ഓഹരി വിപണിയിൽ നിക്ഷേപത്തിന് തയ്യാറെടുക്കുമ്പോൾ ഏറ്റവും വലിയ ആശയക്കുഴപ്പമുണ്ടാവുക ഏത് ഓഹരി വാങ്ങണമെന്ന കാര്യത്തിലാണ്. നിലവിൽ ലാഭത്തിലുള്ള ഓഹരി വേണമെങ്കിൽ നാളെ നഷ്ടത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. ഇപ്പോൾ നഷ്ടത്തിലുള്ള ഓഹരി ഭാവിയിൽ ലാഭത്തിലേക്കും കുതിച്ചുയരാം. അതുകൊണ്ട് കൃത്യമായ പഠനം നടത്തിയതിന് ശേഷം മാത്രമേ നിക്ഷേപത്തിനായി ഓഹരി തിരഞ്ഞെടുക്കാൻ പാടുള്ളു.
രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ ഓഹരിയായ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി) മുന്നോട്ടേക്ക് കുതിക്കുകയാണ്. ഐആർഎഫ്‌സി ഓഹരിയിൽ നിക്ഷേപം നടത്താം എന്നാണ് ബ്രോക്കറേജുകളുടെ ശുപാർശയും. ഐആർഎഫ്‌സി ഹ്രസ്വകാലത്തും ദീർഘകാലാടിസ്ഥാനത്തിലും ഉയരുമെന്നാണ് പ്രതീക്ഷ. ഹ്രസ്വകാലത്തേക്ക്, ഐആർഎഫ്‌സിയുടെ ടാർഗെറ്റ് വില 156 രൂപയും, ദീർഘകാല ടാർഗെറ്റ് വില 220 രൂപയുമാണ്.

മുന്നേറ്റം തുടർന്ന് ഓഹരി
ബുധനാഴ്ചത്തെ 1.12 ശതമാനം നേട്ടത്തോടെ 149.10 രൂപയാണ് ഓഹരിയുടെ നിലവിലെ വില. കഴിഞ്ഞ 5 ദിവസത്തിനിടെ 3.03 ശതമാനം നേട്ടമാണ് ഐആർഎഫ്‌സി ഓഹരി നേടിയത്. ഒരു മാസത്തിനിടെ 2.54 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 112 ശതമാനം ലാഭമാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഐആർഎഫ്‌സി നിക്ഷേപകർക്ക് നൽകിയത്. ഒരു വർഷത്തിനിടെ 385 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരിയായി മാറാനും ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന് സാധിച്ചു.
192.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 27.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. 1,93,021.83 കോടി രൂപയാണ് ഓഹരി മൂല്യം.
വിദഗ്ധരുടെ ശുപാർശ
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഐആർഎഫ്‌സി ഓഹരി വില 156 രൂപയിലേക്കെത്തുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധേറിലെ ടെക്‌നിക്കൽ അനലിസ്റ്റ് ഷിജു കൂത്തുപാലക്കൽ പറയുന്നത്. അതുകൊണ്ടു തന്നെ 156 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാം. അതേ സമയം സ്റ്റോപ്പ് ലോസ് ആയി 144 രൂപ നിലനിർത്താനും അദ്ദേഹം ശുപാർശ ചെയ്യുന്നു.
8 മാസത്തിനുള്ളിൽ 220 രൂപ
അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ ഐആർഎഫ്‌സി ഓഹരികൾ 220 രൂപ കടന്നേക്കുമെന്നാണ് ടെക്‌നിക്കൽ അനലിസ്റ്റ് മനസ് ജയ്‌സ്വാൾ വിലയിരുത്തുന്നത്. ഐആർഎഫ്‌സിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെങ്കിലും, ഓഹരി 160 രൂപയിൽ കൂടിയാൽ മാത്രമേ 200 രൂപയ്ക്ക് മുകളിലെത്താനുള്ള സാധ്യതയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി)
ആഭ്യന്തര, വിദേശ വിപണികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ സമർപ്പിത ധനകാര്യ വിഭാഗമാണ് ഐആർഎഫ്‌സി. ഈ കമ്പനി ആരംഭിച്ചത് 1986-ലാണ്. മിനിരത്‌ന പദവിയുള്ള പൊതുമേഖലാ കമ്പനിയാണിത്. ഐആർഎഫ്‌സിയിൽ സർക്കാരിന് 86.36 ശതമാനവും വിദേശ നിക്ഷേപകർക്ക് 1.14 ശതമാനവും പങ്കാളിത്തമുണ്ട്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് 0.5 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്.
റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ), റെയിൽടെൽ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (കെആർസിഎൽ), പിപാവാവ് റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (പിആർസിഎൽ) തുടങ്ങിയ റെയിൽവേ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്കും ഈ എൻബിഎഫ്‌സി റെയിൽവേ സ്റ്റോക്ക് വായ്പ നൽകുന്നുണ്ട്. 2023-ൽ, ഐആർഎഫ്‌സി ഓഹരികൾ 15% ലാഭവിഹിതം നൽകി. അതായത് ഒരു ഓഹരിക്ക് 1.5 രൂപ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications