പ്രധാന സൂചികകളില്‍ നേട്ടത്തോടെയായിരുന്നു. സെന്‍സെക്സ് 402 പോയന്റ് ഉയര്‍ന്ന് 60,147-ലും നിഫ്റ്റി 112 പോയന്റ് നേട്ടത്തില്‍ 17,924-ലിലുമാണ് തിങ്കളാഴ്ചത്തെ വ്യാപാരം ആരംഭിച്ചത്. പിന്നാലെ 18,0001 ലക്ഷ്യമാക്കി നീങ്ങിയെങ്കിലും ആദ്യ രണ്ട് ശ്രമങ്ങളും വിജയിച്ചില്ല. നിഫ്റ്റി 17,970 നിലവാരത്തിലേക്കെത്തുമ്പോള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു. എന്നാല്‍ ഉച്ചയോടെ യൂറോപ്യന്‍ വിപണികള്‍ സജീവമായതോടെ നിഫ്റ്റി 18,000-ലേക്ക് നീങ്ങുകയും ഇന്നത്തെ ഉയര്‍ന്ന നിലവാരത്തില്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. നിഫ്റ്റിയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 18,017-ഉം താഴ്ന്ന നിലവാരം 17,879-മാണ്.
മടങ്ങിവരവ്
മാസങ്ങള്‍ക്കു ശേഷം വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയില്‍ സജീവമായി. ഓഹരി വാങ്ങുന്നതില്‍ അവര്‍ കാണിച്ച താത്പര്യം കഴിഞ്ഞയാഴ്ച വിപണിയുടെ കുതിപ്പിന് പിന്തുണയേകിയ ഘടകമായിരുന്നു. ജനുവരി ആദ്യ ആഴ്ചയില്‍ 3,202 കോടി രൂപയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയതാണ് റിപ്പോര്‍ട്ടുകള്‍. സമാനമായി കടപ്പത്ര വിപണിയിലും 183 കോടി രൂപയുടെ നിക്ഷേപം നടത്തി. രാജ്യത്തെ സമ്പദ് വ്യവസ്ഥ തിരിച്ചു വരവിന്റെ ലക്ഷണങ്ങള്‍ നല്‍കിയതാണ് വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചത്. തുടര്‍ച്ചയായ മാസങ്ങളില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കവിയുന്നതും അടുത്തിടെ പ്രസിദ്ധീകരിച്ച പിഎംഐ സൂചിക 50-ന് മുകളിലായതും ഒക്കെ വിദേശ നിക്ഷേപകരുടെ മടങ്ങി വരവിന് കാരണമായി.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,142 ഓഹരികളില്‍ 1,475 ഓഹരികളില്‍ വില വര്‍ധനവും 620 ഓഹരികളില്‍ വിലയിടിവും 7 എണ്ണം വില വ്യതിയാനമില്ലെതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 2.38 ആയി ഉയര്‍ന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളിലെ മുന്നേറ്റമാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ രണ്ട് കടന്നതിലൂടെ വ്യക്തമാകുന്നത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 338 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 157 കമ്പനികള്‍ നഷ്ടത്തിലും 6 എണ്ണം വില വ്യതിയാനമില്ലാതെയും ക്ലോസ് ചെയ്തു.
പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 35 എണ്ണം ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. യുപിഎല്‍ 4 ശതമാനത്തിലേറെ മുന്നേറി. ടൈറ്റന്‍ കമ്പനി, ഹീറോ മോട്ടോ കോര്‍പ് എന്നിവ മൂ്ന്ന് ശതമാനത്തിലേറെയും കുതിച്ചു. മാരുതി സുസുകി, ടാറ്റ മോട്ടോര്‍സ്, ലാര്‍സണ്‍, എസ്ബിഐ, എച്ച്ഡിഎഫ്‌സി, കോള്‍ ഇന്ത്യ, ഗ്രാസിം, കൊട്ടക് മഹീന്ദ്ര, ഐടിസി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് എന്നീ 2 ശതമാനത്തിലേറേയും നേട്ടം രേഖപ്പെടുത്തി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 15 എണ്ണവും വിലയിടിവ് രേഖപ്പെടുത്തി. വിപ്രോ 2 ശതമാനത്തിലേറെയും ഡിവീസ് ലാബ് 1 ശതമാനത്തിലേറെയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.


Click it and Unblock the Notifications