തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയിലും പ്രധാന സൂചികകള്‍ നഷ്ടം രേഖപ്പെടുത്തിയാണ് കടന്നു പോയത്. നേട്ടത്തിലാണ് തുടങ്ങിയതെങ്കിലും വ്യാപാരം പുരോഗമിക്കവേ നഷ്ടത്തിലേക്ക് വഴിമാറുന്നതിനാണ് സാക്ഷ്യം വഹിച്ചത്. സെന്‍സെക്‌സ് 2.72 ശതമാനം അഥവാ 1,524 പോയിന്റും നിഫ്റ്റിയില്‍ 2.47 ശതമാനം അഥവാ 413 പോയിന്റുമാണ് നഷ്ടമായത്. കിഴക്കന്‍ യൂറോപ്പിലെ റഷ്യ- ഉക്രൈന്‍ യുദ്ധം മൂര്‍ച്ഛിക്കുന്നതും ക്രൂഡ് ഓയില്‍ വില പതിറ്റാണ്ടിനിടെയിലെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തിയതും വിലക്കയറ്റം സംബന്ധിച്ച ആശങ്കകഴളുമാണ് വിപണിയെ പിന്നോട്ടടിച്ചത്.
സമാനമായി ബിഎസ്ഇ മിഡ് കാപ് സൂചിക 2.3 ശതമാനവും ലാര്‍ജ് കാപ് സൂചിക 2 ശതമാനവും താഴ്ന്നു. ഓഹരി വിഭാഗം സൂചികകളില്‍ ഓട്ടോ 9 ശതമാനവും ബാങ്ക് 5.5 ശതമാനവും ടെലികോം, റിയാല്‍റ്റി 4 ശതമാനം വീതവും തിരിച്ചടി നേരിട്ടു. എന്നാല്‍ മെറ്റല്‍ സൂചിക 8 ശതമാനവും ഓയില്‍ & ഗ്യാസ് സൂചിക 5 ശതമാനവും മുന്നേറി. അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍ സമീപകാല ഉയര്‍ന്ന നിലവാരത്തിലേക്കെത്തി. 28 ശതമാനത്തില്‍ തുടരുന്ന വിക്‌സ് വിപണിയില്‍ പൊതുവായി നിലനില്‍ക്കുന്ന ദുര്‍ബലാവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു.
ഫെബ്രുവരി 24-ന് റഷ്യ യുദ്ധ പ്രഖ്യാപനം നടത്തിയതിനു ശേഷം മാത്രം സെന്‍സെക്‌സിന് 3000-ലേറെ പോയിന്റ് നഷ്ടമായി. ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് സൈനികരെ അയച്ച് റഷ്യ യുദ്ധത്തിനുള്ള മുന്നൊരുക്കം നടത്തിയ ഫെബ്രുവരി 16-ന് ശേഷം 15 ലക്ഷം കോടി രൂപയാണ് നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ ഇടിവുണ്ടായിരിക്കുന്നത്. ഇത് ഉക്രൈന്‍ ജിഡിപിയേക്കാല്‍ വലിയ തുകയാണെന്നതും ശ്രദ്ധേയം. അതേസമയം, ഡോളറിനെതിരേ രൂപയും ഭീഷണി നേരിടുന്നു. കഴിഞ്ഞയാഴ്ച രൂപ 87 പൈസ താഴന്ന് 76.16-ലേക്ക് രൂപയുടെ ഡോളറിനെതിരായ വിനിമ നിരക്കെത്തി. ഇത് മൂന്ന് മാസത്തെ താഴ്ന്ന നിലവാരമാണ്.
ശ്രദ്ധേയ ഘടകങ്ങള്‍
സമീപ ഭാവിയിലും വിപണിയെ ഉടനടി സ്വാധീനിക്കുന്ന ഘടകം റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തിലെ ഗതിവിഗതികളാവും. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വിലക്കയറ്റ ഭീഷണിയും ശക്തമാണ്. അതിനാല്‍ ആഗോള സമ്പദ് ശക്തികളായ അമേരിക്കയുടേയും ചൈനയുടേയും ഇനി വരുന്ന പണപ്പെരുപ്പ നിരക്കുകള്‍ വിപണി സാകൂതം വീക്ഷിക്കും. ഇത് അടുത്തയാഴ്ച ചേരുന്ന യുഎഡ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം സ്വരൂപീക്കാന്‍ ഇടയാക്കുന്ന ഘടകമാണ്. അതേസമയം, ഈയാഴ്ച പുറത്തു വരുന്ന 5 നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം ആഭ്യന്തര വിപണിക്ക് നിര്‍ണായകമാണ്.
ഇനിയെന്ത് ?
സമീപകാലത്തെ നിര്‍ണായക സപ്പോര്‍ട്ട് മേഖലയായിരുന്ന 16,400 നിലവാരം കഴിഞ്ഞയാഴ്ച തകര്‍ന്നിരുന്നു. ഇനി പ്രധാന സപ്പോര്‍ട്ട് മേഖല 16,130-ലാണ്. വെള്ളിയാഴ്ചത്തെ താഴ്ന്ന നിലവാരമാണിത്. ഇവിടെയു തകര്‍ന്നാല്‍ 15,850 നിലവാരത്തില്‍ പിന്തുണ പ്രതീക്ഷിക്കാം. ഈയാഴ്ചയും സാധാരണയേക്കാള്‍ വലുതായ റേഞ്ചിലാവും സൂചികകള്‍ വ്യാപാരം ചെയ്യപ്പെടാന്‍ സാധ്യത. എങ്കിലും നിഫ്റ്റിയില്‍ 16,100-15,800 നിലവാരത്തില്‍ നിന്നും ഒരു ടെക്‌നിക്കല്‍ പുള്‍ബാക്കിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ എങ്കില്‍ അടുത്തിടെ ഏറ്റവും തിരിച്ചടി നേരിട്ട ഓട്ടോ, ബാങ്ക്, ഫാര്‍മ വിഭാഗം ഓഹരികളില്‍ മുന്നേറ്റം ഉണ്ടാകാം. അതേസമയം പിഎസ്ഇ, ഓയില്‍ & ഗ്യാസ് വിഭാഗങ്ങളിലെ ഉണര്‍വ് തുടര്‍ന്നേക്കും. നിലവില്‍ 16,400- 16,500 നിലവാരത്തിലാവും നിഫ്റ്റിയുടെ തൊട്ടടുത്ത റെസിസ്റ്റന്‍സ് മേഖല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications