ഒരുപവൻ വാങ്ങുമ്പോൾ 30,000 രൂപ ലാഭം, സ്വർണം വാങ്ങാൻ പുതുരീതി പ്രയോഗിച്ച് യുവതലമുറ, നോക്കുന്നോ..?
സ്വർണം ഇന്ന് ഏറ്റവും വിലപിടിപ്പുള്ള ആഭരണമാണ്. പവന് 84,000 രൂപയ്ക്ക് മുകളിലാണ് വില. 2025-ൽ ഇതുവരെ ഏകദേശം 47 ശതമാനം വളർച്ചയാണ് സ്വർണവിലയിലുണ്ടായത്. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി തുടങ്ങിയവ നൽകണം. അതുകൊണ്ടുതന്നെ ഇന്നത്തെ വിലയിൽ ഒരുപവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 90,000 മുതൽ 92,000 രൂപ വരെ ആകും. ഭാവിയിലും സ്വർണവില മുകളിലേക്ക് തന്നെ കുതിക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വർണം വാങ്ങുക എന്നത് നടക്കാത്ത കാര്യമാകും.
വ്യത്യസ്ത സ്വർണം
സ്വർണാഭരണങ്ങളിലും വ്യത്യസ്ത വിഭാഗങ്ങളുണ്ട്. അതായത് 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് എന്നിങ്ങനെ. കാരറ്റ് എന്നത് സ്വർണ്ണത്തിൻ്റെ പരിശുദ്ധി അളക്കുന്ന ഒരു യൂണിറ്റാണ്. 24 കാരറ്റ് സ്വർണ്ണമാണ് ഏറ്റവും പരിശുദ്ധിയുള്ളത്. 24 കാരറ്റ് സ്വർണം ആഭരണം ഉണ്ടാക്കാൻ ഉപയോഗിക്കില്ല. ഇവ പരിശുദ്ധ സ്വർണമാണ്. നാണയങ്ങളായും സ്വർണക്കട്ടികളായുമൊക്കെയായി ഇവ വാങ്ങാം. 22 കാരറ്റ് സ്വർണത്തിൽ 91.67 ശതമാനം ശുദ്ധമായ സ്വർണ്ണം അടങ്ങിയിട്ടുണ്ടാകും. അതായത് ഇതിൽ 24 ൽ 22 ഭാഗം സ്വർണ്ണവും 2 ഭാഗം മറ്റ് ലോഹങ്ങളും അടങ്ങിയിരിക്കുന്നു. ആഭരണം നിർമ്മിക്കാൻ കൂടുതലായും 22 കാരറ്റ് സ്വർണമാണ് ഉപയോഗിക്കുന്നത്.
ഇനി 18 കാരറ്റ് സ്വർണത്തിലേക്ക് വന്നാൽ 75 ശതമാനം ശുദ്ധമായ സ്വർണ്ണം. ഇത് കല്ലു പതിപ്പിച്ച ആഭരണങ്ങൾ നിർമ്മിക്കാൻ കൂടുതലായി ഉപയോഗിക്കുന്നു. കാരണം ഇത് കൂടുതൽ ഉറപ്പുള്ളതാണ്. 14 കാരറ്റ് സ്വർണം എന്നാൽ അതിൽ 58.3% ശുദ്ധ സ്വർണ്ണവും ബാക്കി ഭാഗങ്ങൾ വെള്ളി, ചെമ്പ്, സിങ്ക് തുടങ്ങിയ മറ്റ് ലോഹങ്ങളും അടങ്ങിയതാണ്. സാധാരണയായി കാണുന്ന ഏറ്റവും കുറഞ്ഞ പരിശുദ്ധിയുള്ള സ്വർണ്ണമാണ് 9 കാരറ്റ്. ഇതിൽ 24 ൽ 9 ഭാഗം മാത്രമാണ് സ്വർണ്ണം.
കാരറ്റ് കുറഞ്ഞാൽ വിലയും കുറയും
സ്വർണത്തിൽ കാരറ്റ് കുറയുന്നതിന് അനുസരിച്ച് വിലയും കുറയും. 100 ശതമാനം സ്വർണത്തിന് അതായത് 24 കാരറ്റ് സ്വർണത്തിനാണ് ഏറ്റവും ഉയർന്ന വില. പവന് 92,384 രൂപയും ഗ്രാമിന് 11,548 രൂപയുമാണ് 24 കാരറ്റ് സ്വർണത്തിന്‍റെ വില. ഇനി 22 കാരറ്റിലേക്ക് വന്നാൽ ഇന്ന് പവന് 84,680 രൂപയിലും ഗ്രാമിന് 10,585 രൂപയിലുമാണ്. 18,14,9 കാരറ്റ് സ്വർണം അതിലും കുറഞ്ഞ വിലയ്ക്ക് വാങ്ങാം.

ലാഭം മുഖ്യമെങ്കിൽ ഇതാണ് വഴി
കല്യാണം പോലുള്ള വിശേഷ ദിവസങ്ങളിൽ ഉപയോഗിക്കാനാണ് പ്രധാനമായും ആളുകൾ 22 കാരറ്റ് സ്വർണാഭരണം വാങ്ങുന്നത്. അതോടൊപ്പം ഭാവിയിൽ സാമ്പത്തിക ഭദ്രത നിലനിർത്താനും 22 കാരറ്റ് സ്വർണം സഹായിക്കും. എന്നാൽ ദൈനംദിന ഉപയോഗത്തിന് ഭാരം കുറഞ്ഞതും കുറഞ്ഞ കാരറ്റിലുള്ളതുമായ ആഭരണങ്ങളോടാണ് ഇപ്പോഴത്തെ ആളുകൾക്ക് പ്രിയമെന്ന് വ്യാപാരികൾ പറയുന്നു. വജ്രങ്ങളും മറ്റ് അമൂല്യ കല്ലുകളും ഉൾപ്പെടുന്ന ഡിസൈനുകളിൽ കുറഞ്ഞ കാരറ്റിലുള്ള സ്വർങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിൽ കൂടുതൽ കളക്ഷനുകൾ ജ്വല്ലറികൾ കരുതുന്നുണ്ട്.
അതായത് കുറഞ്ഞ കാരറ്റ് സ്വർണം വാങ്ങുമ്പോൾ കാശും കുറയും നല്ല ഡിസൈനുകൾ തിരഞ്ഞെടുക്കാനും കഴിയും. രൂപകൽപ്പനയിലോ ഗുണമേന്മയിലോ സ്വർണത്തിന്‍റെ ആകർഷണീയതയിലോ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാനാവുന്ന ആഢംബരം ആഗ്രഹിക്കുന്ന പുതിയ തലമുറയെ സംബന്ധിച്ച് കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങൾ വലിയ ആശ്വാസമാണ്.
വിലയിലെ മാറ്റം
22 കാരറ്റ് സ്വർണം പവന് 84,680 രൂപയിലും ഗ്രാമിന് 10,585 രൂപയിലുമാണുള്ളത്. 18 കാരറ്റിലെ 1 ഗ്രാം സ്വർണത്തിന് ഇന്ന് 8,661 രൂപയാണ് വില. ഒരുപവന് 69,288 രൂപ. ഇനി 14 കാരറ്റിലേക്ക് വന്നാൽ ഗ്രാമിന് 6700 രൂപയാണ് ഇന്നത്തെ വില. പവന് 53,600 രൂപ. അതായത് 22 ഗ്രാം സ്വർണത്തിന് പകരം 14 കാരറ്റ് സ്വർണം വാങ്ങുമ്പോൾ ഏകദേശം 30,000 രൂപ ലാഭം നേടാം. ഏത് കാരറ്റ് സ്വർണം വാങ്ങുമ്പോഴും പണിക്കൂലിയും ജിഎസ്ടിയും നൽകണം എന്ന കാര്യം പ്രത്യേകം ഓർക്കണം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


