തുടര്‍ച്ചയായ രണ്ടാം ആഴ്ചയും വിപണിയില്‍ നഷ്ടം രേഖപ്പെടുത്തി കടന്നു പോകുകയാണ്. ഫെബ്രുവരി 18-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ കിഴക്കന്‍ യൂറോപ്പിലെ റഷ്യ- ഉക്രൈന്‍ സംഘര്‍ഷവും ക്രൂഡ് ഓയില്‍ വില വര്‍ധനയും പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് പരാമര്‍ശങ്ങളുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ മിനിറ്റ്‌സ് പുറത്തു വന്നതുമൊക്കെ വിപണിയിലെ ചാഞ്ചാട്ടത്തിന് വഴിയൊരുക്കി. ആഴ്ചയുടെ അടിസ്ഥാനത്തില്‍ സെന്‍സെക്‌സ് 320 പോയിന്റും നിഫ്റ്റി 98 പോയിന്റും നഷ്ടപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഈ കടന്നു പോകുന്ന ആഴ്ച വിപണിക്ക് പൊതുവിലും അനുകൂലമായിരുന്നില്ല. ബിഎസ്ഇയിലെ മിഡ് കാപ് സൂചിക 2 ശതമാനവും സ്‌മോള്‍ കാപ് സൂചിക 3.2 ശതമാനവും ഇടിഞ്ഞു. സെക്ടറല്‍ സൂചികകളില്‍ പി.എസ്.യു ബാങ്ക് 4.6 ശതമാനവും മെറ്റല്‍ വിഭാഗം 4 ശതമാനവും റിയാല്‍റ്റി 2.7 ശതമാനവും ഇടിഞ്ഞ് നഷ്ടക്കണക്കില്‍ മുന്നിലെത്തി. അതേസമയം, വിദേശ നിക്ഷേപകര്‍ വില്‍പ്പന ഈയാഴ്ചയും തുടര്‍ന്നു. 12,215 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിവാക്കിയത്. എന്നാല്‍ ആഭ്യന്തര ധനകര്യ സ്ഥാപനങ്ങള്‍ 10,592 കോടിയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയത് വിപണിയെ തകര്‍ച്ചയില്‍ നിന്നും പ്രതിരോധിച്ചു.
അതേസമയം, നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ 'ഇന്‍വേര്‍ട്ടഡ് ഹാമര്‍' പാറ്റേണ്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ബുള്ളിഷ് റിവേഴ്സലിനെയാണ് സൂചിപ്പിക്കുന്നത്. 17,200 നിലവാരം ശക്തമായ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. 17,200 നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം സൂചികയ്ക്ക് തിരികെ വരാനുള്ള സാധ്യതകളുണ്ട്. നിലവില്‍ സൂചിക 17,200-നും 17,500-നും ഇടയിലുള്ള റേഞ്ചിലാണ് തുടരുന്നത്. ഇതില്‍ ഏത് വശമാണോ ഭേദിക്കപ്പെടുന്നത്, ആ വശത്തേക്ക് 300- 400 പോയിന്റ് വരെ നീങ്ങാനുള്ള സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു. അടുത്തയാഴ്ച ട്രേഡിന് പരിഗണിക്കാവുന്ന 2 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
1) വരുണ്‍ ബിവറേജസ്
1990 മുതല്‍ ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോയ്ക്കു വേണ്ടി കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് നിര്‍മിക്കുന്ന പങ്കാളിയാണ് വരുണ്‍ ബിവറേജസ് (BSE: 540180, NSE: VBL). വെള്ളിയാഴ്ച 2.5 ശതമാനത്തോളം ഉയര്‍ന്ന് 953.80 രൂപ നിലവാരത്തിലാണ് വരുണ്‍ ബിവറേജസിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,025 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് സ്വതന്ത്ര വിപണി വിശകലന വിദഗ്ധന്‍ കുനാല്‍ ബോത്ര നിര്‍ദേശിച്ചത്. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 925 രൂപയില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഹരിയുടെ ചാര്‍ട്ടില്‍ 'അസെന്‍ഡിങ് ട്രയാംഗുലര്‍' പാറ്റേണ്‍ സ്പഷ്ടമാണ്. മാത്രവുമല്ല ഓഹരി 950 നിലവാരം ഭേദിക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുന്നുമുണ്ട്. ഇതെല്ലാം ഓഹരി ഒരു ബ്രേക്ക്ഔട്ടിന്റെ വക്കിലാണെന്നതിനെ സൂചിപ്പിക്കുന്നു എന്നും കുനല്‍ ബോത്ര വ്യക്തമാക്കി.
2) എച്ച്ഡിഎഫ്‌സി ബാങ്ക്
രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണ് എച്ച്ഡിഎഫ്‌സി ബാങ്ക് (BSE: 500180, NSE: HDFCBANK). വെള്ളിയാഴ്ച 1,512.35 രൂപ നിരക്കിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 1,600 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് കുനാല്‍ ബോത്ര നിര്‍ദേശിച്ചത്. 1,490 നിലവാരത്തിലാണ് തൊട്ടടുത്ത സപ്പോര്‍ട്ടുള്ളത് എങ്കിലും പൊസിഷണല്‍ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 1,475 രൂപയില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ചു നാളായി നടക്കുന്ന സ്ഥിരതയാര്‍ജിക്കലിനു ശേഷം ഓഹരിയില്‍ ബ്രേക്ക്ഔട്ട് സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കുനാല്‍ ബോത്രയുമായി നടത്തിയ അഭിമുഖത്തെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications