ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്ന് കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. പലർക്കും എൽഐസി പോളിസിയും ഉണ്ടാകും. ഓഹരി വിപണിയിൽ മികച്ച നേട്ടം സമ്മാനിക്കുന്ന കമ്പനി കൂടിയാണ് എൽഐസി. വെള്ളിയാഴ്ച 6 ശതമാനം നേട്ടമാണ് എൽഐസി ഓഹരി നേടിയത്. എന്താണ് നേട്ടത്തിന്‍റെ കാരണമെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും നോക്കാം.
മികച്ച ലാഭം നൽകുന്ന ഓഹരി
എൻഎസ്ഇയിൽ 1067.85 രൂപ എന്നതാണ് നിലവിൽ എൽഐസിയുടെ ഓഹരി വില. കഴിഞ്ഞ ആഞ്ച് ദിവസത്തിനിടെ 5.73 ശതമാനവും ഒരു മാസത്തിനിടെ 7.26 ശതമാനം വളർച്ചയും എൽഐസി ഓഹരി നേടി. 2024-ൽ ഇതുവരെ 23.65 ശതമാനം നേട്ടമാണ് ഓഹരിക്കുണ്ടായത്. ആറ് മാസത്തിനിടെ 33.37 ശതമാനം മുന്നേറ്റമുണ്ടാക്കാനും എൽഐസിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 78 ശതമാനം നേട്ടമാണ് എൽഐസി വിപണിയിൽ നിന്നും നേടിയത്. 1,175 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 595.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

മുന്നേറ്റത്തിന് കാരണം
ഒരു സ്വകാര്യ ഹെൽത്ത് ഇൻഷുറർ മുഖേന ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്ക് പ്രവേശിക്കാൻ എൽഐസി പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഓഹരിയുടെ കുതിപ്പ്. അഞ്ച് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനികളിലൊന്ന് ഏറ്റെടുക്കാൻ എൽഐസി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ എൽഐസിക്ക് വലിയ സാധ്യതകളുണ്ടെന്ന് മെയ് മാസത്തിൽ എൽഐസി ചെയർമാൻ സിദ്ധാർത്ഥ മൊഹന്തി വ്യക്തമാക്കിയിരുന്നു.
ഒരൊറ്റ പോളിസിക്ക് കീഴിൽ ജീവൻ, ആരോഗ്യം, സമ്പാദ്യം എന്നിവ സംയോജിപ്പിച്ച് സമഗ്രമായ ഇൻഷുറൻസ് ഓപ്ഷനുകൾ നൽകാൻ ഒരു കോമ്പോസിറ്റ് ലൈസൻസ് ഇൻഷുറർമാരെ പ്രാപ്തമാക്കും. ഇത് പ്രീമിയം കുറയ്ക്കാനും പോളിസി ഉടമകൾക്കുള്ള ക്ലെയിം പ്രക്രിയ ലളിതമാക്കാനും സാധ്യതയുണ്ട്. പ്രോപ്പർട്ടി അല്ലെങ്കിൽ തീ പോലെയുള്ള മറ്റ് പൊതു ഇൻഷുറൻസുകളിൽ എൽഐസിക്ക് വൈദഗ്ധ്യം ഇല്ലെങ്കിലും, കോർപ്പറേഷന് അതിൻ്റെ ആരോഗ്യ ഫിക്സഡ് ബെനിഫിറ്റ് ഉൽപ്പന്നങ്ങളിലൂടെ ആരോഗ്യ ഇൻഷുറൻസിൽ പരിചയമുണ്ടെന്ന് മൊഹന്തി വിശദീകരിച്ചു.

എൽഐസി ഓഹരി- നാൾ വഴികൾ
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി 2022 മെയ് മാസത്തിലാണ് ലിസ്റ്റ് ചെയ്തത്. കമ്പനിയിൽ 96.5 ശതമാനം ഓഹരി കൈവശം വെയ്ക്കുന്ന കേന്ദ്ര സർക്കാർ 22.13 കോടിയിലധികം ഓഹരികൾ അഥവാ എൽഐസിയിലെ 3.5 ശതമാനം ഓഹരികളാണ് ഐപിഒ വഴി വിറ്റത്. ഇതുവഴി 21,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ സമാഹരിച്ചത്. 949 രൂപ ഇഷ്യൂ വിലയുണ്ടായിരുന്ന എൽഐസി 8.62 ശതമാനം ഡിസ്ക്കൗണ്ടിലാണ് ലിസ്റ്റ് ചെയ്തത്. അതേദിവസം ഓഹരി 7.75 ശതമാനം ഇടിഞ്ഞ് 875.25 രൂപയിൽ ക്ലോസ് ചെയ്തു. എന്നാൽ പിന്നീട് ഉയർന്നും താഴ്ന്നും ഓഹരി വില 1000 രൂപ കടന്നു.
വാരാന്ത്യത്തിൽ നേട്ടത്തിലവസാനിച്ച് വിപണി
ആഭ്യന്തര സൂചികകൾ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. തുടർച്ചയായി നാലാം ദിവസമാണ് വിപണി പച്ചയിൽ ക്ലോസ് ചെയുന്നത്. സെൻസെക്സ് 181 പോയൻ്റ് അഥവാ 0.2 ശതമാനം ഉയർന്ന് 76,992ലും നിഫ്റ്റി 50 66 പോയൻ്റ് അഥവാ 0.3 ശതമാനം ഉയർന്ന് 23,465ലും എത്തി. ഏകദേശം 2,134 ഓഹരികൾ നേട്ടത്തിലെത്തി. 1,641 ഓഹരികൾ ഇടിഞ്ഞു, 106 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications