ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി. ബിസിനസില്‍ അപ്രമാദിത്വം. കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യമാകട്ടെ, അയല്‍രാജ്യമായ പാകിസ്താന്റെ ജിഡിപിയെക്കാളും വലുത്. കൊട്ടും കുരവയും കേട്ടുകൊണ്ടാണ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ അഥവാ 'എല്‍ഐസി'യുടെ വിപണിപ്രവേശം. എന്നാല്‍ ഒരബദ്ധം പിണഞ്ഞു കമ്പനിക്ക്. സംഭവമെന്തന്നല്ലേ? 'ടൈമിംഗ്' തെറ്റിപ്പോയി.
യുക്രൈന്‍-റഷ്യ യുദ്ധം, പണപ്പെരുപ്പം, പലിശ നിരക്കുകളുടെ വര്‍ധനവ് പോലുള്ള ഭീഷണികള്‍ നിറഞ്ഞാടുന്നതിനിടെയാണ് ഓഹരി വിപണിയില്‍ എല്‍ഐസി കാലുകുത്തിയത്. രാജ്യം കണ്ട ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയായിരുന്നു എല്‍ഐസിയുടേത്. ചെറുകിട നിക്ഷേപകര്‍ ഗൗരവമായി പങ്കെടുത്ത ഐപിഒയില്‍ കമ്പനിയുടെ 3.5 ശതമാനം ഓഹരി പങ്കാളിത്തം കേന്ദ്രം കൈമാറി. വാസ്തവത്തില്‍ റീടെയില്‍ നിക്ഷേപകര്‍ സജീവമായി പങ്കെടുത്ത ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐപിഒയെന്ന ഖ്യാതിയും എല്‍ഐസി സ്വന്തമാക്കിയിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും അരങ്ങേറ്റത്തിന് ശേഷം എല്‍ഐസിയുടെ കണക്കുകൂട്ടലുകളെല്ലാം പിഴയ്ക്കുകയാണ്. ലിസ്റ്റ് ചെയ്ത ദിനംതന്നെ കമ്പനിയുടെ മാര്‍ക്കറ്റ് കാപ്പില്‍ ഏകദേശം 46,500 കോടി രൂപയുടെ ഇടിവുണ്ടായി. അന്നത്തെ വീഴ്ച്ചയ്ക്ക് ശേഷം ശരിക്കുമൊന്ന് എഴുന്നേല്‍ക്കാന്‍ എല്‍ഐസി ഓഹരികള്‍ക്ക് സാധിച്ചിട്ടില്ല. ഐപിഒ വിലയായ 949 രൂപ വെച്ച് നോക്കുമ്പോള്‍ 15 ശതമാനത്തോളം തിരുത്തല്‍ കമ്പനി ഇപ്പോള്‍ നേരിടുന്നുണ്ട്. ഓഹരി വിപണിയിലെ ചാഞ്ചാട്ടം എല്‍ഐസിയുടെ പതനത്തിന് ഒരു കാരണമാണ്.
ഓഹരി വിപണിയിലെ നേരിയ ചലനങ്ങള്‍ പോലും ഇന്‍ഷുറന്‍സ് ബിസിനസിനെ കാര്യമായി സ്വാധീനിക്കും. ഇന്‍ഷുറന്‍സ് കമ്പനികളുടെ എംബഡഡ് വാല്യുവിനെയാണ് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ പിടിച്ചുലയ്ക്കുന്നത്. എല്‍ഐസിയുടെ വീഴ്ച്ചയ്ക്ക് ഇതൊരു പ്രധാന കാരണമായി അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പ ഭീതിയും സാമ്പത്തിക വളര്‍ച്ചയെ ചൊല്ലിയുള്ള നിക്ഷേപകരുടെ ആകുലതകളും ഹ്രസ്വകാലത്തേക്ക് എല്‍ഐസിയില്‍ നെഗറ്റീവ് വികാരം സൃഷ്ടിക്കുന്നുണ്ട്.
ഈ കോലാഹലങ്ങള്‍ക്കിടെയാണ് മാര്‍ച്ച് പാദത്തിലെ മോശം 'പ്രോഗ്രസ് റിപ്പോര്‍ട്ടുമായുള്ള' കമ്പനിയുടെ കടന്നുവരവ്. ജനുവരി - മാര്‍ച്ച് കാലയളവില്‍ അറ്റാദായത്തില്‍ 17 ശതമാനം കുറവാണ് കമ്പനി രേഖപ്പെടുത്തിയത്. അവസാനപാദം അറ്റലാഭം 2,410 കോടി രൂപയിലേക്ക് ചുരുങ്ങി. മുന്‍വര്‍ഷം ഇതേകാലത്ത് 2,920 രൂപയായിരുന്നു എല്‍ഐസി കയ്യടക്കിയ ലാഭം.
ഇതേസമയം, പ്രീമിയങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 17.9 ശതമാനം വര്‍ധനവ് സംഭവിച്ചിട്ടുണ്ട്. 1.2 ലക്ഷം കോടിയില്‍ നിന്നും 1.4 ലക്ഷം കോടി രൂപയായാണ് അറ്റ പ്രീമിയം വരുമാനം കൂടിയത്.
വാര്‍ഷികാടിസ്ഥാനത്തില്‍ ആദ്യവര്‍ഷ പ്രീമിയങ്ങളില്‍ നിന്നുള്ള വരുമാനം 32.6 ശതമാനവും പുതുക്കല്‍ പ്രീമിയങ്ങളില്‍ നിന്നുള്ള വരുമാനം 5.4 ശതമാനവും വീതം ഉയര്‍ന്ന കാര്യം പ്രത്യേകം എടുത്തുപറയണം. ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തതിന് ശേഷം എല്‍ഐസി പുറത്തുവിടുന്ന ആദ്യത്തെ പാദഫലമാണ് മാര്‍ച്ചിലേത്. നാലാം പാദം നിക്ഷേപങ്ങളില്‍ നിന്ന് 67,800 കോടി രൂപ വരുമാനം കുറിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. 2021 മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വിഭാഗത്തില്‍ വളര്‍ച്ച ഏറെയില്ല.
2022 സാമ്പത്തിക വര്‍ഷത്തെ പൂര്‍ണ ചിത്രത്തില്‍ 4,000 കോടി രൂപയുടെ ലാഭമാണ് എല്‍ഐസി കണ്ടെത്തിയത്. 2021 സാമ്പത്തിക വര്‍ഷമിത് 2,900 കോടി രൂപയായിരുന്നു. എന്തായാലും മാര്‍ച്ച് 31 -ന് അവസാനിച്ച പാദം ഏറ്റവും പുതിയ വാല്യുവേഷന്‍ എല്‍ഐസി അറിയിച്ചിട്ടില്ല. ഇന്ത്യന്‍ എംബഡഡ് വാല്യുവേഷന്‍, പുതിയ ബിസിനസുകളുടെ മൂല്യം, പുതിയ ബിസിനസുകളുടെ മാര്‍ജിന്‍ എന്നിവ പരിശോധിച്ച് വരികയാണെന്നും ജൂണ്‍ 30 -ന് കണക്കുകൂട്ടലുകള്‍ പൂര്‍ത്തിയാകുമെന്നും മാനേജ്‌മെന്റ് സൂചിപ്പിച്ചിട്ടുണ്ട്.
പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്‍പ് 5.4 ലക്ഷം കോടി രൂപയായിരുന്നു എല്‍ഐസിയുടെ എംബഡഡ് വാല്യുവേഷന്‍. മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലത്തിനൊപ്പം ഓഹരിയൊന്നിന് 1.5 രൂപ വീതം ലാഭവിഹിതം നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ എംകേ ഗ്ലോബല്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് എല്‍ഐസി സ്റ്റോക്കില്‍ 'ഹോള്‍ഡ്' റേറ്റിങ്ങാണ് നല്‍കുന്നത്. ടാര്‍ഗറ്റ് വില 875 രൂപ.
'വിപണിയില്‍ ലിസ്റ്റു ചെയ്ത മറ്റു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ വെച്ച് നോക്കുമ്പോള്‍ പ്രൈസ്-ടു-എംബഡഡ് വാല്യു അടിസ്ഥാനപ്പെടുത്തിയുള്ള എല്‍ഐസിയുടെ വാല്യുവേഷന്‍ കുറവാണ്. എല്ലാ വര്‍ഷവും പുതിയ ബിസിനസുകളുടെ വാല്യുവേഷനില്‍ നിന്നും 1.0-1.5 ശതമാനം മാത്രമാണ് എല്‍ഐസി എംബഡഡ് വാല്യുവിലേക്ക് ചേര്‍ക്കുന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ചേര്‍ക്കുന്നതാകട്ടെ 8-11 ശതമാനം വരെയും', എംകേ ഗ്ലോബല്‍ പറയുന്നു.
എന്നാല്‍ എംബഡഡ് വാല്യുവില്‍ മാര്‍ക്കറ്റ് നേട്ടങ്ങള്‍ക്കുള്ള വലിയ പങ്ക് എല്‍ഐസിയിലെ പ്രധാന ആശങ്കയായി എംകേ ഗ്ലോബലും മക്വാറി സെക്യുരിറ്റീസും ഒരുപോലെ സൂചിപ്പിക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications