ഫാര്‍മ മേഖലയിലെ സുപ്രധാന സ്റ്റോക്കുകളില്‍ ഒന്നാണ് ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.45 ശതമാനം നേട്ടം കുറിക്കാന്‍ ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് ഓഹരികള്‍ക്ക് സാധിച്ചത് കാണാം. എന്തായിരിക്കാം കമ്പനിയുടെ പുതിയ ഉണര്‍വിന് കാരണമെന്ന് ചിന്തിക്കുന്നുണ്ടോ?
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റിയസ് ഫാര്‍മസ്യൂട്ടിക്കല്‍സുമായി പ്രഖ്യാപിച്ച സഹകരണമാണ് ഡോക്ടര്‍ റെഡ്ഢീസിന്റെ ഓഹരി വില ഉയരാനുള്ള ഇപ്പോഴത്തെ കാരണങ്ങളിലൊന്ന്. പുതിയ ധാരണ പ്രകാരം ഡോക്ടര്‍ റെഡ്ഢീസ് വികസിപ്പിച്ച അര്‍ബുദത്തിനെതിരെയുള്ള മരുന്ന് ഉത്പാദിപ്പിക്കാനുള്ള അവകാശം സിറ്റിയസ് ഫാര്‍മസ്യൂട്ടിക്കല്‍സിന് കമ്പനി വില്‍ക്കും.
സെപ്തംബര്‍ - ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യന്‍ നിര്‍മിത സ്പുട്‌നിക് V വാക്‌സീന്‍ വിപണിയില്‍ എത്തിക്കുമെന്ന പ്രഖ്യാപനവും ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസിന്റെ ഓഹരി വിലയെ സ്വാധീനിക്കുന്നുണ്ട്. മൂന്നാം കോവിഡ് തരംഗ ഭീഷണി ഡോക്ടര്‍ റെഡ്ഢീസിന്റെ കുതിപ്പിന് അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നതെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ പറയുന്നു.
മൂന്നാം തരംഗം ഉഗ്രരൂപം പ്രാപിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സീനുകള്‍ക്കുള്ള ഡിമാന്‍ഡ് കൂടും. ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് പോലുള്ള ഫാര്‍മ കമ്പനികളെ ഈ സാഹചര്യം ആത്യന്തികമായി സഹായിക്കും. ഈ അവസരത്തില്‍ ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് ഓഹരികള്‍ 'ബുള്ളിഷായി' തുടരുമെന്ന് വിപണി വിദഗ്ധര്‍ പറയാനുള്ള കാരണങ്ങള്‍ ചുവടെ കാണാം.
'സെപ്തംബര്‍ - ഒക്ടോബര്‍ മുതല്‍ സ്പുട്‌നിക് വാക്‌സീന്‍ വിപണിയില്‍ എത്തിക്കുമെന്ന് ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് വാക്കുനല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡ് 19 കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണ്. കോവിഡിന്റെ മൂന്നാം തരംഗം ഏതുസമയത്തും കടന്നുവരാം. മൂന്നാം തരംഗം സംഭവിച്ചാല്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സീനുകള്‍ക്ക് ഡിമാന്‍ഡ് കുത്തനെ ഉയരും. ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസായിരിക്കും ഈ സാഹചര്യത്തിന്റെ പ്രധാന ഗുണഭോക്താവാകുക. അര്‍ബുദത്തിനെതിരെ വികസിപ്പിച്ച മരുന്നിന്റെ അവകാശം അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നതും ഹ്രസ്വകാലത്തേക്ക് ഡോക്ടര്‍ റെഡ്ഢീസിന്റെ കുതിപ്പിന് വഴിയൊരുക്കും', ജിഎസിഎല്‍ സെക്യുരിറ്റീസ് വൈസ് ചെയര്‍മാന്‍ രവി സിംഘാള്‍ പറയുന്നു.
ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് ഓഹരികള്‍ 'ബുള്ളിഷായി' തുടരുമെന്നുതന്നെ ഇക്വിറ്റി 99 സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മയും പറയുന്നു. 'ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്‌സ് (എപിഐ), കസ്റ്റം ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വീസസ് (സിപിഎസ്), ജനറിക്‌സ്, ബയോസിമിലറുകള്‍, ഡിഫറന്‍ഷ്യേറ്റഡ് ഫോര്‍മുലേഷനുകള്‍ ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും സേവനങ്ങളും പോര്‍ട്ട്‌ഫോളിയോയില്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ ഫാര്‍മ കമ്പനിയാണ് ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്. ഗ്ലോബല്‍ ജനറിക് സെഗ്മന്റില്‍ നിന്നാണ് കമ്പനി 80 ശതമാനവും വരുമാനം കണ്ടെത്തുന്നത്. ആന്റി-കാന്‍സര്‍ മരുന്നിന്റെ അവകാശം സിറ്റിയസ് ഫാര്‍മയ്ക്ക് വില്‍ക്കാനുള്ള തീരുമാനം ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസിന്റെ കുതിപ്പിന് വഴിതെളിക്കും', രാഹുല്‍ ശര്‍മ അറിയിച്ചു.
എന്തുവിലയില്‍ ഡോക്ടര്‍ റെഡ്ഢീസ് ഓഹരികള്‍ വാങ്ങുന്നതായിരിക്കും ഉചിതം? ഈ ചോദ്യത്തിന് ചോയിസ് ബ്രോക്കിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ ഉത്തരം നല്‍കുന്നുണ്ട്. ഹ്രസ്വകാലത്തേക്ക് നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നവര്‍ ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ ഡോക്ടര്‍ റെഡ്ഢീസ് ഓഹരികള്‍ വാങ്ങാന്‍ ആരംഭിക്കാവുന്നതാണ്. 5,050 രൂപ മുതല്‍ 5,200 രൂപ വരെ ഹ്രസ്വകാലത്തേക്കുള്ള ടാര്‍ഗറ്റ് വിലയും നിക്ഷേപകര്‍ക്ക് നിശ്ചയിക്കാം. ഇതേസമയം 4,800 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാനും വിട്ടുപോകരുത്.
ഷോര്‍ട്ട് മുതല്‍ മീഡിയം ടേം വരെ ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് ഓഹരികള്‍ ഹോള്‍ഡ് ചെയ്യാനാണ് നിക്ഷേപകരോട് ഇക്വിറ്റി 99 സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മയും നിര്‍ദേശിക്കുന്നത്. ഡോക്ടര്‍ റെഡ്ഢീസിന്റെ ഓഹരി വില 5,300 രൂപ വരെയ്ക്കും ഉയരാം. അതുകൊണ്ട് ഇപ്പോഴത്തെ മാര്‍ക്ക് വിലയില്‍ ഡോക്ടര്‍ റെഡ്ഢീസ് ഓഹരികള്‍ വാങ്ങുന്നതില്‍ തെറ്റില്ല. 4,700 രൂപയില്‍ സ്റ്റോപ്പ് ലോസും നിശ്ചയിക്കാം, രാഹുല്‍ ശര്‍മ അറിയിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications