ആകാംക്ഷയോടെ കാത്തിരുന്ന 2022 കേന്ദ്ര ബജറ്റിനെ ആവേശ പൂര്‍വം സ്വീകരിച്ച് വിപണികള്‍. അനുകൂല ആഗോള സൂചനകളുടെ പിന്‍ബലത്തില്‍ തുടങ്ങിയ സൂചികകള്‍ ബജറ്റ് അവതരണത്തിനിടെയിലും നേട്ടം തുടര്‍ന്നു. പിന്നാലെ കടുത്ത ചാഞ്ചാട്ടം അനുഭവപ്പെട്ടെങ്കിലും ബജറ്റിനെ അംഗീകരിച്ച മട്ടില്‍ നേട്ടത്തിലേക്ക് അതിവേഗം മടങ്ങിയെത്തി. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 237 പോയിന്റ് നേട്ടത്തില്‍ 17,576-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 848 പോയിന്റ് ഉയര്‍ന്ന് 58,826-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 530 പോയിന്റ് നേട്ടത്തോടെ 38,505-ലും വ്യാപാരം അവസാനിപ്പിച്ചു.

നേട്ടവും കോട്ടവും
ഇന്നലെ വരെ ദുര്‍ബലമായി കാണപ്പെട്ട മെറ്റല്‍ വിഭാഗം ഓഹരികളാണ് ബജറ്റ് ദിനത്തില്‍ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയത്. നിഫ്റ്റിയിലെ മെറ്റല്‍ വിഭാഗം ഓഹരികളുടെ സൂചിക 4.5 ശതമാനത്തോളമാണ് മുന്നേറിയത്. ഫാര്‍മ, എഫ്എംസിജി വിഭാഗം ഓഹരികളും 2 ശതമാനത്തിലേറെ ഉയര്‍ന്നു. പൊതുമേഖലാ ബാങ്കുകള്‍ നിരാശപ്പെടുത്തിയെങ്കിലും സ്വകാര്യ ബാങ്കുകളുടെ മുന്നേറ്റത്തില്‍ ബാങ്ക് നിഫ്റ്റി 1.5 ശതമാനത്തോളം നേട്ടം കരസ്ഥമാക്കി. അതേസമയം, ജനുവരിയിലെ വാഹന വില്‍പ്പനയുടെ കണക്കുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന്് ഓട്ടോ വിഭാഗം സൂചികകളും എനര്‍ജി മേഖലയും നഷ്ടത്തിലേക്ക് വന്നു. അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികയും ഒരു ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി.
ബജറ്റ് പ്രഖ്യാപനം
ബജറ്റ് പ്രധാനമായും ശ്രദ്ധകേന്ദ്രകരിച്ചിരിക്കുന്നത് 7 മേഖലകളിലാണ്. പിഎം ഗതിശക്തി, എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള വികസനം, ഉത്പാദനശേഷി വര്‍ധിപ്പിക്കും, ഉദിച്ചുയരുന്ന പുതിയ അവസര സാധ്യതകള്‍, ഊര്‍ജ മേഖലയിലെ പരിവര്‍ത്തനം, കാലാവസ്ഥാ- പരിസ്ഥിതി മേഖല, നിക്ഷേപത്തിനുള്ള സഹായം എന്നീ മേഖലകളിലൂന്നിയാണ് ഇത്തവണത്തെ ബജറ്റ്. എല്‍ഐസിയുടെ പിന്നാലെ കൂടുതല്‍ സ്വകാര്യവത്‌രണ നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ആദായ നികുതി നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. ഈ വര്‍ഷം തന്നെ ഇ-പാസ്‌പോര്‍ട്ട്, ഡിജിറ്റല്‍ കറന്‍സി, ടെലികോം മേഖലയില്‍ 5-ജി എന്നിവ അവതരിപ്പിക്കുമെന്നും ധനമന്ത്രി ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
നിഫ്റ്റി മൂവ്മെന്റ്
കഴിഞ്ഞ ദിവസത്തേതിന് സമാനമായി 190 പോയിന്റ് നേട്ടത്തോടെയാണ് ബജറ്റ് ദിനത്തില്‍ വ്യാപാരം ആരംഭിച്ചത്. തുടക്കം മുതല്‍ ബജറ്റ് പൂര്‍ത്തിയാകുന്നത് വരെയും സൂചികള്‍ 250-ലേറെ പോയിന്റ് നേട്ടം നിലനിര്‍ത്തി. എന്നാല്‍ ബജറ്റവതരണം കഴിഞ്ഞതും സൂചികകള്‍ പൊടുന്നനെ നിലംപതിച്ചു. സൂചികയിലെ നേട്ടം നെഗറ്റീവായില്ലെങ്കിലും 300-ലേറെ പോയിന്‍് പൊടുന്നനെ നഷ്ടമായത് ആശങ്ക പരത്തി. എന്നാല്‍ അതിവേഗത്തില്‍ തന്നെ സൂചികകള്‍ കരകയറുകയും ചെയ്തു. ഇന്നത്തെ ഉയര്‍ന്ന നിലവാരം 17,622-ലും താഴ്ന്ന നിലവാരം 17,244-ലുമാണ്. തിങ്കളാഴ്ച 17,339-ലായിരുന്നു ക്ലോസ് ചെയ്തത്.
എഡി റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,092 ഓഹരികളില്‍ 1,160 ഓഹരികള്‍ വില വര്‍ധനയും 877 ഓഹരികളില്‍ വിലയിടിവും 55 എണ്ണം വില വ്യതിയാനം ഇല്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ്- ഡിക്ലെയിന്‍ (എഡി) റേഷ്യോ 1.32-ലേക്ക് ഉയര്‍ന്നു. ഇന്നലെ എഡി റേഷ്യോ 1.25 ആയിരുന്നു. അതിനിടെ, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 324 എണ്ണം നേട്ടത്തിലും 174 കമ്പനികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്‌സ് (ഢകത), 10 ശതമാനത്തോളം ഇടിഞ്ഞ് 19.92-ലേക്കെത്തി. വിക്സില്‍ ഇത്രയും വീഴ്ചയുണ്ടായത് വിപണിയിലെ ചാഞ്ചാട്ടത്തിനും ശമനമാകുന്നതിന്റെ സൂചനയാണ്.
പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 35 എണ്ണം നേട്ടത്തില്‍ വ്യാപാരം അവസാനിച്ചു. ടാറ്റ സ്റ്റീല്‍ ഓഹരികള്‍ 7.5 ശതാമനത്തിലേറെ കുതിച്ചു. സണ്‍ ഫാര്‍മ 7 ശതാമനത്തോളവും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 6 ശതമാനത്തോളവും ശ്രീ സിമന്റ്‌സ് 5 ശതമാനത്തോളവും മുന്നേറി. ഹിന്‍ഡാല്‍കോ, എല്‍ & ടി, അള്‍ട്രാടെക് സിമന്റ്, ജെഎസ്ഡബ്‌ള്യൂ സ്റ്റീല്‍ എന്നീ ഓഹരികളും 4 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 15 എണ്ണം മാത്രമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. പൊതുമേഖല സ്ഥാപനമായ ബിപിസിഎല്‍ 4 ശതമാനത്തിലേറെ ഇടിഞ്ഞു. ഐഒസി, ടാറ്റ മോട്ടോര്‍സ്, എം & എം, എസ്ബിഐ ലൈഫ് എന്നിവയും ഒന്നര ശതമാനത്തിലേറെ നഷ്ടത്തില്‍ അവസാനിച്ചു.


Click it and Unblock the Notifications