സ്വർണ വിലയുടെ കുതിപ്പിൽ നേരിയ ആശ്വാസം. ഇന്ന് വില ഇടിഞ്ഞു. തുടർച്ചയായി കുതിച്ചുയർന്നപ്പോൾ ഇന്ന് മൂക്ക് കുത്തി വീണു. ഇന്ന് പവന് 120 രൂപ ഇടിഞ്ഞു. വില കുറഞ്ഞെങ്കിലും ആശ്വസിക്കാവുന്ന ഇടിവെന്ന് ഉറപ്പിക്കാൻ സാധിക്കില്ല. നിലവിൽ 60,000നു മുകളിലാണ് സ്വർണ വില നിൽക്കുന്നത്. വില ശക്തിയാർജ്ജിച്ചതോടെ സാധാരണക്കാർക്ക് നിരാശയുണ്ടാക്കി. രാജ്യാന്തര വിപണിയിൽ ഡോളർ ശക്തിയാർജ്ജിക്കുന്നതാണ് ഇന്നത്തെ ഇടിവിന് കാരണമായത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 7540 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 60,320 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 75,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8225 രൂപയും പവന് 65,800 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6169 രൂപയും പവന് 49,352 രൂപയുമാണ്.
പവന് 60,440 രൂപയാണ് നിലവിലെ റെക്കോർഡ് വില. ജനുവരി 24 വെള്ളിയാഴ്ചയായിരുന്നു പവന് ഈ നിരക്കിലേക്ക് എത്തിയത്. 2024 ജനുവരി 27ന് 46160 രൂപയായിരുന്നു പവന് വില. എന്നാൽ ഇന്നത്തെ വില നോക്കിയാൽ ഒരു വർഷം കൊണ്ട് 14,160 രൂപയാണ് പവന് ഉയർന്നത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾ
പലിശ നിരക്ക് കുറയ്ക്കാൻ യു.എസ് കേന്ദ്ര ബാങ്കിൽ സമ്മർദം ചെലുത്തുമെന്നു ഡൊണാൾഡ് ട്രംപ് സൂചന നൽകിയതിനെ തുടർന്നാണ് രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ച വില കുതിച്ചത്. ഇത് ആഭ്യന്തര വിപണിയിലും അലയടിച്ചു.
ഇന്ന് സ്പോട്ട് സ്വർണ വിലയിൽ നേരിയ ഇടിവുണ്ട്. ഔൺസിന് 0.6% ഇടിഞ്ഞ് 2,755.79 ഡോളറിലെത്തി. ശനിയാഴ്ച 2780 ഡോളറിനു മുകളിലായിരുന്നു രാജ്യാന്തര വിപണി വ്യാപാരം പുരോഗമിച്ചത്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണവിലയും പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 65,280 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,200 രൂപ കൊടുക്കണം. ഇതേ തുക എല്ലാ ജ്വല്ലറികളിലും ഒരുപോലെ വരില്ല. പണിക്കൂലിയിലെ വ്യത്യാസം ഈ തുകയിൽ മാറ്റം വരാൻ കാരണമാവുന്നു.
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?
ഇന്ന് വില കുറഞ്ഞു. പക്ഷേ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സാധാരണക്കാർക്ക് ഇപ്പോഴും പൊള്ളുന്ന വിലയാണ്. 60,000 ഭേദിച്ചതോടെ 22 കാരറ്റ് ആഭരണങ്ങൾ എല്ലാവർക്കും വാങ്ങാൻ അസാധ്യമാവുന്നു. അതിനാൽ തന്നെ നിലവിൽ 18 കാരറ്റ് സ്വർണഭരണങ്ങൾ വിപണിയിൽ വ്യാപകമാവുന്നു. 18 കാരറ്റിൻ്റെ വിവിധ ഡിസൈനുകളിലുള്ള ആഭരണങ്ങൾ യുവാക്കൾക്കിടയിലും ട്രെൻഡാവുന്നുണ്ട്.


Click it and Unblock the Notifications