പുതുവർഷത്തിലേക്ക് ചുവടു വെക്കാൻ ഇനി ദിവസങ്ങൾ മാത്രം. 2024 എന്ന വർഷം സാമ്പത്തിക രംഗത്ത് ഏറെ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ സ്വർണ വില കേരളത്തിൽ ഏറ്റവും വലിയ ചരിത്രം കുറിച്ചതും 2024ൽ തന്നെ. ഒക്ടോബർ 31ന് സ്വർണ വില 59,640 രൂപയിലെത്തിയിരുന്നു. ഇതായിരുന്നു 2024ലെ ഏറ്റവും ഉയർന്ന വില. പിന്നീട് 59,000ലേക്ക് വില കടന്നിരുന്നില്ല. 2024ൽ സ്വർണ വിലയിൽ 25% വർദ്ധനവാണ് രേഖപ്പെടുത്തിയത്.
2024 ജനുവരി 1ന് സ്വർണ വില പവന് 46,840 രൂപയായിരുന്നു. ഇന്ന് വരെയുള്ള കണക്ക് പരിശോധിച്ചാൽ 10240 രൂപയാണ് സ്വർണം പവന് വർദ്ധിച്ചത്. അതായത് ഒരു വർഷം കൊണ്ട് 10,000 രൂപയ്ക്ക് മുകളിൽ വില കുതിച്ചുയർന്നു. ഇത് ഇനിയും വില ഉയരാനുള്ള സാധ്യത ഉയർത്തുന്നു. ജനുവരിയിൽ 47,000 പോലും കടക്കാതിരുന്ന സ്വർണ വില മാർച്ചിൽ ആദ്യമായി 47,000വും 48,000വും കടന്ന് 50,000ലേക്ക് എത്തി. എന്നാൽ 60,000ലേക്ക് വലി കുതിച്ചെങ്കിലും വീണില്ല.
2024 ലെ സ്വർണ വില
2024ലെ വളർച്ച കണക്കാക്കിയാൽ 2025ലും ഇതേ ട്രെൻഡ് സംഭവിക്കാം. അതായത് വില 65,000 രൂപ കടന്നേക്കാം. ഇത് ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവാൻ സാധ്യതയുണ്ട്. 2024ൽ മാർച്ചിലാണ് ആദ്യമായി വലിയ കയറ്റം വന്നത്. 50,400 രൂപയായിരുന്നു ഉയർന്നത്. അതു വരെ 46,000ലും 47,000ലും വില നിന്നിരുന്നു.
പിന്നീട് ഏപ്രിലിൽ വലിയൊരു കുതിപ്പ് വന്നു. ഏപ്രിൽ 19 ന് 54520 എന്ന വിലയിലാണ് വ്യാപാരം നടന്നത്. 4120 രൂപയാണ് ഒറ്റ മാസം കൊണ്ട് ഉയർന്നത്. പിന്നീട് സെപ്റ്റംബർ 27ന് 56,800 ലേക്ക് സ്വർണ വില കുതിച്ചു. അവിടെയും അവസാനിച്ചില്ല, ഒക്ടോബറിലെ കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. 59640ലായിരുന്നു ഒക്ടോബർ 31ന് വ്യാപാരം നടന്നത്. എന്നാൽ അതിനു ശേഷം ഇന്നു വരെ 59,000 തൊട്ടിട്ടില്ല.
ഡിസംബറിൽ സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമായിരുന്നു. വില കുതിച്ചുയരുകയും അതുപോലെ താഴേക്ക് ഇടിയുകയും ചെയ്തു. മാത്രമല്ല ഡിസംബറിൽ പല ദിവസങ്ങളിലും സ്വർണ വിലയിൽ മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് 57,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സ്വർണ വില ഉയരാൻ പല കാരണങ്ങൾ.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് സ്വർണ വിലയെ മൊത്തത്തിൽ ബാധിച്ചത്. നിരവധി പ്രതിസന്ധികൾ വന്നു. ഭൗമരാഷ്ട്ര പിരിമുറുക്കം, യു.എസ് തിരഞ്ഞെടുപ്പ്, യു.എസ് പണപ്പെരുപ്പം, യു.എസ് പലിശനയം എന്നിവ സ്വർണ വില ഉയരാൻ കാരണമായി. സ്വർണ വില ഉയർന്നതോടെ സ്വർണ നിക്ഷേപങ്ങളും കൂടുതൽ ജനകീയമായി. നിരവധി ആളുകളാണ് ഇത്തരം നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യാൻ ആരംഭിച്ചത്.
10 വർഷം കൊണ്ട് സ്വർണത്തിന്റെ വളർച്ച...
2014 ജനുവരി 1ന് സ്വർണ വില 21,920 രൂപയായിരുന്നു. 2014 ഡിസംബർ 31ന് 20,280 രൂപയ്ക്കാണ് സ്വർണ വ്യാപാരം നടന്നത്. അതായത് വർഷം അവസാനിക്കുമ്പോഴേക്കും സ്വർണ വിലയിൽ 1640 രൂപ ഇടിഞ്ഞു. 10 വർഷം മുന്നേയുള്ള വില 20,000ലാണ് തുടങ്ങുന്നത്. ഇന്ന് ഒരു പവൻ വാങ്ങാനായി ചിലവഴിക്കുന്ന പണം നൽകിയാൽ 2014ൽ 3 പവൻ സ്വർണം വാങ്ങാൻ സാധിക്കുമായിരുന്നു. 2014 ഡിസംബർ 31 ലെ സ്വർണ വില മുതൽ ഇന്ന് വരെയുള്ള കണക്ക് നോക്കിയാൽ 10 വർഷം കൊണ്ട് 36,800 രൂപയാണ് ഉയർന്നത്.
കൊറോണക്കു ശേഷം വില കുത്തനെ ഉയർന്നു....
2019ലെ സ്വർണ വില പരിശോധിച്ചാൽ ഡിസംബർ വരെ 29,080 രൂപയിലാണ് സ്വർണ വില ഉയർന്നത്. എന്നാൽ 2020ലാണ് വില ഉയരാൻ ആരംഭിച്ചത്. 2020ൽ സ്വർണ വില 30,000 കടന്നിരുന്നു. പക്ഷേ അതിനു ശേഷം 2024ലാണ് 40,000 കടന്ന് മുന്നോട്ട് കുതിച്ചത്.


Click it and Unblock the Notifications