കൃത്യമായ ധാരണയും നിക്ഷേപ തന്ത്രങ്ങളുമുണ്ടെങ്കിൽ ഓഹരി വിപണിയിലൂടെ വലിയ നേട്ടങ്ങൾ കൊയ്യാമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓഹരി വിപണി പുതിയ ഉയരങ്ങൾ കീഴടക്കുമ്പോൾ നിക്ഷേപകർക്കും ആനുപാതികമായ നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും. ഒരു കമ്പനിയുടെ ഓഹരി ദീർഘകാലത്തേക്ക് കൈവശം വയ്ക്കുന്നത് വഴി രണ്ട് നേട്ടങ്ങളാണ് സാധാരണ നിക്ഷേപകന് ലഭിക്കുക. ഒന്നാമത്തേത് ഓഹരി വിലയിലുണ്ടാകുന്ന വർദ്ധനവിലൂടെ ലഭിക്കുന്ന നേട്ടം. രണ്ടാമത്തേത് അവകാശ ഓഹരി അഥവാ റൈറ്റ്സ് ഇഷ്യൂവിലൂടെ ലഭിക്കുന്ന നേട്ടവുമാണ്.

എന്താണ് അവകാശ ഓഹരി അഥവാ റൈറ്റ്സ് ഇഷ്യൂ
നിലവിലെ ബിസിനസ് വികസിപ്പിക്കുന്നതിന്‍റെ ഭാഗമായോ ദീർഘകാല കടബാധ്യത ഒഴിവാക്കുന്നതിനായോ ഭാഗമായി കമ്പനികൾക്ക് അധിക മൂലധനം ആവശ്യമായി വരാം. ഇത്തരം സന്ദർഭങ്ങളിൽ നിലവിലുള്ള നിക്ഷേപകർക്ക് അധിക ഓഹരികൾ അനുവദിച്ച് മൂലധന സമാഹരണം നടത്തുന്നതിനെയാണ് അവകാശ ഓഹരി എന്ന് പറയുന്നത്. ഇതിന്‍റെ ഭാഗമായി ഓരോ നിക്ഷേപകനും കൈവശമുള്ള ഓഹരികളുടെ നിശ്ചിത അനുപാതത്തിൽ റൈറ്റസ് ഇഷ്യൂ അഥവാ അവകാശ ഓഹരികൾ അനുവദിക്കുന്നു.
സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നും കൂടുതൽ ഓഹരികള്‍ വിപണി വിലയില്‍ വാങ്ങുന്നതിനു പകരം കമ്പനിയുടെ പക്കല്‍ നിന്നും ഓഹരികൾ നേരിട്ടു വാങ്ങാന്‍ ലഭിക്കുന്ന അവസരം കൂടിയാണിത്.
എന്തായാലും തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ അവകാശ ഓഹരി വില്‍പ്പനയ്ക്ക് തുടക്കമായിട്ടുണ്ട്. ബാങ്കിന്‍റെ അവകാശ ഓഹരി വിൽപ്പനയെക്കുറിച്ച് കൂടുതലറിയാം.
1151 കോടി രൂപയുടെ മൂലധന സമാഹരണം
അവകാശ ഓഹരി വിൽപ്പനയിലൂടെ 1151.01 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ടാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ അവകാശ ഓഹരി വിൽപ്പന. ഫെബ്രുവരി 27 ആയിരുന്നു അവകാശ ഓഹരി വില്‍പ്പനയുടെ റെക്കോഡ് തീയതി. ഈ തീയതിക്ക് മുന്‍പായി ഓഹരി സ്വന്തമാക്കിയ ആളുകള്‍ക്കാണ് അവകാശ ഓഹരി വില്‍പ്പനയില്‍ പങ്കെടുക്കാനാകുക. വില്‍പ്പന മാര്‍ച്ച് 20ന് അവസാനിക്കും. മൊത്തം 52.31 കോടി ഓഹരികളാണ് അവകാശ ഓഹരി ഇഷ്യുവില്‍ ബാങ്ക് പുറത്തിറക്കുക.
അവകാശ ഓഹരി 1:4 എന്ന നിരക്കിൽ
നാല് ഓഹരികള്‍ക്ക് ഒന്നെന്ന നിരക്കിലാണ് ഓഹരികള്‍ ഇഷ്യു ചെയ്യുന്നത്. അതായത് 400 ഓഹരിയുള്ള നിക്ഷേപകന് 100 ഓഹരി അധികമായി ലഭിക്കും. ഓഹരിയൊന്നിന് 22 രൂപയ്ക്കാണ് വിൽപ്പന.
ഓഹരിയിൽ ലാഭം 8 രൂപ
ഒറ്റയടിക്ക് വലിയ മൂലധന വര്‍ധന നേടാന്‍ അവകാശ ഓഹരി വാങ്ങുന്നത് വഴി നിക്ഷേപകര്‍ക്ക് സാധിക്കും. എങ്ങനെ എന്നാൽ ബുധനാഴ്ച സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ഒരു ഓഹരിയുടെ വില 30 രൂപയാണ്. 100 ഓഹരികൾ വാങ്ങാൻ 3,000 രൂപ നൽകണം. എന്നാൽ അവകാശ ഓഹരി ലഭിക്കുന്നത് 22 രൂപയ്ക്കും. അതായത് ഒരു ഓഹരിക്ക് 8 രൂപ ലാഭം. 100 അവകാശ ഓഹരി ലഭിക്കുന്ന നിക്ഷേപകന് 800 രൂപ ലാഭം.
ഏപ്രില്‍ 5ന് ഓഹരി ഇഷ്യു ചെയ്യും. നിക്ഷേപകരുടെ അക്കൗണ്ടില്‍ ഓഹരികള്‍ ക്രെഡിറ്റാകുക ഏപ്രില്‍ 9നാണ്. ഏപ്രില്‍ 12ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.

ഓഹരി വാങ്ങേണ്ടത് എങ്ങനെ..?
അർഹതയുള്ളവർക്ക് ഇതിനകം തന്നെ അവകാശ ഓഹരിയെ സംബന്ധിച്ച സന്ദേശം വന്നിട്ടുണ്ടാകും. നിക്ഷേപകർക്ക് മുന്നിൽ മൂന്ന് ഓപ്ഷനുകളാണ് ലഭിക്കുക. ഓഹരി വാങ്ങാം, വിൽക്കാം, പ്രതികരിക്കാതിരിക്കാം.
നെറ്റ് ബാങ്കിംഗ് വഴി മാത്രമേ ഓഹരി വാങ്ങാൻ സാധിക്കുകയുള്ളു. അതായത് ബ്രോക്കര്‍ പ്ലാറ്റ്‌ഫോം വഴി വാങ്ങാനാകില്ല എന്ന് സാരം. നെറ്റ് ബാങ്ക് അക്കൗണ്ടിലെ ആപ്ലിക്കേഷന്‍സ് സപ്പോര്‍ട്ടഡ് ബൈ ബ്ലോക്ക്ഡ് എമൗണ്ട് എന്ന ഓപ്ഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
എത്ര ഓഹരിക്കാണോ നിങ്ങള്‍ അപേക്ഷിക്കുന്നത് അതിന് ആനുപാതികമായ തുക ബാങ്ക് ബ്ലോക്ക് ചെയ്യും. കമ്പനി എത്ര ഓഹരിയാണോ ഇഷ്യു ചെയ്യുന്നത് അതിനുള്ള തുക ബാങ്ക് കമ്പനിക്ക് കൊടുക്കും. ഇനി അപേക്ഷിച്ച മുഴുവന്‍ ഓഹരിയും ലഭിച്ചില്ലെങ്കില്‍ ബാക്കി തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും.
മറ്റൊരാൾക്ക് ഓഹരി വിൽക്കാൻ
അവകാശ ഓഹരികൾ മറ്റൊരാൾക്ക് വിൽക്കുകയാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ റൈറ്റ് ഇഷ്യു കാലയളവില്‍, അതായത് മാര്‍ച്ച് ആറ് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഇത് വില്‍ക്കാൻ സാധിക്കും.
പ്രതികരിക്കാതിരുന്നാൽ
അവകാശ ഓഹരി വിൽപ്പനയോട് പ്രതികരിക്കാതിരുന്നാൽ സാമ്പത്തിക നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. കാരണം അവകാശ ഓഹരി വില്‍പ്പനയ്ക്ക് ശേഷം ഓഹരികളുടെ എണ്ണം കൂടുന്നതുകൊണ്ട് ഓഹരി വിലയിൽ ഇടിവ് സംഭവിച്ചേക്കാം. നിലവിൽ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ഓഹരി വില 30 രൂപയിൽ താഴേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
എന്തായാലും അവകാശ ഓഹരി വിൽപ്പന എന്നത് കമ്പനിക്കും നിക്ഷേപകനും ഒരു പോലെ നേട്ടമുണ്ടാക്കാനുള്ള അവസരം നൽകുന്നുണ്ടെന്ന് സാരം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications