ജർമനിയിൽ വർക്ക് വിസ; ഡെന്മാർക്കിൽ റസിഡന്റ് പെർമിറ്റ്; ഇന്ത്യക്കാർക്ക് യൂറോപ്പിലേക്ക് കടക്കാൻ ഈ 4 രാജ്യങ്ങൾ
യൂറോപ്പിലേക്കുള്ള കുടിയേറ്റം യൂറോപ്യൻ ഇതര പൗരന്മാർക്ക് പൊതുവെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ലോകത്ത് ഏറ്റവും കർശനമായ ഇമിഗ്രേഷൻ നിയമങ്ങളുള്ളതും യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങളിലാണ്. ലിച്ചെൻസ്റ്റൈൻ, വത്തിക്കാൻ സിറ്റി പോലുള്ള ചെറിയ രാജ്യങ്ങൾ ഈ കർശന നിയന്ത്രണങ്ങൾ പിന്തുടരുന്നവരാണ്.
യൂറോപ്പിലുടനീളം നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പല രാജ്യങ്ങളെയും മാറി ചിന്തിപ്പിക്കുന്നുണ്ട്. യൂറോപ്യൻ ഇതര തൊഴിലാളികളെയും സ്വാഗതം ചെയ്യുന്ന തരത്തിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ മാറിയിട്ടുണ്ട്. ഇതിൽ പൊതുവെ അയഞ്ഞ സമീപനം സ്വീകരിക്കുന്ന നാല് യൂറോപ്യൻ രാജ്യങ്ങളെ നോക്കാം.

ജർമനിയിൽ തൊഴിൽ വിസ
വിദഗ്ധരായ കുടിയേറ്റ തൊഴിലാളികളെ ആകർഷിക്കുന്നതിന് ജർമനി പുറത്തിറക്കിയ സംവിധാനമാണ് 'ഓപ്പർച്യൂനിറ്റി കാർഡ്'. ഇതുവഴി ജർമനിയിൽ ജോലി അന്വേഷിക്കുന്നവർക്ക് വിദേശത്ത് നിന്ന് ജോലിക്ക് അപേക്ഷിക്കുന്നതിന് പകരം അവസരങ്ങൾ കണ്ടെത്താൻ ജർമനിയിലേക്ക് പ്രവേശനം അനുവദിക്കും. 'ചാൻസെൻകാർട്ടെ' വഴി പോയിന്റ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള യോഗ്യത നേടണം.
അപേക്ഷകർക്ക് 35 വയസ്സിന് താഴെയുള്ളവരും രാജ്യത്ത് താമസിക്കാൻ ആവശ്യമായ ഭാഷാ വൈദഗ്ധ്യവും ഉള്ളവരായിരിക്കണം. കുറഞ്ഞത് 3 വർഷത്തെ പ്രൊഫഷണൽ പരിചയവും വേണം. ജോലി കണ്ടെത്തുന്നതിന് മുൻപ് ജർമനിയിൽ താമസിക്കുന്ന സമയത്തെ ജീവിത ചെലവുകൾ വഹിക്കാൻ കഴിയുമെന്ന് അപേക്ഷകർ തെളിയിക്കണം.
ഡെന്മാർക്കിൽ അവസരം
ഡെൻമാർക്കിലെ എല്ലാത്തരം വ്യവസായങ്ങളിലേക്കും വിദഗ്ധരായ കുടിയേറ്റ തൊഴിലാളികളെ ആവശ്യമുണ്ട്. സയൻസ്, എൻനീയറിംഗ്, നിയമം, ആരോഗ്യ സംരക്ഷണ വിദഗ്ധർ, അധ്യാപകർ, ഐടി സ്പെഷ്യലിസ്റ്റ്, ഇലക്ട്രീഷ്യൻ, ലോഹത്തൊഴിലാളികൾ എന്നിങ്ങനെ വിവിധ സെക്ടറിൽ വിദഗ്ധ തൊഴിലാളികളെ ഡെന്മാർക്ക് തേടുന്നുണ്ട്.
ഡെന്മാർക്കിലെ ഏജൻസി ഫോർ ഇന്റർനാഷണൽ റിക്രൂട്ട്‌മെന്റ് ആൻഡ് ഇന്റഗ്രേഷൻ (എസ്ഐആർഐ) പ്രസിദ്ധീകരിച്ച പോസിറ്റീവ് ലിസ്റ്റ് ഫോർ പീപ്പിൾ വിത്ത് ഹൈ എഡ്യുക്കേഷൻ, പോസ്റ്റീവ് ലിസ്റ്റ് ഫോർ സ്കിൾഡ് വർക്ക് എന്നിവയിൽ ആവശ്യമായ പ്രൊഫഷണലുകളുടെ വിവരങ്ങൾ ലഭ്യമാണ്. രണ്ട് ലിസ്റ്റുകളിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു വ്യവസായത്തിൽ നിന്ന് ജോലി വാഗ്ദാനം ലഭിക്കുകയാണെങ്കിൽ ഡെന്മാർക്കിൽ താമസത്തിനും വർക്ക് പെർമിറ്റിനും അപേക്ഷിക്കാം.
അയർലാൻഡിൽ തൊഴിൽ വിസ
ഹ്രസ്വകാലവും ദീർഘകാലവും വരെയുള്ള വ്യത്യസ്ത വിസ ഓപ്ഷനുകൾ നൽകുന്ന അയർലാൻഡിൽ തൊഴിൽ വിസ ലഭിക്കുന്നത് താരതമ്യേന എളുപ്പമാണ്. വിസ ലഭിക്കുന്നതിന് ജോലി ഓഫർ ആവശ്യമാണെങ്കിലും തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളിലെ ഒഴിവുകൾ നികത്താൻ അയർലാൻഡ് കുടിയേറ്റ തൊഴിലാളികളെ സജീവമായി സ്വീകരിക്കുന്നുണ്ട്. പ്രധാനമായും 2 തൊഴിൽ വിസകളാണ് അയർലാൻഡ് അനുവദിക്കുന്നത്.
ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുള്ള ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ് എന്നിവയാണിവ. ഐറിഷ് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് നിർണായകമെന്ന് കരുതുന്ന പ്രൊഫഷനുകൾക്കാണ് ആദ്യ ഗണത്തിൽപ്പെട്ട വിസ നൽകുന്നത്. മറ്റെല്ലാതരം ജോലികളും ഉൾക്കൊള്ളുന്നതാണ് ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്. ഈ പെർമിറ്റുകൾ ലഭിച്ച ശേഷം അയർലാൻഡിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നത് താരതമ്യേന എളുപ്പമാണ്.
പോർച്ചുഗലിൽ ഹ്രസ്വകാല വിസ
സീസണിൽ മാത്രം ജോലി തേടി എത്തുന്ന തൊഴിലാളികൾക്കായി പോർച്ചുഗൽ ഹ്രസ്വകാല വിസ ആരംഭിച്ചിട്ടുണ്ട്. പോർച്ചുഗീസ് ഹ്രസ്വകാല തൊഴിൽ വിസയ്ക്ക് കീഴിൽ പരമാവധി ഒമ്പത് മാസം രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും അനുവാദിക്കും. വിസ കാലയളവിൽ ഒന്നിലധികം കമ്പനികളിൽ ജോലി ചെയ്യാനും അനുവാദിക്കും. അഞ്ച് വർഷമായി പോർച്ചുഗലിൽ താമസിക്കുന്നവർക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ കഴിയും. അതിനുശേഷം തൊഴിൽ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല.


Click it and Unblock the Notifications


