ഓഹരി വിപണിയില്‍ തകര്‍ന്നടിഞ്ഞ് നില്‍ക്കുകയാണ് പേടിഎം. ആഗ്രഹിച്ചതുപോലൊരു വമ്പന്‍ അരങ്ങേറ്റം കുറിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യയുടെ 'പോസ്റ്റര്‍ ബോയ്' ആയി അറിയപ്പെടുന്ന വിജയ് ശേഖര്‍ ശര്‍മയുടെ പേടിഎം ഓഹരി വിപണി കണ്ട ഏറ്റവും മോശം ലിസ്റ്റിങ് എന്ന നാണക്കേടും ഇപ്പോള്‍ നേരിടുന്നുണ്ട്.
2,150 രൂപയായിരുന്നു കമ്പനിയുടെ ഇഷ്യു വില. എന്നാല്‍ ആദ്യദിനത്തിലെ വ്യാപാരത്തില്‍ പേടിഎം ഓഹരികള്‍ 1,560 രൂപയില്‍ താവളം കണ്ടെത്തി. ഇടിവ് 28 ശതമാനം. ഇഷ്യു ചെയ്ത വിലയില്‍ നിന്ന് 200 രൂപയോളം താഴ്ന്നായിരുന്നു പേടിഎം കമ്പനിയുടെ ലിസ്റ്റിങ്.
വണ്‍97 കമ്മ്യൂണിക്കേഷന്‍സ് എന്ന ഔദ്യോഗിക നാമത്തിലാണ് കമ്പനി ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്തുന്നത്. ഐപിഓ വില അടിസ്ഥാനപ്പെടുത്തി 20 ബില്യണ്‍ ഡോളര്‍ വാല്യുവേഷന്‍ കണക്കാക്കിയെങ്കിലും ഇപ്പോഴുള്ള വില ആധാരമാക്കുമ്പോള്‍ 14 ബില്യണ്‍ ഡോളറിലേക്ക് പേടിഎം ചുരുങ്ങുകയാണ്. 2019 -ല്‍ 1 ബില്യണ്‍ ഡോളര്‍ സമാഹരിച്ചപ്പോള്‍ 16 ബില്യണ്‍ ഡോളര്‍ വാല്യുവേഷന്‍ കുറിക്കാന്‍ പേടിഎമ്മിന് കഴിഞ്ഞിരുന്നു.
പേടിഎം ഓഹരികള്‍ ഇനിയും തകരുമോ? വിപണിയില്‍ കമ്പനി നിറംമങ്ങി നില്‍ക്കെ നിക്ഷേപകരുടെ ചോദ്യത്തിന് മറുപടിയുമായി രംഗത്തുവരികയാണ് രാജ്യാന്തര ബ്രോക്കറേജായ മക്വാറി കാപ്പിറ്റല്‍ സെക്യുരിറ്റീസ്. പേടിഎം ഓഹരികള്‍ ഇനിയും തകര്‍ച്ച കുറിക്കുമെന്നാണ് ബ്രോക്കറേജിന്റെ നിരീക്ഷണം. 44 ശതമാനം ഇടിവോടെ കമ്പനിയുടെ ഓഹരി വില 1,200 രൂപയിലേക്ക് എത്തുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
'വിവിധ ബിസിനസുകളില്‍ ഒരേസമയം കൈകടത്തുന്നതുകൊണ്ട് ഒരുവിഭാഗത്തിലും മുന്‍പന്തിയിലെത്താന്‍ പേടിഎമ്മിന് സാധിക്കുന്നില്ല. നിലവില്‍ ഡിജിറ്റല്‍ വാലറ്റ് ബിസിനസിലാണ് പേടിഎമ്മിന് മേല്‍ക്കോയ്മ. എന്നാല്‍ ഇന്ത്യയില്‍ യുപിഐ ഇടപാടുകള്‍ക്ക് വന്‍പ്രചാരം ലഭിക്കുന്ന പശ്ചാത്തലത്തില്‍ ഈ സെഗ്മന്റിലും പേടിഎം സാവധാനം അപ്രസക്തമാവുകയാണ്', മക്വാറിയിലെ അനലിസ്റ്റുകളായ സുരേഷ് ഗണപതിയും പരം സുബ്രമണ്യനും തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ ഡിജിറ്റല്‍ വാലറ്റ് ബിസിനസില്‍ പേടിഎമ്മിന് 65 മുതല്‍ 70 ശതമാനം വരെ മാര്‍ക്കറ്റ് വിഹിതമുണ്ട്. കണ്‍സ്യൂമര്‍-ടു-മെര്‍ച്ചന്റ് സെഗ്മന്റില്‍ മൊബൈല്‍ വഴിയുള്ള ഇടപാടുകളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി 40 ശതമാനവും മാര്‍ക്കറ്റ് ഷെയറും കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ പെയ്‌മെന്റ് ബിസിനസില്‍ 'ലോസ് ലീഡര്‍' (നഷ്ടങ്ങളുടെ നേതാവ്) എന്നാണ് പേടിഎമ്മിനെ മക്വാറി റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്.
ഡിജിറ്റല്‍ വാലറ്റ് ശ്രേണിയില്‍ കടുക്കുന്ന മത്സരവും സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങളും മുന്‍നിര്‍ത്തി ഇടക്കാലത്തേക്ക് പേടിഎമ്മിന് വളര്‍ച്ചാ സാധ്യത കുറവാണെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. വായ്പാ ബിസിനസിലേക്ക് കടക്കാത്തിടത്തോളം കാലം ലാഭക്ഷമത കുറഞ്ഞ ഡിസ്ട്രിബ്യൂട്ടര്‍ എന്ന നിലയില്‍ മാത്രമായിരിക്കും പേടിഎമ്മിന്റെ പ്രവര്‍ത്തനമെന്നും മക്വാറി ചൂണ്ടിക്കാട്ടുന്നുണ്ട്.
സങ്കീര്‍ണമായ ഘടന, അനുബന്ധ പാര്‍ട്ടി ഇടപാടുകള്‍, മാനേജ്‌മെന്റിലെ താളപ്പിഴവുകള്‍ എന്നിവയെല്ലാം പേടിഎമ്മിലെ 'റെഡ് ഫ്‌ളാഗുകളായി' ബ്രേക്കറേജ് പരാമര്‍ശിക്കുന്നു. നിലവില്‍ കമ്പനിയുടെ ബോര്‍ഡ് സമിതിയില്‍ 75 ശതമാനം അംഗങ്ങളും ഇന്ത്യയ്ക്ക് പുറത്തുള്ളവരാണ്. ഒന്നിലധികം ബിസിനസുകളില്‍ കൈകടത്തി ഒരു സെഗ്മന്റിലും ലീഡര്‍ഷിപ്പോ ലാഭക്ഷമതയോ കണ്ടെത്താന്‍ പേടിഎമ്മിന് സാധിക്കാത്ത ചരിത്രവും മക്വാറി ആവര്‍ത്തിക്കുന്നു. പണം ചിലവാക്കുന്ന യന്ത്രമായാണ് കമ്പനിയെ ബ്രോക്കറേജ് വിശേഷിപ്പിക്കുന്നത്.
ദീര്‍ഘവീക്ഷണമില്ലാതെ വിവിധ ബിസിനസുകളില്‍ കടക്കുന്നത് കമ്പനിക്ക് വിനയാവുന്നു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 19,000 കോടി രൂപയോളം സമാഹരിച്ചെങ്കിലും ഇതില്‍ 70 ശതമാനവും (13,200 കോടി രൂപ) നഷ്ടം തുടരുന്ന ബിസിനസുകളിലേക്കാണ് കമ്പനി ഫണ്ട് ചെയ്യുക. ബിസിനസ് മോഡലിലെ ഈ അന്തര്‍ലീനമായ പോരായ്മ കാരണമാണ് പേടിഎമ്മിന്റെ വരുമാനം കുറയുന്നതെന്ന് ബ്രോക്കറേജ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ സംവിധാനം അവതരിപ്പിച്ചതോടെയാണ് പേടിഎമ്മിന്റെ ബിസിനസ് താളം തെറ്റാന്‍ തുടങ്ങിയത്. സര്‍ക്കാര്‍ സൗജന്യമായി അവതരിപ്പിക്കുന്ന യുപിഐ സംവിധാനത്തിലേക്ക് പേടിഎമ്മിന്റെ വലിയൊരു ശതമാനം ഉപയോക്താക്കള്‍ ചേക്കേറി. പേടിഎമ്മിന്റെ മൊത്ത വ്യാപാര മൂല്യത്തിന്റെ 65 ശതമാനത്തോളം യുപിഐ വഴിയാണ്. 2026 സാമ്പത്തിക വര്‍ഷത്തോടെ ഇത് 85 ശതമാനം വരെയെത്തുമെന്ന് മക്വാറി പ്രവചിക്കുന്നു. ഈ ചിത്രം പേടിഎമ്മിന്റെ വരുമാനം ഗണ്യമായി കുറയ്ക്കും.
ഉപഭോക്തൃ വായ്പ, കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ് വിതരണം, വെല്‍ത്ത് മാനേജ്‌മെന്റ് തുടങ്ങി നിരവധി ബിസിനസുകളില്‍ പേടിഎം സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും ഒന്നിലും ഇതുവരെ വലിയ വരുമാനോ ലാഭമോ കുറിക്കാന്‍ കഴിഞ്ഞിട്ടില്ല. ചെറുകിട ഫൈനാന്‍സ് ബാങ്ക് ലൈസന്‍സ് കമ്പനി നേടിയിട്ടുണ്ടെങ്കിലും നിലവില്‍ വായ്പാ ബിസിനസിലേക്ക് കടക്കാന്‍ ഇത്തരം ലൈസന്‍സുള്ള കമ്പനികള്‍ക്ക് അനുമതിയില്ല.
കമ്പനിയില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള സ്വാധീനം കണക്കിലെടുത്ത് പേടിഎമ്മിന് ബാങ്കിങ് ലൈസന്‍സ് ലഭിക്കാനുള്ള സാധ്യതയും കുറവാണ്. വാരന്‍ ബഫെറ്റിന്റെ സ്ഥാപനമായ ബെര്‍ക്ക്ഷയര്‍ ഹാത്വേ ഇന്‍കോര്‍പ്പറേഷനും ചൈനയിലെ അതിസമ്പന്നനായ ജാക്ക് മായുടെ ആന്റ് ഗ്രൂപ്പിനും പേടിഎമ്മില്‍ നിക്ഷേപമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications