പോയവര്‍ഷം നിരവധി സ്‌റ്റോക്കുകളാണ് നിക്ഷേപകരുടെ പണം ഇരട്ടിയാക്കി നല്‍കിയത്. കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം വിപണിയില്‍ മള്‍ട്ടിബാഗര്‍ ഓഹരികളുടെ കുത്തൊഴുക്കുതന്നെ കാണുകയുണ്ടായി. മള്‍ട്ടിബാഗര്‍മാരുടെ നിരയില്‍ ഏറ്റവും പുതുതായി പേരുചേര്‍ക്കുന്ന 'വിദ്വാനാണ്' ലാഗ്നം സ്പിന്റക്‌സ്. നവംബറില്‍ 30 -ന് 47.20 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ താളം പിടിക്കുന്നത് 94 രൂപയിലാണ്. അതായത്, രണ്ടു മാസം കൊണ്ട് രണ്ടിരട്ടി വര്‍ധനവ് ഓഹരി വിലയില്‍ സംഭവിച്ചു.
എന്തായാലും ഒരങ്കത്തിനുള്ള ബാല്യം ഇനിയും സ്‌റ്റോക്കില്‍ അവശേഷിക്കുന്നുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ഈ ടെക്‌സ്റ്റൈല്‍ സ്റ്റോക്ക് കുറച്ചുകാലം കൂടി ബുള്ളിഷ് ട്രെന്‍ഡ് മുറുക്കെപ്പിടിക്കും. കാരണം അടിസ്ഥാനപരമായും സാങ്കേതികപരമായും പോസിറ്റീവ് കാഴ്ച്ചപ്പാടാണ് ലാഗ്നം സ്പിന്റക്‌സ് പങ്കുവെയ്ക്കുന്നത്.
നിലവില്‍ കോട്ടണ്‍ നൂല്‍ വിപണിയില്‍ പ്രവത്തനങ്ങള്‍ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ലാഗ്നം സ്പിന്റക്‌സ്. 218 കോടി രൂപ ചെലവില്‍ പുതിയ വിപുലീകരണ പദ്ധതികള്‍ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇതിന് പുറമെ 300 കോടി രൂപയുടെ 'ടോപ്പ് ലൈന്‍' വളര്‍ച്ചയും ലാഗ്നം സ്പിന്റക്‌സ് പ്രതീക്ഷിക്കുന്നുണ്ട്. ഒരു നിശ്ചിത കാലയളവില്‍ പ്രവര്‍ത്തന വരുമാനത്തിലും മൊത്ത വില്‍പ്പനയിലും രേഖപ്പെടുത്തുന്ന വര്‍ധനവാണ് ടോപ്പ് ലൈന്‍ വളര്‍ച്ച. ബിസിനസുകളുടെ സാമ്പത്തിക ദൃഢതയും ഭാവിയിലെ വളര്‍ച്ചാ സാധ്യതയും ഇത് പറഞ്ഞുവെയ്ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കേവലമൊരു പെന്നി സ്റ്റോക്കായി കിടന്ന ലാഗ്നം സ്പിന്റക്‌സ് മള്‍ട്ടിബാഗര്‍ ഓഹരിയായി ഉയിര്‍ത്തെഴുന്നേറ്റത്.
സമീപകാലത്ത് 90 രൂപ റേഞ്ചില്‍ ബ്രേക്കൗട്ട് കണ്ടെത്തിയ കമ്പനി ഒരു മാസം കൊണ്ട് 115 രൂപയിലേക്ക് വെച്ചുപിടിക്കുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍.
എന്തുകൊണ്ട് ലാഗ്നം സ്പിന്റക്‌സിന്റെ വില ഉയരും? ഈ ചോദ്യത്തിന് ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത മറുപടി നല്‍കുന്നുണ്ട്.
'ഈ ടെക്‌സ്റ്റൈല്‍ സ്റ്റോക്ക് അപ്‌ട്രെന്‍ഡില്‍ തുടരുകയാണ്. അടുത്തകാലത്താണ് 90 രൂപയില്‍ കമ്പനിയുടെ ഓഹരികള്‍ ബ്രേക്കൗട്ട് കുറിച്ചത്. സ്‌റ്റോക്കിനെ സംബന്ധിച്ച് വലിയൊരു കടമ്പ ഇവിടെ ചാടിക്കടന്നു. 300 കോടി രൂപയുടെ ടോപ്പ് ലൈന്‍ വളര്‍ച്ച അറിയിക്കുന്ന പശ്ചാത്തലത്തില്‍ ലാഗ്നം സ്പിന്റക്‌സിന്റെ ഓഹരി വില ഇനിയും മുകളിലേക്ക് ഉയരും. 218 കോടി രൂപയുടെ പുതിയ പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് വൈകാതെതന്നെ കമ്പനിയുടെ ഓഹരി വില മൂന്നക്കം കാണും', അനുജ് ഗുപ്ത പറയുന്നു.
ലിക്വിഡിറ്റി കുറഞ്ഞ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് വാങ്ങാമെന്നാണ് ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയയുടെയും പക്ഷം. 'ചാര്‍ട്ട് പാറ്റേണില്‍ പോസിറ്റീവ് ട്രെന്‍ഡാണ് കാണാന്‍ കഴിയുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയ്ക്ക് ലാഗ്നം സ്പിന്റക്‌സ് ഓഹരികള്‍ വാങ്ങുന്നതില്‍ തെറ്റില്ല. ഒരുമാസക്കാലം കൊണ്ട് 110 രൂപ മുതല്‍ 115 രൂപ വരെ ലക്ഷ്യവില സ്റ്റോക്കില്‍ നിശ്ചയിക്കാം. സ്‌റ്റോപ്പ് ലോസ് 88 രൂപ', സുമീത് ബഗാഡിയ നിര്‍ദേശിക്കുന്നു.
ഗുണനിലവാരം കൂടിയ കോട്ടണ്‍ നൂലുകള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ മുന്‍നിര ടെക്‌സ്റ്റൈല്‍ കമ്പനിയാണ് ലാഗ്നം സ്പിന്റക്‌സ്. 218 കോടി രൂപ ചെലവില്‍ 41,472 സ്പിന്‍ഡിലുകള്‍ സ്ഥാപിച്ച് ഉത്പാദനശേഷി കൂട്ടാനുള്ള നീക്കമാണ് കമ്പനി ഇപ്പോള്‍ നടത്തുന്നത്. ഇതു പൂര്‍ത്തീകരിച്ചാല്‍ ലാഗ്നം സ്പിന്റക്‌സിന്റെ പ്രതിദിന ഉത്പാദനം 35 ടണ്ണില്‍ നിന്നും 70 ടണ്ണായി വര്‍ധിക്കും. ആഭ്യന്തര, കയറ്റുമതി വിപണികളില്‍ ഡിമാന്‍ഡുള്ള കോംപാക്ട് നൂലുകളുടെ ഉത്പാദനത്തിലേക്കും ചുവടുവെയ്ക്കാന്‍ കമ്പനിക്ക് ആലോചനയുണ്ട്.
ഡിസംബര്‍ പാദം 107 ശതമാനം വര്‍ധനവോടെ 9.4 കോടി രൂപയാണ് ലാഗ്നം സ്പിന്റക്‌സ് അറ്റാദായം രേഖപ്പെടുത്തിയത്. മുന്‍വര്‍ഷമിത് 4.54 കോടി രൂപയായിരുന്നു. മൂന്നാം പാദം ടോപ്പ് ലൈന്‍ വളര്‍ച്ച 45 ശതമാനം കൂടി 90.95 കോടി രൂപയായി. ഇക്കാലഘട്ടത്തില്‍ ഇബിഐടിഡിഎ 76 ശതമാനം ഉയര്‍ന്ന് 17.87 കോടി രൂപയായതും കാണാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications