ഇപ്പോള്‍ ആഗോള വിപണികളില്‍ നേരിടുന്ന തിരിച്ചടിയെ വളരെ നേരത്തെ തന്നെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കിയവര്‍ ഏറെയാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ സൂചന നല്‍കിയവരില്‍ പ്രമുഖനാണ് രാജ്യാന്തര നിക്ഷേപ സ്ഥാപനമായ ജെഫറീസ് ഗ്രൂപ്പിന്റെ ആഗോള ഇക്വിറ്റി വിഭാഗം തലവന്‍ ക്രിസ്റ്റഫര്‍ വുഡ്. നിലവില്‍ ഇന്ത്യയിലെ പ്രധാന ഓഹരി സൂചികയായ നിഫ്റ്റി 14,500 വരെ താഴാമെന്നും അടുത്തിടെയും അദ്ദേഹം പ്രവചിച്ചിരുന്നു. എന്നാല്‍ വിപണിയിലെ തിരിച്ചടികള്‍ മികച്ച കമ്പനികളില്‍ നിക്ഷേപത്തിനുള്ള അവസരമാണെന്ന് വ്യക്തമാക്കി ഈയിടെ നടത്തിയ രണ്ട് ഇന്ത്യന്‍ ഓഹരികളിലെ നിക്ഷേപത്തിന്റെ വിശദാംശം ക്രിസ് വുഡ് പുറത്തുവിട്ടു.

നിക്ഷേപകര്‍ക്കായുള്ള ഏറ്റവുമൊടുവിലെ 'ഗ്രീഡ് & ഫീയര്‍' എന്ന തലക്കെട്ടോടെയുള്ള ആഴ്ച കുറിപ്പിലാണ് പുതിയതായി രണ്ട് ഇന്ത്യന്‍ കമ്പനികളില്‍ ഓഹരി പങ്കാളിത്തം നേടിയ കാര്യം ക്രിസ് വുഡ് വെളിപ്പെടുത്തിയത്. ഇത് പ്രകാരം റിയാല്‍റ്റി മേഖലയിലുള്ള മാക്രോടെക് ഡെവലപ്പേര്‍സിലും ധനകാര്യ മേഖലയില്‍ നിന്നുള്ള കംപ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ് (BSE: 543232, NSE: CAMS) എന്നീ ഓഹരികളിലുമാണ് നിക്ഷേപം നടത്തിയത്.
അദ്ദേഹത്തിന്റെ ഇന്ത്യ ലോങ് ഒണ്‍ലി ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോയില്‍ മാക്രോടെക് ഡെവലപ്പേര്‍സിന് (BSE: 543287, NSE: LODHA) 4 ശതമാനം വെയിറ്റേജും കംപ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസിന് 3 ശതമാനം വെയിറ്റേജുമാണ് നല്‍കിയിരിക്കുന്നത്.

പോര്‍ട്ട്‌ഫോളിയോ
ക്രിസ് വുഡിന്റെ ദീര്‍ഘകാല പോര്‍ട്ട്‌ഫോളിയോയില്‍ ഇടംപിടിച്ച മറ്റ് ഓഹരികള്‍ താഴെ ചേര്‍ക്കുന്നു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ഐസിഐസിഐ ലൊമ്പാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ഡിഎല്‍എഫ്, സെഞ്ചുറി ടെക്‌സ്റ്റൈല്‍സ്, മാരുതി സുസൂക്കി, എല്‍ & ടി, ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ്, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് എന്നീ ഓഹരികളാണ് കൈവശമുളളത്.
Also Read: അടുത്തയാഴ്ച ഓഹരി വിഭജനം, ബോണസ് ഓഹരി നല്കുന്ന കമ്പനികള് ഇതാ; കൈവശമുണ്ടോ?

ഇതില്‍ ഗോദ്‌റേജ് പ്രോപ്പര്‍ട്ടസില്‍ ഉണ്ടായിരുന്ന 5 ശതമാനത്തില്‍ നിന്നും 3 ശതമാനത്തിലേക്ക് കുറച്ചു. ഇതോടൊപ്പം ടാറ്റ സ്റ്റീല്‍ ഓഹരികളെ ഒഴിവാക്കുകയും ചെയ്തു. ഈ വര്‍ഷം വിപണിയില്‍ നേരിടുന്ന തിരുത്തല്‍, മികച്ച ഓഹരികളെ കണ്ടെത്തി നിക്ഷേപിക്കാനുള്ള അവസരമായി കണക്കാക്കണമെന്ന് ഈ മാസം ആദ്യവാരത്തില്‍ ക്രിസ് വുഡ് നിക്ഷേപകര്‍ക്കായി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യയിലെ ഏറ്റവും മികച്ച ദീര്‍ഘകാല നിക്ഷേപ സങ്കേതമാണ് ഇന്ത്യയെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം അമേരിക്കയില്‍ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയങ്ങളും അതിലെ മാറ്റങ്ങളുമാകും ശ്രദ്ധ കേന്ദ്രമാകുക. ഈ വര്‍ഷം തന്നെ ചിലപ്പോള്‍ അതിന് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം ചൈനയിലെ വിപണിയെ സംബന്ധിച്ച ആശങ്കകള്‍ മാറിയിട്ടില്ലെന്നും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് ചൈനീസ് സമ്പദ്ഘടനയെ തളര്‍ത്തുന്നു എന്നും ക്രിസ് വുഡ് വ്യക്തമാക്കി.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജെഫറീസ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.