ഇന്ന് വിപണിയില്‍ ഫ്‌ലാറ്റ് ക്ലോസിങ്. കഴിഞ്ഞ ദിവസത്തെ ആവേശക്കുതിപ്പിനു തുടര്‍ച്ചയെന്നോണം ബുധനാഴ്ച രാവിലെയും നേട്ടത്തോടെയാണ് വ്യാപാരത്തിന് തുടക്കമിട്ടത്. ഒരു ഘട്ടത്തില്‍ 16,400 നിലവാരത്തിലേക്ക് പ്രധാന സൂചികയായ നിഫ്റ്റി മുന്നേറിയെങ്കിലും ഉച്ചയ്ക്കു യൂറോപ്യന്‍ വിപണികള്‍ ദുര്‍ബലമായി തുടങ്ങിയതും നിക്ഷേപകര്‍ ലാഭമെടുപ്പിനും മുതിര്‍ന്നതോടെ നേട്ടം കൈവിട്ട് നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നു.

സമാനമായി എല്‍ഐസി ഓഹരികള്‍ രണ്ടാം ദിവസം നേട്ടത്തോടെ തുടങ്ങിയെങ്കിലും ഫ്‌ലാറ്റ് ക്ലോസിങ്ങായിരുന്നു. 0.50 രൂപ നഷ്ടത്തോടെ 874.75 രൂപയിലാണ് എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ എല്‍ഐസി ഓഹരികളുടെ ഉയര്‍ന്ന നിലവാരം 891 രൂപയും താഴ്ന്ന നിലവാരം 874.10 രൂപയുമാണ്. അതേസമയം പ്രധാന സൂചികകള്‍ നേരിയ നഷ്ടത്തോടെയാണ് നിര്‍ത്തിയതെങ്കിലും ഹ്രസ്വകാലയളവിലേക്ക് പുള്‍ബാക്ക് റാലി തുടരുമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്. നിലവില്‍ 16,200 നിലവാരത്തില്‍ നിഫ്റ്റി പിന്തുണയാര്‍ജിക്കും എന്നാണ് വിലയിരുത്തല്‍.

ബുധനാഴ്ചത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി-50, 19 പോയിന്റ് നഷ്ടത്തില്‍ 16,240-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 110 പോയിന്റ് താഴ്ന്ന് 54,208-ലുമാണ് ക്ലോസ് ചെയ്തത്. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചികയുടെ ഉയര്‍ന്ന നിലവാരം 16,399-ലും താഴ്ന്ന നിലവാരം 16,211-ലും രേഖപ്പെടുത്തി. അതേസമയം എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 0.22 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 0.39 ശതമാനവും നഷ്ടത്തോടെ ക്ലോസ് ചെയ്തു. സമാനമായി എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി ബാങ്ക് 138 പോയിന്റ് ഇറങ്ങി 34,163-ലുമാണ് വ്യാപാരം നിര്‍ത്തിയത്.

അതേസമയം എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 3 എണ്ണം മാത്രമാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി, ഫാര്‍മ വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലേറെയും ഹെല്‍ത്ത്‌കെയര്‍ വിഭാഗം നേരിയ നേട്ടത്തോടെയും ക്ലോസ് ചെയ്തു. എന്നാല്‍ പിഎസ്‌യു ബാങ്ക്, റിയാല്‍റ്റി വിഭാഗം സൂചികകള്‍ കൂടുതല്‍ തിരിച്ചടി നേരിട്ടു. ഇരു സൂചികകളും 1.5 ശതമാനത്തിലേറെ ഇടിഞ്ഞു.
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,136 ഓഹരികളില്‍ 1,151 എണ്ണവും മുന്നേറി. 920 ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു. ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 1.25 ശതമാനമാണ്. അതേസമയം വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്‌സ് നിരക്കുകള്‍ 2 ശതമാനം ഇടിഞ്ഞ് 22.30-ലേക്ക് താഴ്ന്നു.

നേട്ടം
ബുധനാഴ്ച എന്‍എസ്ഇയില്‍ പൂര്‍ത്തിയാക്കിയ വ്യാപാരത്തില്‍ 22 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. വില്‍ക്കാന്‍ ആരും തയ്യാറാകാത്തതിനാല്‍ 215 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം നിര്‍ത്തിയത്. അതേസമയം നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 29 എണ്ണം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
ഇതില്‍ ടാറ്റ കണ്‍സ്യൂമര്‍ 3.10 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ 2.05 %, അള്‍ട്രാടെക് സിമന്റ് 2.03 %, ശ്രീ സിമന്റ് 2.00 %, അദാനി പോര്‍ട്ട്‌സ് 1.89 %, ഏഷ്യന്‍ പെയിന്റ്‌സ് 1.80 %, ഹിന്‍ഡാല്‍കോ 1.75 %, സിപ്ല 1.71 % വീതവും നേട്ടം കുറിച്ചു.

നഷ്ടം
ഇന്ന് എന്‍എസ്ഇയില്‍ പൂര്‍ത്തിയാക്കിയ വ്യാപാരത്തില്‍ 20 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണു. ആരും വാങ്ങാന്‍ സന്നദ്ധരാകാത്തതിനാല്‍ 39 ഓഹരികള്‍ ബുധനാഴ്ച ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം നിര്‍ത്തിയത്.
അതേസമയം നിഫ്റ്റി-50 സൂചികയിലെ 21 ഓഹരികള്‍ ഇന്ന് നഷ്ടത്തോടെ ക്ലോസ് ചെയ്തു. ഇതില്‍ പവര്‍ ഗ്രിഡ് -4.53 %, ബിപിസിഎല്‍ -3.23 %, ടെക് മഹീന്ദ്ര -2.23 %, എസ്ബിഐ -1.94 %, അപ്പോളോ ഹോസ്പിറ്റല്‍ -1.94 %, ടാറ്റ മോട്ടോര്‍സ് -1.85 %, ഭാരതി എയര്‍ടെല്‍ -1.78 %, ലാര്‍സണ്‍ & ടൂബ്രോ -1.74 % വീതവും നഷ്ടം രേഖപ്പെടുത്തി.
Also Read: വിപണി നീക്കം മുന്‍കൂട്ടി കാണാന്‍ സാമ്പത്തിക സ്ഥിതിവിവര കണക്കുകളെ എങ്ങനെ വ്യാഖ്യാനിക്കണം?