ആഭ്യന്തര വിപണിയിലെ പുതിയ വ്യാപാര ആഴ്ചയുടെ തുടക്കവും ചെറിയ തിരിച്ചടികളോടെയാണ്. കോവിഡിന്റെ പുതിയ വകഭേദം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ചൈനയിലെ ഷാങ്ഹായില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിതരണ ശൃംഖലയില്‍ നേരിടാവുന്ന പ്രതിസന്ധിയാണ് വിപണിയെ പിന്നോട്ടടിച്ചത്. എന്നാല്‍, ക്രൂഡ് ഓയില്‍ വിലയിലുണ്ടായ തിരുത്തല്‍ വിപണിക്ക് ആശ്വാസം പകര്‍ന്നത്, നിഫ്റ്റിയെ നിര്‍ണായക നിലവാരം തകരാതെ സംരക്ഷിച്ചു. ഇതിനോടൊപ്പം റഷ്യയും ഉക്രൈനും തമ്മില്‍ രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയില്‍ വച്ച് നടക്കുന്ന സമാധാന ചര്‍ച്ചയുടെ ഫലവും വിപണിക്ക് നിര്‍ണായകമാണ്.
അടുത്തിടെ നേരിട്ട തിരിച്ചടിയില്‍ നിന്നും പ്രധാന സൂചികകള്‍ അതിവേഗത്തിലാണ് തിരികെ കയറിയത്. എങ്കിലും വിപണിയിലെ അടിയൊഴുക്കുകള്‍ പൊതു ദുര്‍ബലാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട 500 ഓഹരികളില്‍ 60 ശതമാനവും അവയുടെ 200 ദിവസ മൂവിങ് ആവറേജിന് (ഡിഎംഎ) താഴെയാണ് നില്‍ക്കുന്നത്. ഒരു ഓഹരിയുടെ ദീര്‍ഘകാലയളവിലെ ട്രെന്‍ഡിനെ സൂചിപ്പിക്കുന്നതാണ് 200-ഡിഎംഎ നിലവാരം. അതായത്, ഓഹരി അതിന്റെ 200- ഡിഎംഎ നിലവാരത്തിന് താഴേക്ക് വരികയെന്നാല്‍ ബെയറിഷ് ട്രെന്‍ഡ് ആയിട്ടും മുകളിലാണ് നില്‍ക്കുന്നതെങ്കില്‍ പോസിറ്റീവായുമാണ് പൊതുവില്‍ വിലയിരുത്തുന്നത്. ഒരു വര്‍ഷം വ്യാപാരത്തിന് ലഭിക്കുന്ന കാലയളവും ഏകദേശം 200-ഓളം ദിവസമാണ്.
എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട മുന്‍നിരയിലുള്ള 500 കമ്പനികളെ കോര്‍ത്തിണക്കിയ നിഫ്റ്റി-500 സൂചികയിലെ 300-ഓളം ഓഹരികളും വെള്ളിയാഴ്ചയിലെ വിലയുടെ അടിസ്ഥാനത്തില്‍ അവയുടെ 200- ഡിഎംഎ നിലവാരത്തിനും താഴെയാണ് വ്യാപാരം ചെയ്യപ്പെടുന്നത്. വര്‍ധമാന്‍ ടെക്സ്റ്റൈല്‍സ്, ധാനി സര്‍വീസസ്, ദിലീപ് ബില്‍ഡ്‌കോണ്‍, സോലാര ആക്ടീവ് ഫാര്‍മ, സീക്വന്റ് സയന്റിഫിക്, വൈഭവ് ഗ്ലോബല്‍ തുടങ്ങിയ ഓഹരികളാവട്ടെ അവയുടെ 200- ഡിഎംഎ നിലവാരത്തില്‍ നിന്നും 40 മുതല്‍ 73 ശതമാനം വരെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോഴുള്ളത്.
മാര്‍ച്ച് മാസത്തിലെ ആദ്യ ആഴ്ചയില്‍ നിഫ്റ്റി-50 സൂചികയും നിര്‍ണായകമായ ഈ നിലവാരത്തിന് താഴേക്ക് വീണിരുന്നു. എന്നാല്‍ മെറ്റല്‍, ഐടി, കമ്മോഡിറ്റി വിഭാഗം ഓഹരികളുടെ പിന്തുണയാല്‍ വളരെ വേഗത്തില്‍ തന്നെ കുതിച്ചുയരാന്‍ സാധിച്ചു. എങ്കിലും വിപണിയിലെ പൊതു അവസ്ഥ ഇതുകൊണ്ടും മെച്ചപ്പെട്ടിട്ടില്ലെന്നാണ് ഐഐഎഫ്എല്ലിലെ ശ്രീറാം വേലായുധന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുത്ത ഓഹരികളില്‍ മാത്രമാണ് മുന്നേറ്റം ഉണ്ടായത്. മെറ്റല്‍, ഐടി, എഫ്എംസിജി ഓഹരികള്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ട്. സൂചിക കയറിയെങ്കിലും വിപണിയിലെ പൊതു ആരോഗ്യാവസ്ഥ ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിലും നിഫ്റ്റി-100 സൂചികയിലെ 60 ശതമാനം ഓഹരികളും 200- ഡിഎംഎ നിലവാരത്തിന് താഴെയാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
ഒക്ടോബര്‍ 19-ന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡില്‍ നിന്നും 8 ശതമാനത്തോളം അകലെയാണ് നിഫ്റ്റി നിലവിലുള്ളത്. സമാനമായി എന്‍എസ്ഇ-500 സൂചികയും ഒക്ടോബറിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 9 ശതമാനത്തോളം താഴെയാണ് നില്‍ക്കുന്നത്. റഷ്യ ഉക്രൈനിനെ ആക്രമിച്ച സമയത്ത് നിഫ്റ്റി ഏഴു മാസത്തിനിടെയിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ നടത്തിയ ശക്തമായ മുന്നേറ്റത്തില്‍ 17,000 നിലവാരത്തിലേക്ക് തിരികെയെത്തി. എങ്കിലും വിപണിയിലെ പൊതുസാഹചര്യം അനുകൂലമായിട്ടില്ലെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനോടൊപ്പം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അനുഭവപ്പെടുന്ന വിലക്കയറ്റവും പണപ്പെരുപ്പവും പുതിയ ഭീഷണി സൃഷ്ടിക്കുന്നുമുണ്ട്.
വന്‍ തിരിച്ചടി നേരിടുന്നവ
ഓഹരികളും അവയുടെ വെളളിയാഴ്ചത്തെ ക്ലോസിങ് വിലയും 200-ഡിഎംഎയില്‍ നിന്നുള്ള വ്യത്യാസം ബ്രായ്ക്കറ്റിലും കൊടുക്കുന്നു.
- വര്‍ധമാന്‍ ടെക്സ്റ്റൈല്‍സ്- 543.20 (-73.37%)
- ധാനി സര്‍വീസസ്- 69.90 (-58.70%)
- ദിലീപ് ബില്‍ഡ്‌കോണ്‍- 244.70 (-50.55%)
- സൊലാര ആക്ടീവ് ഫാര്‍മ- 692.10 (-47.06%)
- വൈഭവ് ഗ്ലോബല്‍- 380.40 (-39.97%)
- ലക്‌സ് ഇന്‍ഡസ്ട്രീസ്- 2,248.20 (-36.99%)
- ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്- 4,453.40 (-35.54%)
- സീക്വന്റ് സയന്റിഫിക്- 135.00 (-34.28%)
- സ്‌ട്രൈഡ്‌സ് ഫാര്‍മ സയന്‍സ്- 363.60 (34.26%)
- ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്- 107.20 (-33.85%)
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications