വിപണിയെ ഇളക്കി മറിക്കുന്ന ലയന പ്രഖ്യാപനവുമായി എച്ച്ഡിഎഫ്‌സി ഗ്രൂപ്പ് കമ്പനികള്‍ രംഗത്തെത്തി. സ്വകാര്യ മേഖലയിലെ വമ്പന്‍ ധനകാര്യ സ്ഥാപനങ്ങളായ എച്ച്ഡിഎഫ്‌സിയും എച്ച്ഡിഎഫ്‌സി ബാങ്കും തമ്മില്‍ ലയിക്കുമെന്നാണ് തിങ്കളാഴ്ച രാവിലെ അറിയിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എച്ച്ഡിഎഫ്‌സിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം വന്നത്. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കും ഭവന വായ്പ ദാതാവും തമ്മില്‍ ഒത്തുചേര്‍ന്ന് ഭീമന്‍ ധനകാര്യ സ്ഥാപനമാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത് വിപണിയേയും ഉത്സവ ലഹരിയിലാഴ്ത്തി.
2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ട് അല്ലെങ്കില്‍ മൂന്നാം പാദത്തോടെ ലയനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എച്ച്ഡിഎഫ്‌സിയുടെ (BSE: 500010, NSE: HDFC) 25 ഓഹരികള്‍ കൈവശമുളളവര്‍ക്ക് 42 എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികള്‍ ലഭിക്കും. ഇതോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ (BSE: 500180, NSE: HDFCBANK) ഉപഭോക്തൃ നിരയും വിപുലമാകുകയാണ്. ഭവന വായ്പ മേഖലയില്‍ ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നതിനും ബാങ്കിനെ പ്രപ്തമാക്കും. ഈ ലയനം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കമ്പനിയായും എച്ച്ഡിഎഫ്‌സി ബാങ്ക് മാറും. ഓഹരിയുടെ വിപണി മൂല്യം 12 ലക്ഷം കോടി കവിയും.
പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും 2 ശതമാനത്തിലേറെ ഉയര്‍ന്നു. നിഫ്റ്റി അതിവേഗത്തില്‍ നിര്‍ണായക പ്രതിരോധ മേഖലയായ 18,000 നിലവാരവും മറികടന്ന് മുന്നേറുകയാണ്. സെന്‍സെക്‌സ് 60,000 നിലവാരവും പിന്നിട്ട് കുതിക്കുകയാണ്. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് 4 ശതാമനത്തോളമാണ് കുതിച്ചു ചാടിയത്. നിലവില്‍ 38,500-നും മുകളിലാണ് ബാങ്കിംഗ് സൂചിക വ്യാപാരം ചെയ്യപ്പെടുന്നത്. അതേസമയം എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളും 10 ശതമാനത്തിലേറെ വില വര്‍ധിച്ചു. എച്ച്ഡിഎഫ്‌സി 2,800 നിലവാരത്തിലും എച്ച്ഡിഎഫ്‌സി ബാങ്ക് 1,700 രൂപ നിലവാരത്തിലുമാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ധനകാര്യ സേവന ദാതാവാണ് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്. ഹൗസിങ്ങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഒരു ഉപസ്ഥാപനമായി 1994-ല്‍ മുംബൈ ആസ്ഥാനമായാണ് ആരംഭം. കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കും ആഗോള തലത്തില്‍ പത്താമതും നില്‍ക്കുന്നു. വിപണി മൂലധനം കണക്കാക്കിയാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണിത്. നിലവില്‍ 8.5 ലക്ഷം കോടി രൂപയിലേറെയാണ് വിപണി മൂലധനം. 3,000-ത്തോളം നഗരങ്ങളിലായി 6,000-ത്തോളം ശാഖകളുണ്ട്.
എച്ച്ഡിഎഫ്സി
മുംബൈ ആസ്ഥാനമായി 1977 മുതല്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ ഭവന വായ്പാ സേവന ദാതാവാണ് എച്ച്ഡിഎഫ്സി അഥവാ ഹൗസിംഗ് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്. ബാങ്കിംഗ്, ലൈഫ് ഇന്‍ഷുറന്‍സ്, അസറ്റ് മാനേജ്മെന്റ്, വെഞ്ചര്‍ കാപ്പിറ്റല്‍, റിയാല്‍റ്റി, വിദ്യാഭ്യാസം, നിക്ഷേപം, വിദ്യാഭ്യാസ ലോണുകള്‍ ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ കമ്പനിക്ക് ശക്തമായ ബിസിനസ് പ്രാതിനിധ്യമുണ്ട്. ഒരു മേഖല കേന്ദ്രീകരിച്ച് വായ്പ നല്‍കുന്ന രീതിയില്‍ ഇന്ത്യയിലെ ആദ്യത്തെ സേവനദാതാവാണ് എച്ചഡിഎഫ്സി. സ്വന്തമായി വീടില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമേകുന്നതിനായാണ് കമ്പനി വിഭാവനം ചെയ്തത്. എച്ച്ഡിഎഫ്സിയുടെ ആദ്യ സംരംഭകര്‍ ഐസിഐസിഐ (ഇന്‍ഡസ്ട്രിയല്‍ ക്രെഡിറ്റ് ആന്‍ഡ ഇന്‍വസ്റ്റ്മെന്റ് കോര്‍പ്പറേസഷന്‍ ഓഫ് ഇന്ത്യ) ആയിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications