കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റം തുടരാനുള്ള ശ്രമമാണ് ചൊവ്വാഴ്ച ആദ്യ സെഷനിൽ തന്നെ ഓഹരി വിപണി സൂചികകൾ ശ്രമിക്കുന്നത്. സെൻസെക്‌സ് 411.27 പോയിൻ്റ് ഉയർന്ന് 74,059.89ലും നിഫ്റ്റി 111.15 പോയിൻ്റ് ഉയർന്ന് 22,447.55 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഇന്ന് ആദ്യ സെഷനിൽ തന്നെ നേട്ടമുണ്ടാക്കിയ രണ്ട് ഓഹരികളുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം. കെപി എനർജി ലിമിറ്റഡ്, ഐനോക്‌സ് വിൻഡ് എന്നീ കമ്പനികളാണ് ആദ്യ സെഷനിൽ തന്നെ 5 ശതമാനം നേട്ടം കൊയ്തത്.
1. കെപി എനർജി ലിമിറ്റഡ്
വിൻഡ് എനർജി വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന കെപി എനർജി പദ്ധതികളുടെ തുടക്കം മുതൽ കമ്മീഷനിങ് വരെയുള്ള വിവിധ ഘട്ടങ്ങളിൽ പ്രവർത്തിക്കുന്നു. 390.35 രൂപ എന്നതായിരുന്നു അവസാന ട്രേഡിംഗ് വില. എന്നാൽ ഗുജറാത്തിലെ കാറ്റ്-സൗരോർജ്ജ ഹൈബ്രിഡ് പവർ പ്രോജക്റ്റിൻ്റെ ഭാഗമായ 9 മെഗാവാട്ട് കാറ്റാടി വൈദ്യുത പദ്ധതിയുടെ വികസനത്തിനുള്ള കരാർ കെപി എനർജിക്ക് ലഭിച്ചതോടെയാണ് ഓഹരി 5 ശതമാനം ആദ്യ സെഷനിൽ തന്നെ മുന്നേറിയത്. അതൊടെ ഓഹരി വില 409.85 രൂപയിലെത്തി.
ക്യാപ്‌റ്റീവ് പവർ പ്രോജക്‌റ്റ് വിഭാഗത്തിന് കീഴിൽ ഭത്വരി ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ പ്രോജക്റ്റ് നൽകുന്നത്, ഇത് സ്റ്റേറ്റ് ട്രാൻസ്മിഷൻ യൂട്ടിലിറ്റി (എസ്‌ടിയു) നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കും. ടേൺകീ അടിസ്ഥാനത്തിൽ പദ്ധതിയുടെ വികസനത്തിനുള്ള വിതരണവും സേവനവും ഇതിൽ ഉൾപ്പെടുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

2. ഐനോക്സ് വിൻഡ്
ബോണസ് ഇഷ്യു തീരുമാനിക്കാൻ ബോർഡ് യോഗം ചേരുമെന്ന അറിയിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് ഐനോക്സ് വിൻഡ് ഓഹരി കുതിച്ചത്. ഏകദേശം 5 ശതമാനം മുന്നേറ്റമാണ് കമ്പനിയുടെ ഓഹരി നടത്തിയത്. നിലവിൽ 606.05 രൂപയാണ് കമ്പനിയുടെ ഓഹരി വില. കമ്പനി കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിൽ 10 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
ഐനോക്‌സ് വിൻഡ് ഓഹരി വില കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 500% നേട്ടം കൈവരിച്ച് നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകി.

ബ്രോക്കറേജ് ശുപാർശ
ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ഐനോക്സ് ഓഹരി വരും ദിവസങ്ങളിൽ വലിയ മുന്നേറ്റം കാഴ്ചവയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നുണ്ട്. ഐനോക്‌സ് വിൻഡിന് ഡെലിവറേജ് ചെയ്ത ബാലൻസ് ഷീറ്റുണ്ടെന്നും സമീപകാല പാദങ്ങളിൽ അതിൻ്റെ ഓർഡർ ബുക്കുകൾ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നുമാണ് ബ്രോക്കറേജ് വ്യക്തമാക്കിയത്. അതുകൊണ്ടു തന്നെ 675 രൂപ എന്ന ടാർഗെറ്റ് വിലയിൽ കമ്പനിയുടെ ഓഹരി വാങ്ങാമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നു.
വിപണി ഇന്ന്
സെൻസെക്‌സിൽ ഭാരതി എയർടെൽ, ടൈറ്റൻ കമ്പനി, എച്ച്‌സിഎൽ ടെക്‌നോളജീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർ ഗ്രിഡ്, ലാർസൻ ആൻഡ് ടൂബ്രോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ആക്‌സിസ് ബാങ്ക് തുടങ്ങിയവയാണ് ഇടിഞ്ഞു.
സെക്ടറുകളിൽ, നിഫ്റ്റി മെറ്റൽ സൂചിക മാത്രമാണ് ഇടിവിലുള്ളത്. മറ്റുള്ളവയെല്ലാം നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. ഡിഎൽഎഫ്, മാക്രോടെക് ഡെവലപ്പേഴ്‌സ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ഫീനിക്‌സ് മിൽസ് എന്നിവയുടെ ഉയർന്ന വ്യാപാരത്തിൽ നിഫ്റ്റി റിയൽറ്റി സൂചിക 2 ശതമാനത്തിലധികം ഉയർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications