സമീപകാലത്ത് ഓഹരി വിപണിയില്‍ ഏറ്റവുമധികം ആഘാതം വാങ്ങിയ മേഖലകളില്‍ ഒന്നാണ് ഐടി. ആഗോള വിപണികളില്‍ ടെക്ക് ഭീമന്മാര്‍ക്ക് സംഭവിച്ച വന്‍ ഇടര്‍ച്ച ഇന്ത്യയിലെ ടെക്ക് ഓഹരികളിലും ശക്തമായി പ്രതിധ്വനിച്ചു. ഇപ്പോഴാകട്ടെ, റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തില്‍ ഓഹരി വിപണി അസ്ഥിരമാകുമ്പോള്‍ അരങ്ങേറ്റക്കാരായ പുതുതലമുറ ടെക്ക് കമ്പനികള്‍ നിലയില്ലാക്കയത്തില്‍ കയ്യട്ടടിക്കുകയാണ്. ഉയര്‍ന്ന വാല്യുവേഷന്‍ മുറുക്കെപ്പിടിച്ചെത്തിയ സൊമാറ്റോ, പേടിഎം, നൈക്ക പോലുള്ള ഓഹരികള്‍ 'പ്രതാപമൊക്കെ' കൈവെടിഞ്ഞ് താഴെത്തട്ടില്‍ വന്നിരിക്കുന്നു.
എന്നാല്‍ വിപണിയിലെ കോളിളക്കത്തിലും ഒരു ചുക്കും സംഭവിക്കാത്ത മട്ടില്‍ തുടരുന്ന ഒരുപിടി വീരന്മാരും ഐടി സെക്ടറില്‍ കാണാം. ഇക്കൂട്ടത്തില്‍ പ്രധാനിയാണ് സിഇ ഇന്‍ഫോ സിസ്റ്റംസ്. പേര് കേട്ടിട്ട് സംശയമുണ്ടോ? 'മാപ്പ് മൈ ഇന്ത്യ' എന്ന് പറഞ്ഞാലായിരിക്കും ഈ കമ്പനിയെ എളുപ്പം തിരിച്ചറിയാന്‍ കഴിയുക. ഡിജിറ്റല്‍ ഭൂപടസേവനങ്ങള്‍ ലഭ്യമാക്കുന്ന മാപ്പ് മൈ ഇന്ത്യ, ലിസ്റ്റു ചെയ്ത ദിനം തൊട്ട് ഇതുവരെ തലയുയര്‍ത്തി ദൃഢതയോടെയാണ് നില്‍ക്കുന്നത്.
വ്യാഴാഴ്ച്ച 2 ശതമാനം നേട്ടം കുറിക്കാന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചു. കഴിഞ്ഞ അഞ്ച് വ്യാപര ദിനങ്ങള്‍ കൊണ്ട് 7 ശതമാനം ഉയര്‍ച്ചയും സ്റ്റോക്ക് രേഖപ്പെടുന്നുണ്ട്. ഒരുഭാഗത്ത് ടെക്ക് ഓഹരികളുടെ കാല്‍ച്ചുവട്ടിലെ മണ്ണ് കുത്തിയൊലിക്കുമ്പോഴാണ് മാപ്പ് മൈ ഇന്ത്യയുടെ കുതിപ്പ്. വ്യാഴാഴ്ച്ച 1,505 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്.
2021 ഡിസംബറിലായിരുന്നു ഓഹരി വിപണിയിലേക്കുള്ള കമ്പനിയുടെ കടന്നുവരവ്. ഐപിഒ വില 1,033 രൂപയെന്നിരിക്കെ 54 ശതമാനം പ്രീമിയത്തിലാണ് മാപ്പ് മൈ ഇന്ത്യ ഓഹരികള്‍ ബോംബെ, ദേശീയ എക്‌സ്‌ചേഞ്ചുകളില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. അരങ്ങേറ്റ ദിനം ക്ലോസ് ചെയ്തതാകട്ടെ 1,394 രൂപയിലും.
ഇന്ത്യയില്‍ മാപ്പ് മൈ ഇന്ത്യയുടെ പിന്തുണയോടെയാണ് ആപ്പിളിന്റെ ഡിജിറ്റല്‍ മാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വിപണിയിലെ രംഗപ്രവേശത്തിന് പിന്നാലെ 1.12 ബില്യണ്‍ ഡോളര്‍ വാല്യുവേഷന്‍ കമ്പനി അറിയിക്കുന്നുണ്ട്.
ലിസ്റ്റു ചെയ്ത ദിനത്തിലെ ക്ലോസിങ്ങുമായി താരതമ്യം ചെയ്താല്‍ 8 ശതമാനം ഉയര്‍ച്ച മാപ്പ് മൈ ഇന്ത്യ ഓഹരികളില്‍ കാണാം. ഇതേസമയം, ആദ്യദിനത്തിലെ ക്ലോസിങ് അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ, ഇ-കൊമേഴ്‌സ് കോസ്മറ്റിക് കമ്പനിയായ നൈക്ക, ഫിന്‍ടെക്ക് കമ്പനികളായ പേടിഎം, പോളിസിബാസാര്‍ തുടങ്ങിയ പുതുമുഖങ്ങള്‍ 35 മുതല്‍ 50 ശതമാനം വരെ തകര്‍ച്ചയാണ് നേരിടുന്നത്.
2021 ഡിസംബര്‍ പാദം നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭത്തില്‍ 14 ശതമാനം ഇടിവ് മാപ്പ് മൈ ഇന്ത്യ അറിയിക്കുന്നുണ്ട്. 18 കോടി രൂപയാണ് ഈ ഇനത്തില്‍ കമ്പനി കണ്ടെത്തിയത്. ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനവും 11 ശതമാനം ഇടിഞ്ഞ് 43 കോടി രൂപയായി. ഡിസംബര്‍ പാദം തിളക്കം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യയില്‍ ലാഭക്ഷമതയുള്ള ചുരുക്കം ചില ടെക്ക് കമ്പനികളില്‍ ഒന്നാണ് മാപ്പ് മൈ ഇന്ത്യ.
മൂന്നാം പാദം കമ്പനിയുടെ ഇബിഐടിഡിഎയില്‍ വലിയ അനക്കമുണ്ടായില്ല. 35.9 ശതമാനത്തില്‍ത്തന്നെ ഇതു തുടരുന്നു.
വാസ്തവത്തില്‍ വിലയേറിയ വാല്യുവേഷന്‍ മാപ്പ് മൈ ഇന്ത്യയില്‍ നിക്ഷേപകര്‍ ഉറ്റുനോക്കുന്ന ആശങ്കയാണ്. നിലവില്‍ കമ്പനിയുടെ ഓഹരി വിലയും വില്‍പ്പനയും തമ്മിലെ അനുപാതം 50 -ന് മുകളിലാണ്. എന്തായാലും മാര്‍ക്കറ്റിലെ വിവിധ സെഗ്മന്റുകളില്‍ കമ്പനിക്കുള്ള സാന്നിധ്യം സ്റ്റോക്കില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമായി മാറുന്നു.
നിലവില്‍ ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, ഓട്ടോ തുടങ്ങിയ നിരവധി വിഭാഗങ്ങളില്‍ മാപ്പ് മൈ ഇന്ത്യ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. 1995 -ല്‍ സ്ഥാപിതമായ കമ്പനി എതിരാളികളെക്കാള്‍ ഉയര്‍ന്ന അനുഭവസമ്പത്ത് കൈമുതലാക്കുന്നുണ്ട്. കമ്പനിയുടെ ഓര്‍ഡര്‍ ബുക്കും ഇക്കാര്യം പറഞ്ഞുവെയ്ക്കുന്നു. നിലവില്‍ 8,009 കോടി രൂപയാണ് മാപ്പ് മൈ ഇന്ത്യയുടെ വിപണി മൂല്യം.
ജിയോസ്‌പേഷ്യല്‍ ഡാറ്റ ശേഖരണത്തിനും ഉപയോഗത്തിനും ഇളവ് നല്‍കിക്കൊണ്ടുള്ള സമീപകാല നയമാറ്റങ്ങള്‍ മാപ്പ് മൈ ഇന്ത്യയ്ക്ക് വലിയ വളര്‍ച്ചാ സാധ്യതയാണ് കല്‍പ്പിക്കുന്നത്. ഇതേസമയം, ആഭ്യന്തര ഡിജിറ്റല്‍ മാപ്പിങ് രംഗത്ത് രൂപംകൊള്ളുന്ന അതിശക്തമായ മത്സരം പ്രധാന റിസ്‌ക്കായും ചൂണ്ടിക്കാട്ടാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications