വ്യാഴാഴ്ച്ച നേട്ടത്തില്‍ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 721 പോയിന്റ് കയറി 57,540 നില കയ്യടക്കി (1.27 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 210 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 17,248 എന്ന നിലയിലും തിരശ്ശീലയിട്ടു (1.23 ശതമാനം നേട്ടം).
എന്നാല്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം തലയുയര്‍ത്താന്‍ വിശാല വിപണികള്‍ക്ക് കഴിഞ്ഞില്ല. നിഫ്റ്റി മിഡ്കാപ്പ് 100 സൂചിക 0.5 ശതമാനവും സ്‌മോള്‍കാപ്പ് 100 സൂചിക 0.3 ശതമാനവും മാത്രമാണ് മുന്നേറിയത്. വ്യാഴാഴ്ച്ച എന്‍എസ്ഇയില്‍ 982 ഓഹരികള്‍ നേട്ടം കണ്ടെത്തിയപ്പോള്‍ 933 ഓഹരികള്‍ ഇടിവ് നേരിട്ടു. വ്യാഴാഴ്ച്ച മാര്‍ക്കറ്റിനെ സ്വാധീനിച്ച അഞ്ച് ഘടകങ്ങള്‍ ചുവടെ കാണാം.
ആഗോള വികാരം
വ്യാഴാഴ്ച്ച ഏഷ്യന്‍ വിപണികളെല്ലാം 1 ശതമാനത്തിലധികം ഉയര്‍ച്ചയാണ് അറിയിക്കുന്നത്. ധനനയത്തില്‍ പലിശ നിരക്കുകള്‍ നിലനിര്‍ത്താനുള്ള ബാങ്ക് ഓഫ് ജപ്പാന്റെ തീരുമാനം ഏഷ്യന്‍ വിപണികള്‍ക്ക് മുഴുവന്‍ ഉണര്‍വേകി. ചൈനയിലെ കോവിഡ് സ്ഥിതിഗതികളും റഷ്യ-ഉക്രൈന്‍ സംഘര്‍ഷവും നിക്ഷേപകര്‍ സാകൂതം നിരീക്ഷിക്കുന്നുണ്ട്.
ജപ്പാന്റെ നിക്കെയ് സൂചിക 1.75 ശതമാനം നേട്ടത്തിലാണ് ഇന്നു ക്ലോസ് ചെയ്തത്. ദക്ഷിണ കൊറിയയുടെ കോസ്പി സൂചികയും ഓസ്‌ട്രേലിയയുടെ എഎസ്എക്‌സ് 200 സൂചികയും 1 ശതമാനത്തിലേറെ നേട്ടം കയ്യടക്കി. ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചിക 1.65 ശതമാനം ഉയര്‍ച്ച അറിയിക്കുന്നുണ്ട്. ചൈനയിലെ ഷാങ്ഹായി കോമ്പോസൈറ്റ് സൂചിക മാത്രമാണ് 1 ശതമാനത്തിന് താഴെ ഉയര്‍ന്നത് (0.6 ശതമാനം).
യൂറോപ്പിലും ചിത്രം വ്യത്യസ്തമല്ല. മികച്ച ഫലപ്രഖ്യാപനങ്ങള്‍ അടിസ്ഥാനപ്പെടുത്തി ജര്‍മനിയിലെ ഡാക്‌സ്, ഫ്രാന്‍സിലെ സിഎസി സൂചികകള്‍ 2 ശതമാനം വീതം റാലി കയ്യടക്കി. ബ്രിട്ടണിലെ എഫ്ടിഎസ്ഇ സൂചിക 0.50 ശതമാനത്തിലധികം നേട്ടം കുറിച്ചുകൊണ്ടാണ് വ്യാപാരം തുടരുന്നതും. യൂറോപ്പിലേക്കുള്ള വാതകവിതരണം സംബന്ധിച്ച് റഷ്യ എടുക്കുന്ന അടുത്ത നിലപാടില്‍ ആഗോള നിക്ഷേപകര്‍ ഉറ്റുനോക്കുകയാണ്.
എച്ച്‌യുഎല്‍ ഫലപ്രഖ്യാപനം
രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്താന്‍ യുണിലെവര്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം ഇന്നലെ മാര്‍ക്കറ്റ് സമയത്തിന് ശേഷം പുറത്തുവിട്ടിരുന്നു. പോയപാദത്തിലെ മെച്ചപ്പെട്ട കണക്കുകള്‍ മുന്‍നിര്‍ത്തി ഹിന്ദുസ്താന്‍ യുണിലെവര്‍ ഓഹരികള്‍ വ്യാഴാഴ്ച്ച 4 ശതമാനം ഉയര്‍ന്ന് 2,240 രൂപയിലേക്കെത്തി. നാലാം പാദം കമ്പനിയുടെ അറ്റാദായം 8.6 ശതമാനം വര്‍ധിച്ച് 2,327 കോടി രൂപയാണ് രേഖപ്പെടുത്തുന്നത്; വരുമാനം 11 ശതമാനം കൂടി 13,462 കോടി രൂപയുമായി.
ജനുവരി-മാര്‍ച്ച് കാലത്ത് ഇബിഐടിഡിഎ 9.7 ശതമാനം വര്‍ധിച്ചപ്പോള്‍ മാര്‍ജിന്‍ 30 ബേസിസ് പോയിന്റ് കുറഞ്ഞ് 24.1 ശതമാനമായത് കാണാം. ഉയര്‍ന്ന ചരക്കുവിലകളും ഇന്തോനേഷ്യയുടെ പാമോയില്‍ നിരോധനവും മുന്‍നിര്‍ത്തി വിപണി അനുമാനിച്ച കണക്കുകളോട് ചേര്‍ന്നുനില്‍ക്കാന്‍ ഹിന്ദുസ്താന്‍ യുണിലെവറിന് കഴിഞ്ഞിട്ടുണ്ട്.
റിലയന്‍സിന്റെ സംഭാവന
ഇന്നത്തെ മാര്‍ക്കറ്റ് റാലിയില്‍ റിലയന്‍സിന്റെ സംഭാവന നിര്‍ണായകമായി. വ്യാഴാഴ്ച്ച 2,851 രൂപയെന്ന പുതിയ റെക്കോര്‍ഡ് ഉയരമാണ് സ്‌റ്റോക്ക് കണ്ടെത്തിയത്. ഇതോടെ 250 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം കുറിക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനിയെന്ന പൊന്‍തൂവലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് കരസ്ഥമാക്കി. ഇന്ന് 2,819.85 രൂപയിലാണ് കമ്പനിയുടെ ഓഹരികള്‍ ക്ലോസ് ചെയ്തത് (1.5 ശതമാനം നേട്ടം).
മാര്‍ച്ച് പാദഫലത്തിന് മുന്നോടിയായി റിലയന്‍സ് നടത്തുന്ന റാലിയില്‍ വിപണിക്ക് ആകാംക്ഷയുണ്ട്. ആരോഗ്യകരമായ റിഫൈനറി മാര്‍ജിന്‍ മുന്‍നിര്‍ത്തി ശക്തമായ പാദഫലം റിലയന്‍സ് കാഴ്ച്ചവെക്കുമെന്നാണ് പ്രതീക്ഷ. ടെലികോം, റീടെയില്‍ ബിസിനസുകളും റിലയന്‍സിന് 'ബൂസ്റ്റര്‍ ഡോസ്' നല്‍കും.
എല്ലാ സെക്ടറുകളും പങ്കെടുത്തു
വ്യാഴാഴ്ച്ചത്തെ റാലിയില്‍ എല്ലാ സെക്ടറുകളും പങ്കെടുത്തു. കൂട്ടത്തില്‍ നിഫ്റ്റി എഫ്എംസിജിയാണ് പ്രധാനി. ഹിന്ദുസ്താന്‍ യുണിലെവറിന്റെ നേട്ടം മുന്‍നിര്‍ത്തി എഫ്എംസിജി സൂചിക 2 ശതമാനത്തിലധികം ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്, ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ സൂചികകളിലും 1 ശതമാനത്തിനരികെ നേട്ടം ഓളംതല്ലി. ഓട്ടോ സൂചികയില്‍ 0.3 ശതമാനം ഉയര്‍ച്ചയാണ് കാണപ്പെട്ടത്.
ഇന്ത്യാ വിക്‌സ്
വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യാ വിക്‌സ് സൂചിക 20 -ന് താഴേക്കെത്തി. മാര്‍ക്കറ്റിന്റെ ഉണര്‍വിന് ഇതുമൊരു കാരണമാണ്. വിപണിക്ക് സ്ഥിരത കൈവരണമെങ്കില്‍ 15-18 നിലയിലേക്ക് വിക്‌സ് സൂചിക എത്തണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.


Click it and Unblock the Notifications