തുടര്‍ച്ചയായ മൂന്ന് ആഴ്ച മുന്നേറിയ വിപണി, വീണ്ടും നഷ്ടത്തിന്റെ പാതയിലേക്കെത്തി. ജൂണ്‍ 10-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ 2.5 ശതമാനം നഷ്ടം രേഖപ്പെടുത്തിക്കൊണ്ടാണ് പ്രധാന സൂചികകള്‍ കടന്നു പോയത്. നിഫ്റ്റിയില്‍ 382-ഉം സെന്‍സെക്സില്‍ 1,466 പോയിന്റും ഇടിഞ്ഞു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ വര്‍ധന വരുത്തിയിട്ടും പിടിച്ചു നിന്ന സൂചികകള്‍ ആഗോള ഘടകങ്ങളുടെ പ്രതികൂല സ്വാധീനത്താലാണ് നിര്‍ണായക സപ്പോര്‍ട്ട് മേഖലകള്‍ തകര്‍ത്തുകൊണ്ട് താഴേക്ക് വീണത്. ഇതിനോടൊപ്പം വിദേശ നിക്ഷേപകരുടെ വില്പനയും ആഭ്യന്തര വിപണിയെ പിന്നോട്ടടിച്ചു. ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
പണപ്പെരുപ്പ നിരക്ക്
ഉപഭോക്തൃ സൂചികയെ (CPI) അടിസ്ഥാനമാക്കിയുള്ള മേസ് മാസത്തിലെ പണപ്പെരുപ്പ നിരക്ക് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. 7.1- 7.3 ശതമാനത്തിനിടയില്‍ സിപിഐ പണപ്പെരുപ്പ നിരക്ക് വരുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഇത് ഓഹരി വിപണിക്കും കടപ്പത്ര വിപണിക്കും ഇത് നിര്‍ണായകമാണ്. അതേസമയം ഏപ്രില്‍ മാസത്തെ പണപ്പെരുപ്പം 2014 മേയ് മാസത്തിനു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉയര്‍ന്ന നിരക്കിലായിരുന്നു. 7.79 ശതമാനം. ഇനി ഓഗസ്റ്റില്‍ ചേരുന്ന റിസര്‍വ് ബാങ്കിന്റെ പണനയ യോഗത്തിലും ജൂണില്‍ പ്രസിദ്ധീകരിക്കുന്ന പണപ്പെരുപ്പ നിരക്ക് സ്വാധീനിക്കും. മൊത്തവില സൂചികയെ (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ചൊവ്വാഴ്ച പുറത്തുവിടും.
എഫ്ഒഎംസി യോഗം
പലിശ നിരക്കുകള്‍ നിര്‍ണയിക്കുന്നതിന് അമേരിക്കന്‍ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ എഫ്ഒഎംസി സമിതി യോഗം ചേരുന്നുണ്ട്. രണ്ടു ദിവസത്തെ യോഗത്തിനു ശേഷം 15-ന് തീരുമാനം പുറത്തുവിടും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് 41 വര്‍ഷത്തെ ഉയര്‍ന്ന നിലാവരത്തിലേക്ക് എത്തിയിരുന്നു. 8.6 ശതമാനം. ഇത് പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നിരക്കാണ്. അതിനാല്‍ തന്നെ കുറഞ്ഞത് 50 അടിസ്ഥാന പോയിന്റ് അഥവാ 0.50 ശതമാനമെങ്കിലും പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നാണ് വിപണിയുടെ വിലയിരുത്തല്‍.
എഫ്ഒഎംസി യോഗത്തിന്റെ തീരുമാനം ഡോളര്‍ സൂചികയേയും ബോണ്ട് ആദായത്തേയും നേരിട്ട് സ്വാധീനിക്കുന്നതാണ്. ഈ രണ്ട് വിഭാഗത്തിലും നിരക്കുകള്‍ ഉയരുന്നത് വികസ്വര വിപണികളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
ക്രൂഡ് ഓയില്‍
കഴിഞ്ഞയാഴ്ചയും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 120 യുഎസ് ഡോളറിന് മുകളിലാണ് തുടരുന്നത്. വെള്ളിയാഴ്ച ബ്രെന്‍ഡ് ക്രൂഡ് ഫ്യൂച്ചര്‍ കോണ്ട്രാക്ടുകള് 122.01 ഡോളറിലാണ് ക്ലോസ് ചെയ്തത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നത് ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാണ്.
സാമ്പത്തിക ഘടകം
ചൈനയില്‍ നിന്നും യൂറോപ്യന്‍ മേഖലയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പുറത്തുവരാനുണ്ട്. ബുധനാഴ്ച ഇരു മേഖലകളുടേയും വ്യാവസായിക ഉത്പാദന നിരക്ക് (IIP) പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ നിരക്കുകള്‍ പ്രതീക്ഷിക്കുന്നതിലും താഴെയായാല്‍ ആഗോള സാമ്പത്തിക രംഗം മാന്ദ്യത്തിലേക്കാണോ എന്ന സംശയങ്ങളും നിരൂപണങ്ങളും ബലപ്പെടും.
രൂപ V/s ഡോളര്‍
അമേരിക്കന്‍ കറന്‍സിയായ ഡോളറിനെതിരേ ഇക്കഴിഞ്ഞയാഴ്ചയിലും രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞി. പുതിയ റെക്കോഡ് താഴ്ന്ന നിലവാരമായ 77.87 രേഖപ്പെടുത്തി. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില, വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്പന, യുഎസ് ബോണ്ടുകളിലെ ആദായ നിരക്ക് ഉയരുന്നത്, പണപ്പെരുപ്പം, ഉക്രൈന് യുദ്ധവുമൊക്കെ രൂപയുടെ വിനിമയ നിരക്കിനെ പ്രതികൂലമായി സ്വാധീനിക്കുന്നു. സമീപ കാലയളവില്‍ രൂപയുടെ മൂല്യം 78.20- 78.50 നിലവാരത്തിലേക്ക് താഴാമെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.
വിദേശ നിക്ഷേപകര്‍
വികസ്വര വിപണികളില്‍ നിന്നും വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്കിന് അറുതിയായിട്ടില്ല. ആഗോള പണപ്പെരുപ്പവും ഉക്രൈന് യുദ്ധവും പോലെ നിരവധി ഘടകങ്ങള്‍ വിദേശേ നിക്ഷേപകരുടെ വില്പനയ്ക്ക് കാരണമാകുന്നുണ്ട്. ഇക്കഴിഞ്ഞയാഴ്ചയില്‍ വിദേശ നിക്ഷേപകര്‍ 12,662 കോടിയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു. അതേസമയം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ കാര്യമായ തോതില്‍ വാങ്ങുന്നത് വിപണിക്ക് താങ്ങാവുന്നുണ്ട്.
കോവിഡ് നിരക്ക്
ഏതാനും ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗനിരക്ക് ഉയരുന്നത് ചെറിയ തോതില്‍ ആശങ്കയുണര്‍ത്തുന്നു. ഇനിയും വന്‍തോതില്‍ കോവിഡ് നിരക്ക് ഉയര്‍ന്നാല്‍ വിദേശേ നിക്ഷേപകരുടെ വില്പനയുടെ തീവ്രത വര്‍ധിക്കാന്‍ ഇടയാക്കിയേക്കും.
ടെക്നിക്കല്‍ കാഴ്ചപ്പാട്
നിഫ്റ്റി സൂചികയുടെ നിര്‍ണായകമായ 16,400- 16,250 സപ്പോര്‍ട്ട് മേഖലകള്‍ വെള്ളിയാഴ്ച ഒറ്റദിവസത്തില്‍ തന്നെ തകർക്കപ്പെട്ടതോടെ ദിവസ, ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ബെയറിഷ് പാറ്റേണ്‍ രൂപപ്പെട്ടു. വിപണിയിലെ പൊതുസാഹചര്യവും ദുര്‍ബലാവസ്ഥയിലേക്ക് വഴുതിമാറി. ഇനി തൊട്ടടുത്തുള്ള സപ്പോര്‍ട്ട് മേഖല 16,000- 15,900 നിലവാരങ്ങളിലാണ്. ഇതും തകര്‍ക്കപ്പെട്ടാല്‍ മേയ് മാസത്തിലെ താഴ്ന്ന നിലവാരങ്ങളിലേക്ക് സൂചിക നീങ്ങും. നിഫ്റ്റി സൂചിക 15,900 നിലവാരത്തിന് മുകളില്‍ നില്ക്കുന്നിടത്തോളം വീണ്ടും 16,800 വരെ മുന്നേറാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
